നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • 'തന്നെ വില്ലനാക്കി ചിത്രീകരിക്കും'; പഞ്ചാബിലെ തന്റെ സഹത്തരത്തോട് മങ്കാദിങ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ ലഭിച്ച മറുപടി വെളിപ്പെടുത്തി അശ്വിന്‍

    'തന്നെ വില്ലനാക്കി ചിത്രീകരിക്കും'; പഞ്ചാബിലെ തന്റെ സഹത്തരത്തോട് മങ്കാദിങ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ ലഭിച്ച മറുപടി വെളിപ്പെടുത്തി അശ്വിന്‍

    2019ല്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിനിടെ മങ്കാദിങ്ങുമായി ബന്ധപ്പെട്ട് സഹതാരത്തില്‍ നിന്നുണ്ടായ അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് ആര്‍ അശ്വിന്‍.

    R Ashwin

    R Ashwin

    • Share this:
      ഇന്ത്യയുടെ മികച്ച സ്പിന്നര്‍മാരില്‍ ഒരാളാണ് തമിഴ്‌നാട് സ്വദേശിയായ രവിചന്ദ്രന്‍ അശ്വിന്‍. അശ്വിന്റെ മികച്ച പ്രകടനങ്ങള്‍ ഇന്ത്യക്ക് ഒരുപാട് വിജയങ്ങള്‍ നേടി കൊടുത്തിട്ടുണ്ട്. ഇന്ത്യയുടെ വിജയങ്ങളില്‍ പങ്കാളിയായ ഈ വലം കൈയ്യന്‍ ഓഫ് സ്പിന്നര്‍ തന്റെ പ്രവൃത്തിയിലൂടെ വിവാദങ്ങളിലും ചെന്ന് പെട്ടിട്ടുണ്ട്. അശ്വിന്റെ അത്തരത്തില്‍ ഒരു പ്രവൃത്തി ക്രിക്കറ്റ് ലോകത്തെ രണ്ട് ചേരികളിലായി തിരിഞ്ഞ് പരസ്പരം തര്‍ക്കികുന്ന ഘട്ടം വരെയെത്തിയിരുന്നു. ടി20 ഫോര്‍മാറ്റിലെ ഏറ്റവും മികച്ച ലീഗായ ഐപിഎല്ലില്‍ ആയിരുന്നു സംഭവം അരങ്ങേറിയത്.

      ഐപിഎല്ലില്‍ നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമാണ് അശ്വിന്‍. ചെന്നൈ സൂപ്പര്‍ കിങ്സിലൂടെ തന്റെ ഐപിഎല്‍ കരിയര്‍ ആരംഭിച്ച അദ്ദേഹം പഞ്ചാബ് കിങ്സിന്റെ നായകനായിരിക്കെയാണ് വിവാദത്തില്‍ പെട്ടത്. ഐപിഎല്ലിലെ ഒരു മത്സരത്തിനിടെ എതിര്‍ ടീമിലെ ബാറ്റ്‌സ്മാന്‍ ബൗള്‍ ചെയ്യുന്നതിന് മുന്‍പ് ക്രീസ് വിട്ടിറങ്ങിയപ്പോള്‍ പുറത്താക്കുകയാണ് (മങ്കാദിങ്) അശ്വിന്‍ ചെയ്തത്. രാജസ്ഥാന്‍ റോയല്‍സിന്റെ താരമായ ജോസ് ബട്ലറെയാണ് മങ്കാദിങ്ങിലൂടെ അദ്ദേഹം പുറത്താക്കിയത്. ഇത് വലിയ ചര്‍ച്ചയാവുകയും നിരവധി ആളുകള്‍ അശ്വിന്റെ പ്രവൃത്തിയെ എതിര്‍ത്തും അനുകൂലിച്ചും രംഗത്ത് വന്നിരുന്നു.

