ക്രിക്കറ്റ് രംഗത്ത് വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നതിന്റെ പേരിലും ട്രോളുകളിലൂടെ ടീമുകളെയും, കളിക്കാരെയും പരിഹസിക്കുന്നതിന്റെ കാര്യത്തിലും ഏറെ പ്രസിദ്ധനാണ് ഇംഗ്ലണ്ട് മുന്‍ നായകന് മൈക്കല്‍ വോണ്‍. അതിനെല്ലാം കൃത്യമായി നല്ല ഉരുളക്കുപ്പേരി പോലുള്ള മറുപടികളും അദ്ദേഹത്തിന് ലഭിക്കാറുണ്ട്. ഈയിടെ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയെയും ന്യൂസിലന്‍ഡ് നായകന് കെയ്ന്‍ വില്യംസണിനെയും താരതമ്യം ചെയ്തുകൊണ്ട് അദ്ദേഹം നടത്തിയ പരാമര്‍ശങ്ങളാണ് ഏറ്റവും ഒടുവിലായി ട്രെന്‍ഡിങ് ആയി മാറിയിരിക്കുന്നത്. ഒട്ടേറെ ക്രിക്കറ്റ് ആരാധകരും ക്രിക്കറ്റ് പ്രമുഖരും സംഘടിതമായി അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.
വില്യംസണ് ഇന്ത്യക്കാരനായിരുന്നെങ്കില്‍ അയാള്‍ ലോകത്തിലെ ഏറ്റവും മഹാനായ കളിക്കാരനായി ഏവരാലും ഉറപ്പായും വിശേഷിപ്പിക്കപ്പെട്ടേനെ എന്നാണ് വോണ്‍ പറഞ്ഞത്. വിരാട് കോഹ്ലിയല്ല മികച്ച കളിക്കാരന് എന്ന് പറയാന്‍ നിങ്ങള്‍ക്ക് അനുവാദമില്ലാത്തത് കൊണ്ടാണ് വില്യംസണ് മഹാനായ കളിക്കാരനാകാതിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്നു ഫോര്‍മാറ്റിലും കോഹ്ലിയോടൊപ്പം നില്ക്കുന്ന റെക്കോര്‍ഡുള്ള താരമാണ് വില്യംസണെന്നും വോണ്‍ പറഞ്ഞു. നിങ്ങള്‍ ഇത്തരത്തില്‍ സംസാരിച്ചാല്‍ സമൂഹമാധ്യമങ്ങളില്‍ നിങ്ങള്‍ക്ക് തെറി കേള്‍ക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read-ആർച്ചറിന് വീണ്ടും പരിക്ക്; ന്യൂസിലൻഡിനെതിരായ പരമ്പര നഷ്ടമാകും
എന്നാല്‍ മൈക്കല്‍ വോണിന്റെ പരാമര്‍ശം വളരെയേറെ അനുചിതവും ഒപ്പം താരങ്ങളെ അപമാനിക്കുന്നതിന് തുല്യവും എന്നാണ് പാക് ക്രിക്കറ്റ് ടീം മുന്‍ ഓപ്പണര്‍ സല്മാന് ബട്ട് മറുപടി നല്‍കിയത്. സ്വന്തം ടീമിനായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിരാട് കോഹ്ലിയുടെ പ്രകടനം മികച്ചതായതുകൊണ്ടാണ് താരത്തെ കൂടുതല്‍ ആരാധകര്‍ എപ്പോഴും ഇഷ്ടപെടുവാന്‍ കാരണമെന്നും ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ വോണ്‍ മനപൂര്‍വ്വം ശ്രമിക്കുന്നത് വിരാട് കോഹ്ലിയെ അപമാനിക്കുവാന്‍ മാത്രമാണെന്നും സല്മാന് ബട്ട് അഭിപ്രായപ്പെട്ടു.
വോണിന് ഏകദിനത്തില്‍ ഒരു സെഞ്ചുറി പോലും നേടാന്‍ സാധിച്ചിട്ടില്ലെന്നുള്ള കാര്യം പരിഹാസരൂപേണ പറഞ്ഞ ബട്ട് ഏറെ വാചാലനായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതിനകം തന്നെ 70 സെഞ്ചുറികളുള്ളയാളാണ് കോഹ്ലി എന്നത് വോണ്‍ ഓര്‍ക്കണമെന്നും ബട്ട് പറഞ്ഞു. എന്നാല്‍ ഇതിനെതിരെ വളരെ രൂക്ഷമായ മറുപടിയാണ് വോണ്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഇത്തരം വ്യക്തത നിറഞ്ഞ ആശയവും അഭിപ്രായവും സല്മാന് ബട്ടിന് മാച്ച് ഫിക്സിങ്ങിന്റെ സമയത്ത് ഉണ്ടായിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നുവെന്നാണ് ബട്ടിന് മറുപടിയായി മൈക്കല്‍ വോണ്‍ പറഞ്ഞിരിക്കുന്നത്.
'സല്മാന് ബട്ടിന് അദ്ദേഹത്തിന്റെ അഭിപ്രായം പറയുവാന്‍ അവകാശമുണ്ട്. എന്നാല്‍ താരത്തിന് 2010ല്‍ മാച്ച് ഫിക്സിങ് നടക്കുമ്പോള്‍ ഇത്തരത്തില്‍ വ്യക്തതയുണ്ടായിരുന്നുവെങ്കില്‍ അത് എത്രയോ നന്നായേനെ' വോണ്‍ ട്വീറ്റ് ചെയ്തു. കോഹ്ലിയുടെ ആരാധകരുള്‍പ്പടെ ഒട്ടേറെപ്പേര്‍ വിവാദ പരാമര്‍ശത്തിനെതിരെ ശക്തമായ രീതിയില്‍ രംഗത്തെത്തുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cricket, Michael Vaughan