Euro Cup | ഇനി പ്രീ ക്വാര്‍ട്ടര്‍ ആവേശം! ആദ്യ മത്സരത്തില്‍ വെയ്ല്‍സ് ഡെന്മാര്ക്കിനെ നേരിടും
Euro Cup | ഇനി പ്രീ ക്വാര്‍ട്ടര്‍ ആവേശം! ആദ്യ മത്സരത്തില്‍ വെയ്ല്‍സ് ഡെന്മാര്ക്കിനെ നേരിടും
2016 ലെ സെമി ഫൈനല്‍ നേട്ടം ആവര്‍ത്തിക്കാന്‍ വെയ്ല്‍സ് ഇറങ്ങുമ്പോള്‍ 1992ലെ യൂറോ കപ്പില്‍ നടത്തിയ അവിസ്മരണീയ കുതിപ്പിന്റെ ഓര്‍മയിലാകും ഡെന്മാര്ക്ക് ഇറങ്ങുക.
യൂറോ കപ്പിലെ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്ന് ആരംഭിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നും മികച്ച 16 ടീമുകളാണ് പ്രീക്വാര്‍ട്ടര്‍ പ്രവേശനം നേടിയിരിക്കുന്നത്. ടൂര്‍ണമെന്റിലെ ആറ് ഗ്രൂപ്പുകളിലെ ആദ്യ രണ്ട് സ്ഥാനക്കാരും ഇവര്‍ക്ക് പുറമെ ഏറ്റവും മികച്ച നാല് മൂന്നാം സ്ഥാനക്കാര്‍ കൂടിയാണ് പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയിട്ടുള്ളത്. ഇതില്‍ എ, സി, ഡി, എഫ് എന്നീ ഗ്രൂപ്പുകളില്‍ നിന്നും മൂന്ന് വീതം ടീമുകളും ബി, ഇ ഗ്രൂപ്പുകളില്‍ നിന്ന് രണ്ട് വീതം ടീമുകളുമാണ് അവസാന 16ല്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
ഇന്ന് രാത്രി 9.30ന് ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായ വെയ്ല്‍സും ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ ഡെന്മാര്ക്കും തമ്മിലാണ് ആദ്യ പ്രീ ക്വാര്‍ട്ടര്‍ മത്സരം. 2016 ലെ സെമി ഫൈനല്‍ നേട്ടം ആവര്‍ത്തിക്കാന്‍ വെയ്ല്‍സ് ഇറങ്ങുമ്പോള്‍ 1992ലെ യൂറോ കപ്പില്‍ നടത്തിയ അവിസ്മരണീയ കുതിപ്പിന്റെ ഓര്‍മയിലാകും ഡെന്മാര്ക്ക് ഇറങ്ങുക. ഒപ്പം അവരുടെ സൂപ്പര്‍ താരമായ ക്രിസ്റ്റ്യന്‍ എറിക്സന്റെ വീഴ്ചയില്‍ തളര്‍ന്നു പോയതിനു ശേഷം പിന്നീട് അവിശ്വസനീയമാം വിധം തിരിച്ചുവന്ന് പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത് അവര്‍ക്ക് ആത്മസിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്.
ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ട ശേഷം അവസാന മത്സരത്തില്‍ റഷ്യക്കെതിരെ ഗംഭീര പ്രകടനം നടത്തി കൊണ്ടായിരുന്നു ഡെന്മാര്ക്ക് പ്രീ ക്വാര്‍ട്ടറില്‍ എത്തിയത്. ഗ്രൂപ്പില്‍ ആദ്യ രണ്ടു മത്സരങ്ങളും തോറ്റ ശേഷം പ്രീ ക്വാര്‍ട്ടറില്‍ എത്തുന്ന ആദ്യത്തെ ടീമാണ് ഡെന്മാര്ക്ക്. 2004ന് ശേഷം ആദ്യമായാണ് ഡെന്മാര്ക്ക് ഗ്രൂപ്പ് ഘട്ടം കടക്കുന്നത്. അവസാന മൂന്ന് കോമ്പിറ്റിറ്റീവ് മത്സരങ്ങളില്‍ വെയില്‍സുമായി ഏറ്റുമുട്ടിയപ്പോള്‍ ഡെന്മാര്ക്കിന് ആയിരുന്നു വിജയം. കഴിഞ്ഞ യൂറോ കപ്പിലെ സെമി ഫൈനലില്‍ എത്തിയ വെയില്‍സ് ഇത്തവണയും അത്തരത്തിലൊരു കുതിപ്പ് നടത്താന്‍ ആകുമെന്ന പ്രതീക്ഷയിലാണ്.
ഇന്ന് 12.30ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഇറ്റലി ഓസ്ട്രിയയെ നേരിടും. ഗ്രൂപ്പ് എയില്‍ നിന്നു കളിച്ച മൂന്നു കളികളും ജയിച്ച് ആധികാരികമായാണ് ഇറ്റലി പ്രീക്വാര്‍ട്ടറിലേക്ക് കടന്നിരിക്കുന്നത്. റോബര്‍ട്ടോ മാന്‍ചീനിക്ക് കീഴില്‍ അവരുടെ തനത് പ്രതിരോധ സ്വഭാവം വിട്ട് ആക്രമണ ഫുട്ബോളാണ് അവര്‍ ഈ ടൂര്‍ണമെന്റില്‍ കാഴ്ചവെച്ചത്. ആക്രമിച്ച് കളിക്കുമ്പോഴും പ്രതിരോധം ഒരിക്കല്‍ പോലും അവര്‍ മറന്നില്ല. കളിച്ച മൂന്ന് കളികളില്‍ ഏഴ് ഗോളുകള്‍ അവര്‍ അടിച്ചുകൂട്ടിയപ്പോള്‍ ഒറ്റ ഗോള്‍ പോലും വഴങ്ങിയില്ല എന്നത് ഇതിന്റെ തെളിവാകുന്നു. യൂറോയില്‍ 30 മത്സരങ്ങള്‍ തോല്‍വിയറിയാതെ പൂര്‍ത്തിയാക്കി നില്‍ക്കുകയാണ് ഇറ്റലി. മിന്നും ഫോമിലുള്ള ഇറ്റലിക്ക് എതിരാളികളായി വരുന്നത് ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാരായ ഓസ്ട്രിയയാണ്. ആദ്യമായാണ് ഓസ്ട്രിയ ഒരു വന്‍കര ചാമ്പ്യന്‍ഷിപ്പിന്റെ നോക്കൗട്ട് റൗണ്ടിലെത്തുന്നത്. അവരുടെ ചരിത്രപരമായ പ്രവേശനം അവര്‍ക്ക് അവിസ്മരണീയമാക്കാന്‍ കഴിയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നതെങ്കിലും മിന്നും ഫോമിലുള്ള ഇറ്റലിയെ അട്ടിമറിക്കാനുള്ള കെല്പ് ഓസ്ട്രിയ്ക്കുണ്ട് എന്നാരും കരുതുന്നില്ല.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.