      Also Read-ഇംഗ്ലണ്ട് പരമ്പരയിൽ മാറ്റങ്ങൾ ഇല്ല; ഐപിഎൽ രണ്ടാം പാദം വീണ്ടും അനിശ്ചിതത്വത്തിൽ

      ക്രിക്കറ്റില്‍ അനുവദിനീയമായ കാര്യമാണ് മങ്കാദിങ് എങ്കിലും ഇത് ചെയ്യുന്ന ബൗളര്‍ വിമര്‍ശിക്കപ്പെടുന്ന അവസ്ഥയാണ് പലപ്പോഴും ഉണ്ടാകുന്നത്. കളിയുടെ സ്പിരിറ്റിന് ചേര്‍ന്നതല്ല എന്ന വാദമാണ് ഇതിനായി അവര്‍ നിരത്തുന്നത്. അന്ന് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ അശ്വിന്‍ തന്റെ നിലപാട് ശരിയാണെന്നതില്‍ തന്നെ ഉറച്ച് നിന്നിരുന്നു. ഇപ്പോഴിതാ 2019ല്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിനിടെ മങ്കാദിങ്ങുമായി ബന്ധപ്പെട്ട് സഹതാരത്തില്‍ നിന്നുണ്ടായ അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് ആര്‍ അശ്വിന്‍.

      'ബൗളര്‍ പന്ത് എറിന്നതിന് മുന്‍പ് ക്രീസ് വിട്ടിറങ്ങുന്നതില്‍ നിന്നും ബാറ്റ്സ്മാന് വലിയ ആനുകൂല്യമാണ് ലഭിക്കുന്നത്. ബൗളര്‍ ബാറ്റ്സ്മാനോട് ക്രീസില്‍ നില്‍ക്കാന്‍ ആവിശ്യപ്പെട്ടാല്‍ അത് അവരെ അപമാനിക്കുന്ന പോലെയാണ് അവര്‍ പെരുമാറുന്നത്. പന്തെറിയുന്നതിന് മുമ്പ് ക്രീസ് വിടരുതെന്ന് ബൗളര്‍ ബാറ്റ്സ്മാനോട് പറയുന്നത് തെറ്റാണെന്നാണ് എല്ലാവരുടെയും ധാരണ. കടുത്ത പോരാട്ടങ്ങള്‍ നടക്കുന്ന മത്സരത്തില്‍ ഒരു ബൗളറെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ കഴിയില്ല. ജയം മാത്രമാകും അയാളുടെ മനസ്സില്‍. അതുകൊണ്ട് തന്നെ ക്രിക്കറ്റിന്റെ നിയമങ്ങള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് ഇത് ചെയ്യുവാന്‍ ഒരു ബൗളര്‍ക്ക് പൂര്‍ണ്ണ അധികാരമുണ്ട്'-അശ്വിന്‍ പറഞ്ഞു.

      Also Read-'ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടുകയെന്നത് ഞങ്ങളുടെ വലിയ സ്വപ്നമാണ്'; ചേതേശ്വര്‍ പുജാര

      'വിവാദം സൃഷ്ടിച്ച രാജസ്ഥാനെതിരായ മത്സരത്തിന് ശേഷമായിരുന്നു മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരം.കളിയുടെ അവസാന നിമിഷങ്ങളില്‍ ഒരു പന്തില്‍ രണ്ട് റണ്‍സ് വേണമായിരുന്നു മുംബൈക്ക് ജയിക്കാന്‍. അവസാന വിക്കറ്റില്‍ രാഹുല്‍ ചഹാറും അല്‍സാരി ജോസഫും മുംബൈക്കായി ബാറ്റ് ചെയ്യുന്നു. ഞാന്‍ ബൗളറായ അങ്കിത് രജപുതിന്റെ അടുത്തെത്തി ബാറ്റ്സ്മാന്‍ പന്തെറിയുന്നതിന് മുമ്പ് ഓടാനായി ക്രീസ് വിടുന്നുണ്ടെന്നും ഇത് അനുവദിക്കരുതെന്നും പറഞ്ഞു. ഒരു തരത്തിലും എനിക്കത് ചെയ്യാനാവില്ലെന്നാണ് അങ്കിത് പറഞ്ഞത്. ഞാനത് ചെയ്താല്‍ വലിയ വിവാദമാവുകയും എന്നെ വില്ലനായി ചിത്രീകരിക്കപ്പെടുകയും ചെയ്യുമെന്ന് അവന്‍ പറഞ്ഞു. നീ ചെയ്യുന്നതാണ് ശരിയെന്നും നോണ്‍സ്ട്രൈക്കര്‍ ബാറ്റ്സ്മാന്റെ ഭാഗത്താണ് തെറ്റെന്ന് പറഞ്ഞിട്ടും അവന്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ല'-അശ്വിന്‍ പറഞ്ഞു. മത്സരത്തില്‍ ജയിച്ച മുംബൈ ഇന്ത്യന്‍സ് തന്നെയായിരുന്നു ആ സീസണിലെ വിജയികള്‍. അതിന് ശേഷം പഞ്ചാബ് വിട്ട് ഡല്‍ഹിയിലേക്ക് അശ്വിന്‍ വന്നപ്പോള്‍ താരത്തെ മങ്കാദിങ് ചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിക്കുമെന്ന് ഡല്‍ഹിയുടെ കോച്ചായ റിക്കി പോണ്ടിംഗ് പറഞ്ഞിരുന്നു.

