• HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021 | മാക്സ്‌വെല്ലിനെ 'നല്‍കിയതിന്' പഞ്ചാബിനോട് നന്ദി പറഞ്ഞ് ആര്‍സിബി, ക്ലാസിക് മറുപടിയുമായി പഞ്ചാബ്

IPL 2021 | മാക്സ്‌വെല്ലിനെ 'നല്‍കിയതിന്' പഞ്ചാബിനോട് നന്ദി പറഞ്ഞ് ആര്‍സിബി, ക്ലാസിക് മറുപടിയുമായി പഞ്ചാബ്

ആദ്യ മത്സരത്തിലെ പ്രകടനത്തിന് ശേഷം മാക്സ്‌വെല്ലിനെ തങ്ങള്‍ക്കു നല്‍കിയതിന് പഞ്ചാബിന് ട്വിറ്ററിലൂടെ ആര്‍.സി.ബി. നന്ദി അറിയിച്ചിരുന്നു

Glenn Maxwell

Glenn Maxwell

  • Share this:
ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരത്തില്‍ ഓസ്‌ട്രേലിയയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്‌വെല്ലിന്റെ പ്രകടനം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ആവേശം പകർന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് സീസണുകളിലെല്ലാം നിറം മങ്ങിയ ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ഇത്തവണ ആര്‍സിബിക്കായി അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഗംഭീര ബാറ്റിങാണ് പുറത്തെടുത്തത്. 28 പന്തിൽ നിന്നും 39 റൺസാണ് അദ്ദേഹം അടിച്ചെടുത്തത്.

കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സ് (കിങ്‌സ് ഇലവന്‍ പഞ്ചാബ്) ടീമിന്റെ ഭാഗമായിരുന്നു മാക്‌സ്‌വെൽ. ബാറ്റിങ്ങിൽ അദ്ദേഹം പാടെ നിറം മങ്ങി പോയി ബൗളിങ്ങിലും കാര്യമായ സംഭാവന നല്‍കാന്‍ മാക്‌സിനായില്ല. 13 മല്‍സരങ്ങളില്‍ നിന്നും വെറും 108 റണ്‍സാണ് അദ്ദേഹം നേടിയത്. ഒരു സിക്‌സര്‍ പോലും ഇതിലുണ്ടായിരുന്നില്ല. വലിയ തുകക്കായിരുന്നു പഞ്ചാബ് മാക്സ്‌വെലിനെ ടീമിൽ എടുത്തിരുന്നത്. താരത്തിൻ്റെ പ്രകടനത്തെ വിമർശിച്ച് കൊണ്ട് മുൻ ഇന്ത്യൻ താരം സേവാഗ് രംഗത്തെത്തിയിരുന്നു. മാക്സ്‌വെല്ലിന്റെ ഐ.പി.എൽ. സീസൺ വലിയ തുക വാങ്ങി അവധിക്കാലം ആഘോഷിക്കാൻ വരുന്നതിനോടാണ് സേവാഗ് ഉപമിച്ചത്.

മാക്സ്‌വെല്ലിൻ്റെ മോശം പ്രകടനത്തെ തുടർന്ന് സീസണിനു ശേഷം പഞ്ചാബ് അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. ഇതോടെയാണ് മാക്സ്‌വെല്ലിനെ ലേലത്തില്‍ സ്വന്തമാക്കാന്‍ ആര്‍സിബിക്കായത്.

ആദ്യ മത്സരത്തിലെ പ്രകടനത്തിന് ശേഷം മാക്സ്‌വെല്ലിനെ തങ്ങള്‍ക്കു നല്‍കിയതിന് പഞ്ചാബിന് ട്വിറ്ററിലൂടെ ആര്‍.സി.ബി. നന്ദി അറിയിച്ചിരുന്നു. ഇതിനു ഒരു ക്ലാസ് മറുപടിയാണ് പഞ്ചാബ് നൽകിയത്. "റെഡ് ആന്റ് ഗോള്‍ഡില്‍ ആദ്യത്തെ മാക്‌സി-മം, ചെന്നൈ ഗ്രൗണ്ടിന് പുറത്തേക്കാണ് അടിച്ചുപറത്തിയത്. നന്ദി പഞ്ചാബ് കിങ്‌സ്, സാമൂഹികഅകലം പാലിക്കണമെന്നില്ലായിരുന്നെല്ലെങ്കില്‍ നിങ്ങളെ ഞങ്ങള്‍ കെട്ടിപ്പിടിക്കുമെന്നായിരുന്നു," ആര്‍.സി.ബി. ട്വീറ്റ് ചെയ്തു.ഇതിനു മറുപടിയായി പഞ്ചാബിൻ്റെ രസകരമായ കമൻ്റ് വന്നു. "ഓ, ക്രിസ് ഗെയ്ല്‍, കെ. എല്‍. രാഹുല്‍, മന്‍ദീപ് സിങ്, സര്‍ഫറാസ്, മായങ്ക് അഗര്‍വാള്‍ എന്നിവരെ നൽകിയതിന് ഞങ്ങളും തിരിച്ച് നന്ദി പറയുന്നു," ഇതായിരുന്നു പഞ്ചാബ് ട്വിറ്ററിലൂടെ നല്‍കിയ മറുപടി.

