നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • യൂറോപ്പിലെ രാജാക്കന്മാരായ ചെല്‍സിക്ക് പിന്നിലെ മലയാളിത്തിളക്കം

  യൂറോപ്പിലെ രാജാക്കന്മാരായ ചെല്‍സിക്ക് പിന്നിലെ മലയാളിത്തിളക്കം

  ചെല്‍സി യൂറോപ്പിലെ രാജാക്കന്മാര്‍ ആയപ്പോള്‍ ആരും ശ്രദ്ധിക്കാതെ പോയ ഒരു മലയാളി സാന്നിധ്യവും ടീമിന് പിന്നിലുണ്ടായിരുന്നു

  Image Twitter

  Image Twitter

  • Share this:
   യൂറോപ്യന്‍ ഫുട്ബോളിലെ ക്ലബ്ബ് രാജാക്കന്‍മാര്‍ എന്ന പദവി ഈ സീസണില്‍ ഇംഗ്ലീഷ് പ്രമുഖര്‍ ചെല്‍സി സ്വന്തമാക്കിയിരിക്കുകയാണ്. ആവേശകരമായ യുവേഫാ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിന് പ്രീമിയര്‍ ലീഗ് ജേതാക്കളായ മാഞ്ച്സറ്റര്‍ സിറ്റിയെ പരാജയപ്പെടുത്തിയാണ് ചെല്‍സി നേട്ടം സ്വന്തമാക്കിയത്. 43ആം മിനിറ്റില്‍ കായ് ഹാവെര്‍ട്‌സാണ് ചെല്‍സിയുടെ വിജയ ഗോള്‍ നേടിയത്. ചാമ്ബ്യന്‍സ് ലീഗില്‍ താരത്തിന്റെ ആദ്യ ഗോളാണിത്. ചെല്‍സിയുടെ രണ്ടാം ചാമ്പ്യന്‍സ് ലീഗ് കിരീടമാണിത്. മുമ്പ് രണ്ടുവട്ടം ഫൈനല്‍ കളിച്ച ചെല്‍സി 2012ല്‍ ജേതാക്കളായിരുന്നു. എന്നാല്‍ 2008ല്‍ തോല്‍വിയായിരുന്നു ഫലം.

   അങ്ങനെ ചെല്‍സി യൂറോപ്പിലെ രാജാക്കന്മാര്‍ ആയപ്പോള്‍ ആരും ശ്രദ്ധിക്കാതെ പോയ ഒരു മലയാളി സാന്നിധ്യവും ടീമിന് പിന്നിലുണ്ടായിരുന്നു. ചെല്‍സി താരങ്ങള്‍ക്ക് യോഗ പരിശീലിപ്പിക്കുന്ന മലയാളിയായ വിനയ് മേനോന്‍ ആണ് ചെല്‍സിയുടെ വിജയത്തിന് പിന്നിലെ ആ മലയാളി സാന്നിധ്യം. എറണാകുളം ജില്ലയിലെ ചെറായി സ്വദേശിയാണ് വിനയ് മേനോന്‍. 2009 മുതല്‍ ചെല്‍സി ടീമിന്റെ വെല്‍നസ്സ് കണ്‍സല്‍ട്ടന്റ് ആണ് വിനയ് മേനോന്‍.   Also Read-ധോണിയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് ആരാധകന്‍റെ ചോദ്യം; രണ്ടുവാക്കിൽ വിവരിച്ച് വിരാട് കോഹ്ലി

   ദുബായില്‍ ജമൈറ ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന സമയത്താണ് ദുബായിലെ ക്ലൈന്റ് വിനയ് മേനോനെ ലണ്ടനിലേക്ക് ക്ഷണിക്കുന്നത്. തന്റെ ശ്വസനക്രിയയും റിലാക്‌സേഷന്‍ ടെക്‌നിക്കുമെല്ലാം ക്ലൈന്റിന്റെ ലണ്ടനിലുള്ള മകളെയും മരുമകനെയും കൂടി പഠിപ്പിക്കാന്‍ വേണ്ടി വിനയ് സഹപ്രവര്‍ത്തകരെയും കൂട്ടി ലണ്ടനില്‍ എത്തി. അവിടെയെത്തിയ ശേഷമാണ് തന്റെ ദുബായിലെ ക്ലൈന്റിന്റെ ഭര്‍ത്താവ് ആരാണെന്ന കാര്യം വിനയ് അറിയുന്നത്. ലണ്ടനിലെത്തി ചെല്‍സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡജ് സന്ദര്‍ശിച്ചപ്പോഴാണ് അവിടുത്തെ വലിയ വീഡിയോ സ്‌ക്രീനില്‍ വിനയ് തന്റെ ക്ലൈന്റിന്റെ ഭര്‍ത്താവിനെ മനസിലാക്കിയത്. റഷ്യന്‍ കോടീശ്വരനും ചെല്‍സിയുടെ ഉടമയുമായ റോമന്‍ അബ്രഹ്‌മോവിച്ചായിരുന്നു അത്.

   Also Read-24 വര്‍ഷത്തെ ക്രിക്കറ്റ് കരിയറില്‍ രണ്ട് കാര്യങ്ങളില്‍ നിരാശ; വെളിപ്പെടുത്തലുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍

   റോമന്‍ അബ്രമോവിച്ചിന്റെ പേര്‍സണല്‍ ഹെല്‍ത്ത് കണ്‍സല്‍ട്ടന്റ് ആയി ജോലി ചെയ്ത വിനയ് മേനോന്‍ തുടര്‍ന്ന് ചെല്‍സി ടീമിനൊപ്പം ചേരുകയായിരുന്നു. പ്രീമിയര്‍ ലീഗില്‍ പരിശീലകരും കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫുമെല്ലാം കടുത്ത സമയക്രമത്തിലും സമ്മര്‍ദ്ദത്തിലുമാണ് ജോലി ചെയ്യേണ്ടി വരിക എന്നത് മുന്‍നിറുത്തിയാണ് അദ്ദേഹത്തെ ടീമിനൊപ്പം ചേര്‍ക്കുന്നത്. ആദ്യമൊക്കെ യോഗ സെഷന്‍ കളിക്കാര്‍ക്ക് നിര്‍ബന്ധമല്ലായിരുന്നു. ആവശ്യമുള്ളവര്‍ക്ക് മാത്രം പങ്കെടുത്താല്‍ മതിയായിരുന്നു. ദിദിയര്‍ ദ്രോഗ്‌ബെയെയാണ് ചെല്‍സി ടീമില്‍ വിനയ് ആദ്യമായി യോഗ പരിശീലിപ്പിക്കുന്നത്. അതിനുശേഷമാണ് ഓരോരുത്തരായി വിനയ് മേനോനെ സമീപിക്കാന്‍ തുടങ്ങിയത്. ഹസാര്‍ഡ് റയലിലേക്ക് പോകുന്നത് വരെയും വിനയ് ആയിരുന്നു താരത്തിന്റെ യോഗ ഗുരു.

   ജൂഡോയില്‍ കേരളത്തെ പ്രതിനിധീകരിച്ചിട്ടുള്ള വിനയ് മേനോന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ ബിരുദവും നേടിയിട്ടുണ്ട്. സ്പോര്‍ട്‌സ് സൈക്കോളജിയില്‍ എം ഫില്‍ നേടിയ അദ്ദേഹം പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ യോഗ അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
   Published by:Jayesh Krishnan
   First published:
   )}