ഈ ജൂണില്‍ നടക്കാനിരിക്കുന്ന യൂറോ കപ്പിന് വേണ്ടി കളിക്കാന്‍ ഇറങ്ങുന്ന ഫ്രാന്‍സ് ടീമില്‍ പുതിയ പേരുകള്‍ ഒന്നും ഉണ്ടാകില്ലെന്ന സൂചനകള്‍ നല്കി ഫ്രഞ്ച് ടീമിന്റെ പരിശീലകന് ദിദിയര്‍ ദെഷാംപ്സ്. ഇതോടെ കരിം ബെന്‍സിമയുടെ ദേശീയ ടീമിലേക്കുള്ള മടങ്ങി വരവ് വീണ്ടും അനിശ്ചതത്വത്തിലായി. യൂറോ യോഗ്യത മത്സരങ്ങള്‍ക്കുള്ള ടീമില്‍ വലിയ മാറ്റങ്ങള്‍ വരുത്താതിരുന്ന ദെഷാംപ്സ് യൂറോ കപ്പിനുള്ള തന്റെ ടീമിലും സര്‍പ്രൈസുകളൊന്നും ഉണ്ടാകില്ലെന്നു വ്യക്തമാക്കി.
'ഞാന്‍ സാന്താ ക്ളോസല്ല, സര്‍പ്രൈസുകള്‍ വിളിച്ചു പറയാനല്ല ഞാനിവിടെ വന്നിരിക്കുന്നത്. ടീമിന്റെ കാര്യങ്ങള്‍ ഓരോന്നും പടിപടിയായി ഞാന്‍ വിലയിരുത്തുകയാണ്. ബയേണ്‍ മ്യൂണിക്കിന്റെ കൊറെന്റിന് ടോളിസോയെ പോലെ പരുക്കില്‍ നിന്നും മുക്തരായി കൊണ്ടിരിക്കുന്ന ഒരുപാട് താരങ്ങള്‍ ഫ്രാന്‍സ് നിരയിലുണ്ട്. അവരുടെ സാഹചര്യങ്ങളെ കുറിച്ച് എനിക്കിതു വരെ യാതൊരു ധാരണയുമില്ല,' ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് സംസാരിക്കവെ ദെഷാംപ്സ് പറഞ്ഞു.
അതേസമയം, റയല്‍ മാഡ്രിഡിനു വേണ്ടി തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ബെന്‍സിമയെ ഫ്രാന്‍സിന്റെ യൂറോ ടീമിലേക്ക് തിരിച്ചു വിളിക്കണമെന്ന് മുന്‍ ആര്‍സനല്‍ പരിശീലകന് ആര്‍സീന്‍ വെംഗര്‍ ഉള്‍പ്പെടെ പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ മുന്‍ ഫ്രാന്‍സ് താരം വാല്‍ബ്യുനയെ ബ്ലാക്ക്മെയില്‍ ചെയ്തതുമായി ബന്ധപ്പെട്ട ആരോപണത്തെ തുടര്‍ന്ന് ഫ്രാന്‍സ് ടീമില്‍ നിന്നും പുറത്തായ ബെന്‍സിമയെ തിരികെ കൊണ്ടുവരാനുള്ള യാതൊരു പദ്ധതിയുമില്ലെന്നാണ് ദെഷാംപ്സിന്റെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത്.
യൂറോ കപ്പിന് ഇറങ്ങാനുള്ള ഫ്രാന്‍സ് ടീമിന്റെ പ്രാഥമിക സ്ക്വാഡിനെ മെയ് 18ന് പ്രഖ്യാപിക്കുമെങ്കിലും ഇതിനിടയില്‍ ലീഗ് മത്സരങ്ങള്‍ ഉള്ളതിനാല്‍ താരങ്ങള്‍ക്ക് സംഭവിക്കുന്ന പരുക്കുകള്‍ പ്രാഥമിക ടീമില്‍ മാറ്റങ്ങള്‍ വരുത്തിയേക്കാമെന്നും ദെഷാംപ്സ് പറഞ്ഞു. ഈ മാസം നടക്കാനിരിക്കുന്ന രണ്ടു യൂറോപ്യന്‍ കപ്പ് ഫൈനല്‍ മത്സരങ്ങളിലും ഫ്രാന്‍സിന്റെ താരങ്ങളുണ്ടെന്നും മത്സരങ്ങള്‍ക്ക് ശേഷം അവരുടെ അവസ്ഥ വിലയിരുത്തി ജൂണ്‍ 1നു യുവേഫക്ക് നല്കുന്ന അന്തിമ പട്ടികയില്‍ വേണമെങ്കില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യൂറോ കപ്പിനായി ഇറങ്ങുന്ന ടീമുകളില്‍ കിരീട സാധ്യത ഏറ്റവും കൂടുതല്‍ കല്‍പ്പിക്കപ്പെടുന്ന ടീമുകളില്‍ മുന്‍പന്തിയിലാണ് ഫ്രാന്‍സ്. ടൂര്‍ണമെന്റിലെ ഏറ്റവും കരുത്തരായ ടീമുകളില്‍ ഒന്നാണ് ഫ്രാന്‍സ് എങ്കിലും ഇത്തവണത്തെ ടൂര്‍ണമെന്റില്‍ മരണ ഗ്രൂപ്പിലാണ് അവര്‍ ഇടം പിടിച്ചിരിക്കുന്നത്. ഫ്രാന്‍സിന് പുറമെ ജര്‍മനി, നിലവിലെ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍, ഹംഗറി എന്നീ ടീമുകളാണ് ഗ്രൂപ്പിലുള്ളത്.
ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറും, മികച്ച മൂന്നാം സ്ഥാനക്കാരായ നാല് ടീമുകള്‍ക്ക് കൂടി നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശനം ലഭിക്കും. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചത് കൊണ്ട് ഈ വര്‍ഷത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. ജൂണ്‍ 11 മുതല്‍ ജൂലായ് 11 വരെ 11 രാജ്യങ്ങളിലായാണ് ടൂര്‍ണമെന്റ് നടക്കുക. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം നടക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Euro Cup Football, France