ഗെയ്ല്‍, രാഹുല്‍, മന്‍ദീപ്, സര്‍ഫറാസ്, മായങ്ക് എന്നിവരെല്ലാം നേരത്തേ ആര്‍.സി.ബി. ടീമിന്റെ ഭാഗമായിരുന്നു. ഇപ്പോഴാവട്ടെ ഇവര്‍ പഞ്ചാബിന്റെ അവിഭാജ്യ ഘടകങ്ങളുമാണ്. ആര്‍.സി.ബി. തഴഞ്ഞ രാഹുലാണ് പഞ്ചാബിന്റെ നായകൻ. കഴിഞ്ഞ വർഷം പഞ്ചാബിന് വേണ്ടി ഓറഞ്ച് ക്യാപ് നേടിയതും രാഹുലാണ്. ക്രിസ് ഗെയ്ൽ തൻ്റെ വെടിക്കെട്ട് ശൈലി കൊണ്ട് ഏതു ബൗളിംഗ് നിരയെയും അടിച്ചൊതുക്കാൻ കെൽപ്പുള്ളയാൾ.

നേരത്തെ, ഉദ്ഘാടന മല്‍സരത്തില്‍ മുംബൈയ്‌ക്കെതിരെ നാലാമനായാണ് മാക്‌സ്‌വെൽ ക്രീസിലെത്തിയത്. 28 ബോളില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം പുതിയ കുപ്പായത്തില്‍ അരങ്ങേറ്റം ഉജ്ജ്വലമാക്കുകയും ചെയ്തു. തന്റെ ട്രേഡ്മാര്‍ക്കായ സ്വിച്ച് ഹിറ്റ് ഷോട്ടുകള്‍ വളരെ മികച്ച രീതിയില്‍ മാക്‌സ്‌വെൽ കളിക്കുകയും ചെയ്തു. ആദ്യ ഓവർ എറിയാൻ വന്ന രാഹുൽ ചഹറിൻ്റെ ആദ്യ പന്തിൽ തന്നെ അദ്ദേഹം സ്വിച്ച് ഹിറ്റിലൂടെയാണ് സിക്സർ നേടിയത്. പിന്നീട് പല തവണ ഈ ഷോട്ട് അദ്ദേഹം പ്രയോഗിച്ചു. സ്പിന്നർമാരെ ഫലപ്രദമായി നേരിടുവാൻ താരത്തിനായി. കളിക്കിടെ താരം പറത്തിയ സിക്‌സറുകളിലൊന്ന് സ്‌റ്റേഡിയത്തിനു പുറത്തായിരുന്നു ലാന്‍ഡ് ചെയ്തത്.

മല്‍സരത്തില്‍ നായകന്‍ വിരാട് കോഹ്‌ലിക്കൊപ്പം 52 റണ്‍സിന്റെ കൂട്ടുകെട്ടിലും മാക്‌സ്‌വെൽ പങ്കാളിയായിരുന്നു. ഈ കൂട്ടുകെട്ടാണ് അവരുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചത്. ഇരുവരും കുറച്ചുനേരം കൂടി ക്രീസില്‍ നിന്നിരുന്നെങ്കില്‍ ആര്‍സിബിയുടെ വിജയം എളുപ്പമാവുമായിരുന്നു. രണ്ടു വിക്കറ്റുകള്‍ ബാക്കി നിർത്തി അവസാന പന്തിലായിരുന്നു ആര്‍.സി.ബി. വിജയ-റൺ കുറിച്ചത്.

Summary: RCB thanks Punjab for giving Maxwell in a tweet. Punjab gives an interesting reply, taking the rivalry off the field
Published by:user_57
First published: