• HOME
  • »
  • NEWS
  • »
  • sports
  • »
  • India Vs England T20I | അടിച്ചുതകർത്ത് കോഹ്ലിയും എറിഞ്ഞിട്ട് ഭുവനേശ്വർകുമാറും; ഇന്ത്യയുടെ പരമ്പര ജയം വന്ന വഴി

India Vs England T20I | അടിച്ചുതകർത്ത് കോഹ്ലിയും എറിഞ്ഞിട്ട് ഭുവനേശ്വർകുമാറും; ഇന്ത്യയുടെ പരമ്പര ജയം വന്ന വഴി

ബാറ്റു കൊണ്ടു തിളങ്ങിയ നായകൻ വിരാട് കോഹ്ലിയും പന്തുകൊണ്ട് മിന്നിയ ഭുവനേശ്വർ കുമാറും ഇന്ത്യൻ ജയത്തിൽ നിർണായക സംഭാവന നൽകി. ഭുവനേശ്വർ കുമാർ മാൻ ഓഫ് ദി മാച്ചും വിരാട് കോഹ്‌ലി മാൻ ഓഫ് ദി സീരീസും ആയി.

virat-kohli-hardik-pandya

virat-kohli-hardik-pandya

  • Share this:
    അഹമ്മദാബാദ്: നിർണായകമായ മത്സരത്തിൽ ആത്മവിശ്വാസം കൈവിടാതെ ടീം ഇന്ത്യ. അഞ്ചാം ടി20യിൽ ഇംഗ്ലണ്ടിനെ 36 റൺസിന് തോൽപ്പിച്ച് പരമ്പര 3-2ന് സ്വന്തമാക്കി. ബാറ്റു കൊണ്ടു തിളങ്ങിയ നായകൻ വിരാട് കോഹ്ലിയും പന്തുകൊണ്ട് മിന്നിയ ഭുവനേശ്വർ കുമാറും ഇന്ത്യൻ ജയത്തിൽ നിർണായക സംഭാവന നൽകി. ഭുവനേശ്വർ കുമാർ മാൻ ഓഫ് ദി മാച്ചും വിരാട് കോഹ്‌ലി മാൻ ഓഫ് ദി സീരീസും ആയി.

    സ്കോർ: ഇന്ത്യ 20 ഓവറിൽ 224/2 & ഇംഗ്ലണ്ട് 20 ഓവറിൽ 188/8

    ടോസ് നേടിയ ടീം ബൗളിംഗ് തിരഞ്ഞെടുക്കുന്ന പതിവ് ഈ കളിയിലും ആവർത്തിച്ചു. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. പതിവിന് വിപരീതമായി രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പണറായി വിരാട് കോഹ്‌ലിയാണ് ക്രീസിലെത്തിയത്. ഇരുവരും ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് 94 റൺസാണ് കൂട്ടിച്ചേർത്തത്.

    വിരാട് കോഹ്ലി കരുതലോടെ ബാറ്റു വീശിയപ്പോൾ രോഹിത് ശർമ്മയായിരുന്നു അപകടകാരി. വെറും 34 പന്ത് നേരിട്ട രോഹിത് അഞ്ചു സിക്സറും നാലു ഫോറും ഉൾപ്പടെയാണ് 64 റൺസെടുത്തത്. സ്റ്റോക്സിന്‍റെ പന്തിൽ ക്ലീൻ ബൗൾഡ് ആയാണ് രോഹിത് പുറത്തായത്.

    ആദ്യ ഓവറുകളിൽ ശ്രദ്ധയോടെ ബാറ്റു വീശിയ കോഹ്‌ലി അവസാന ഓവറുകളിൽ ആഞ്ഞടിച്ചു. 52 പന്ത് നേരിട്ട കോഹ്‌ലി ഏഴു ബൗണ്ടറികളും രണ്ടു സിക്സറും പറത്തിയാണ് 80 റൺസെടുത്തത്. രോഹിത് മടങ്ങിയപ്പോൾ കോഹ്‌ലിക്ക് കൂട്ടായി എത്തിയ സൂര്യകുമാർ യാദവും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തു. 17 പന്ത് നേരിട്ട യാദവ് രണ്ടു സിക്സറും മൂന്നു ബൌണ്ടറികളും ഉൾപ്പടെ 32 റൺസെടുത്തു. ആദിൽ റഷീദിന്‍റെ പന്തിൽ ജേസൻ റോയ് പിടിച്ചാണ് സൂര്യകുമാർ യാദവ് പവലിയനിലേക്ക് മടങ്ങിയത്. പതിന്നാലാമത്തെ ഓവറിൽ ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യ ഇംഗ്ലീഷ് ബോളർമാരെ തലങ്ങും വിലങ്ങും പായിക്കുന്നതാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പിന്നീട് കണ്ടത്. വെറും 17 പന്തിൽ 39 റൺസെടുത്ത പുറത്താകാതെ നിന്ന പാണ്ഡ്യ നാലു ബൌണ്ടറികളും രണ്ടു സിക്സറും പറത്തി.

    Also Read- കണ്ണു കെട്ടി പറഞ്ഞ വിധി തേർഡ് അമ്പയർ വിരേന്ദർ ശർമയ്ക്കെതിരെ വിമർശനം ശക്തം

    മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് രണ്ടാം പന്തിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ഭുവനേശ്വർ കുമാറിന്‍റെ പന്തിൽ ബോൾഡ് ആയാണ് ജേസൺ റോയ് പുറത്തായത്. പക്ഷേ പിന്നീട്. ക്രീസിൽ ഒത്തുചേർന്ന ബട്ട്ലറും മലാനും കൂടി ചേർന്ന് ഇംഗ്ലണ്ടിന്‍റെ തിരിച്ചടിക്ക് നേതൃത്വം നൽകി. 12.5 ഓവറിൽ 130 റൺസ് സ്കോർബോർഡിൽ ചേർത്ത ശേഷമാണ് സഖ്യം വേർപിരിഞ്ഞത്. 34 പന്തിൽ 52 റൺസ് നേടിയ ബട്ട്‌ലർ ഭുവനേശ്വറിന്‍റെ പന്തിൽ ഹാർദിക് പാണ്ഡ്യ പിടിച്ച് പുറത്താ വുകയായിരുന്നു. മാലാൻ 68 റൺസ് നേടി. പിന്നീട് വന്ന ആർക്കും കാര്യമായി സംഭാവന നൽകാൻ കഴിഞ്ഞതുമില്ല. ബെൻ സ്റ്റോക്സ് വമ്പനടി നടത്തി തുടങ്ങിയെങ്കിലും നടരാജൻ്റെ പന്തിൽ പന്തിനു ക്യാച്ച് നൽകി മടങ്ങി. ഇന്ത്യക്കായി ശാർദുൽ ഠാക്കുർ മൂന്ന് വിക്കറ്റും ഭുവനേശ്വർ കുമാർ രണ്ട് വിക്കറ്റും വീഴ്ത്തി ബൗളിംഗിൽ തിളങ്ങി.

    ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്ന് മത്സര ഏകദിന പരമ്പര ചൊവ്വാഴ്ച 23 ന് ആരംഭിക്കും.

    Summary- India wins the decider by 36 runs, clinches the series by 3-2
    Published by:Anuraj GR
    First published: