കായിക പ്രേമികളുടെ ആവേശം കൂട്ടാനായി ഒളിമ്പിക്സിൽ നാളെ അത്ലറ്റിക്സ് മത്സരങ്ങൾക്ക് തുടക്കം. ഉറങ്ങി കിടക്കുന്ന ട്രാക്കുകളിൽ തീപാറുന്ന മത്സരങ്ങൾ കാഴ്ചവെക്കാൻ അത്ലറ്റുകൾ തയ്യാറെടുക്കുന്നു. ഇഞ്ചോടിഞ്ച് മത്സരങ്ങൾക്ക് സാക്ഷ്യമാവാൻ ഒളിമ്പിക് വേദിയും തയാറായി നിൽക്കുകയാണ്. ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.30-ന് വനിതകളുടെ 100 മീറ്ററിലെ ഹീറ്റ്‌സ് മത്സരങ്ങളോടെ ട്രാക്കിലെ മത്സരങ്ങള്‍ക്ക് തുടക്കമാകും.
ട്രാക്കിലെ വേഗരാജാവായ ജമൈക്കയുടെ സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ട് പിന്മാറിയതിന് ശേഷമുള്ള ആദ്യ ഒളിമ്പിക്സിൽ പുത്തൻ താരോദയങ്ങളെ പ്രതീക്ഷിച്ചിരിക്കുകയാണ് ലോകമെമ്പാടുമുള്ള കായികപ്രേമികൾ. ബോൾട്ടിന്റെ പിൻഗാമി ആരാകും എന്നതും അവർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നുണ്ട്.
പുരുഷവിഭാഗം 100മീറ്ററിൽ പുതിയൊരു ചാമ്പ്യനെയാണ് ലോകം കാത്തിരിക്കുന്നത്. ബോൾട്ടിന്റെ പിൻഗാമിയാകും എന്ന് എല്ലാവരും സാധ്യത കല്പിച്ചു നൽകുന്നത് അമേരിക്കയുടെ താരമായ ട്രൈവോണ്‍ ബ്രോമലിനാണ്. സമീപകാലത്ത് 100 മീറ്ററിൽ മികച്ച സമയം താരത്തിന്റെ പേരിലാണ്. കഴിഞ്ഞ ജൂണിൽ 9.77 സെക്കന്റിലാണ് താരം 100 മീറ്റർ ഓടിയെത്തിയത്.
ബ്രോമലിന് വെല്ലുവിളിയാവാൻ കഴിവുള്ള ഒരുപിടി താരങ്ങൾ വേറെയുമുണ്ട്. ബ്രോമലിന്റെ തന്നെ നാട്ടുകാരനായ റൂണി ബേക്കർ, ദക്ഷിണാഫ്രിക്കയുടെ അകാനി സിംബെയ്ൻ എന്നിവരെല്ലാം ഒളിമ്പിക് ചാമ്പ്യൻ പട്ടം സ്വന്തമാക്കാൻ കഴിവുള്ള താരങ്ങളാണ്.
വനിതകളുടെ 100 മീറ്ററിൽ ജമൈക്കയുടെ സ്പ്രിന്റ് റാണിയായ ഷെല്ലി ആൻ ഫ്രേസർക്കാണ് എല്ലാവരും സാധ്യത കൽപ്പിക്കുന്നത്. മൂന്നാം സ്വർണമാണ് ഫ്രേസർ ലക്ഷ്യമിടുന്നത്. പക്ഷെ ഫ്രേസർക്ക് മത്സരം അത്ര എളുപ്പമാകില്ല. താരത്തിന്റെ നാട്ടുകാരിയും നിലവിലെ ഒളിമ്പിക് ജേതാവുമായ എലേന തോംസൺ ഫ്രേസർക്ക് കനത്ത വെല്ലുവിളിയുയർത്തും.