      മങ്കാദിങ് നിയമപ്രകാരം തെറ്റല്ലെങ്കിലും ബൗളര്‍മാര്‍ പലപ്പോഴും ഇതില്‍ ബലിയാടാകാറുണ്ട്. ഈ സീസണിലെ ഐപിഎല്ലിലും ഇത് വലിയ ചര്‍ച്ചയായിരുന്നു. ഈ സീസണിലെ മുംബൈ ഡല്‍ഹി മത്സരത്തിനിടെ പന്ത് എറിയുന്നതിന് മുന്നേ ക്രീസ് വിട്ടിറങ്ങിയ ശിഖര്‍ ധവാനെ മുംബൈ താരം പൊള്ളാര്‍ഡ് താക്കീത് ചെയ്തിരുന്നു. ഇത് കൂടാതെ ക്രീസ് വിട്ടിറങ്ങുന്നത് ബാറ്റ്‌സ്മാന് ആനുകൂല്യം നല്‍കുന്നുണ്ട് എന്നും അതിനാല്‍ നിര്‍ണായക സമയങ്ങളില്‍ ബൗളര്‍മാരെ മങ്കാദിങ് പ്രോത്സാഹിപ്പിക്കണമെന്നും അത് കളിയുടെ സ്പിരിറ്റിനെ കെടുത്തുന്നതല്ലെന്നും പ്രശസ്ത കമന്റേറ്ററായ ഹര്‍ഷ ഭോഗ്ലെ അഭിപ്രായപ്പെട്ടിരുന്നു.

      അതേസമയം, കൗണ്ടി ക്രിക്കറ്റില്‍ മങ്കാദിങ് നടത്തിയതിന്റെ പേരില്‍ ഭീഷണി നേരിട്ടുവെന്നും ഭാര്യക്ക് മൈതാനത്ത് നിന്ന് ഓടി രക്ഷപെടേണ്ടി വന്നുമെന്നും കഴിഞ്ഞ ദിവസം മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ മുരളി കാര്‍ത്തികും വെളിപ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ മങ്കാദിങ് നടത്തിയപ്പോഴെല്ലാം ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഏതായാലും അശ്വിന്റെ വെളിപ്പെടുത്തല്‍ ക്രിക്കറ്റ് ലോകത്തിന് മുന്നില്‍ വീണ്ടും മങ്കാദിങ്ങിനെ കുറിച്ചുള്ള ചര്‍ച്ചക്ക് വഴി വച്ചിരിക്കുകയാണ്. ആധുനിക ക്രിക്കറ്റ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണെന്നും അതിനാല്‍ മത്സരത്തില്‍ ബൗളര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന ഇത്തരം കാര്യങ്ങള്‍ വരണമെന്നുമുള്ള ആവശ്യം ശക്തമാണ്.
      Published by:Jayesh Krishnan
      First published:
      )}