സ്പ്രിന്റ് ഇനങ്ങളിൽ ഇന്ത്യക്കും പങ്കാളിത്തമുണ്ട്. ഇന്ത്യൻ താരമായ ദ്യുതി ചന്ദ് 100, 200 മീറ്ററുകളിൽ മത്സരിക്കുന്നുണ്ട്. 100 മീറ്ററില്‍ 11.17 സെക്കന്‍ഡണ് ദ്യുതിയുടെ മികച്ച സമയം.
ഹീറ്റ്‌സ് മത്സരങ്ങൾക്ക് ശേഷം ശനിയാഴ്ച വൈകീട്ട് ഇന്ത്യന്‍ സമയം 6:20നാണ് വനിതകളുടെ 100 മീറ്റര്‍ ഫൈനല്‍. അതേസമയം ഞായറാഴ്ച വൈകീട്ട് 6:20നാണ് പുരുഷന്മാരുടെ 100 മീറ്റര്‍ ഫൈനല്‍.
ലോങ്‌ജമ്പിൽ ഇറങ്ങുന്ന എം ശ്രീശങ്കർ, 400 മീറ്റർ ഹർഡിൽസിൽ മത്സരിക്കുന്ന എം പി ജാബിർ, നടത്തത്തിൽ കെ ടി ഇർഫാൻ, റിലേ ടീമിൽ അംഗങ്ങളായ മുഹമ്മദ് അനസ്, നോഹ നിർമൽ ടോം, അലക്സ് ആന്റണി എന്നിവരാണ് ഒളിമ്പിക്സ് അത്ലറ്റിക്സിലെ മലയാളി സാന്നിധ്യം.
ഇന്ത്യക്ക് ശുഭദിനം
വ്യാഴാഴ്ച ഇന്ത്യക്ക് ഇതുവരെ ശുഭദിനമാണ്. ബാഡ്മിന്റണിൽ വനിതാ സിംഗിൾസിൽ പ്രീക്വാർട്ടർ മത്സരത്തിനിറങ്ങിയ പി വി സിന്ധു തകർപ്പൻ ജയവവുമായി ക്വാർട്ടറിലേക്ക് മുന്നേറിയിരുന്നു. ഡെന്മാർക്കിന്റെ മിയ ബ്ളിഷ്‌ഫെൽറ്റിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് സിന്ധു ക്വാർട്ടർ പോരാട്ടത്തിന് യോഗ്യത നേടിയത്. സ്കോർ: 21- 15, 21-13
ബോക്‌സിംഗ് ഹെവിവെയ്റ്റ് (91 കിലോ ഗ്രാം) വിഭാഗത്തില്‍ സതീഷ് കുമാര്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ജമൈക്കന്‍ താരം റിക്കാര്‍ഡോ ബ്രൗണിനെ 4-1ന് തോല്‍പിച്ചാണ് സതീഷിന്‍റെ മുന്നേറ്റം. അടുത്ത മത്സരം ജയിച്ചാല്‍ മെഡല്‍ ഉറപ്പിക്കാം.
അമ്പെയ്ത്തിൽ പുരുഷന്മാരുടെ വ്യക്തിഗത ഇനത്തിൽ ഇന്ത്യയുടെ അതാനു ദാസ് ക്വാർട്ടർ ഫൈനലിലെത്തി. കടുപ്പമേറിയ പ്രീക്വാർട്ടർ പോരാട്ടത്തിൽ മുൻ ഒളിമ്പിക് ചാമ്പ്യനായ ദക്ഷിണ കൊറിയയുടെ ഓ ജിൻ-ഹെയ്ക്കിനെ അട്ടിമറിച്ചാണ് അതാനു ദാസ് ക്വാർട്ടർ യോഗ്യത നേടിയത്
ഇതോടൊപ്പം ഹോക്കിയിലും ഇന്ത്യക്ക് ശുഭവാർത്തയാണ് ലഭിച്ചത്. പൂൾ എ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ പുരുഷ സംഘം ക്വാർട്ടറിലേക്ക് യോഗ്യത നേടുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Tokyo Olympics, Tokyo Olympics 2020, Tokyo Olympics 2020 Events