ഒളിമ്പിക്സിൽ പുരുഷന്മാരുടെ 65 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ ഭജരംഗ് പുനിയക്ക് തോൽവി. സെമിയിൽ അസർബെയ്ജാന്റെ ഹാജി അലിയെവയോടായിരുന്നു ഇന്ത്യൻ താരത്തിന്റെ തോൽവി. റിയോ ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവാണ് ഹാജി അലിയെവ. ഇന്ത്യൻ താരത്തെ 5-12 എന്ന സ്കോറിനാണ് അസർബെയ്ജാൻ താരം തോൽപ്പിച്ചത്. സെമിയിൽ തോറ്റ താരത്തിന് ഇനി വെങ്കല മെഡലിനായി മത്സരിക്കാം.
ഇന്നലെ ടോക്യോയിലെ ഗോദയിൽ ഇന്ത്യൻ താരം രവി കുമാർ നടത്തിയ മെഡൽ നേട്ടത്തിൽ പ്രചോദനമുൾക്കൊണ്ട് രാജ്യത്തിനായി ഒരു മെഡൽ കൂടി നേടിയെടുക്കാൻ വേണ്ടിയാണ് ഭജ്‌രംഗ് ഇറങ്ങിയതെങ്കിലും അസർബെയ്ജാൻ താരം ഉയർത്തിയ വെല്ലുവിളി മറികടക്കാൻ ഇന്ത്യൻ താരത്തിന് കഴിഞ്ഞില്ല. നേരത്തെ പ്രീക്വാർട്ടറിലും ക്വാർട്ടറിലും മികച്ച പ്രകടനം കാഴ്ചവെച്ച് സെമിയിലേക്ക് മുന്നേറിയ ഇന്ത്യൻ താരത്തിന് പക്ഷെ സെമിയിൽ കഴിഞ്ഞ ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവായ അസർബെയ്ജാൻ താരത്തിനെതിരെ അതേ മികവോടെ പോയിന്റ് നേടാൻ കഴിഞ്ഞില്ല.
സെമിയിൽ ആദ്യ റൗണ്ടിൽ തന്നെ ഭജ്‌രംഗിനെതിരെ 1-4 എന്ന നിലയിൽ മുന്നിലെത്തിയ അലിയെവ രണ്ടാം റൗണ്ടിൽ കൂടുതൽ ആക്രമണകാരി ആവുന്ന കാഴ്ചയാണ് കണ്ടത്. അലിയെവക്കെതിരെ ഇടക്ക് പോയിന്റ് നേടി ഇന്ത്യൻ താരം തിരിച്ചുവരവിന്റെ സൂചനകൾ നൽകിയെങ്കിലും വീണ്ടും പോയിന്റുകൾ നേടി അസർബെയ്ജാൻ താരം ഇന്ത്യൻ താരത്തിന്റെ വഴിയടക്കുകയായിരുന്നു.
നേരത്തെ ക്വാര്‍ട്ടറില്‍ ഇറാന്റെ മൊര്‍ത്തേസ ഗിയാസിയെ പരാജയപ്പെടുത്തിയാണ് ബജ്റംഗ് പുനിയ സെമിയിലേക്ക് മുന്നേറിയത്. പ്രീ ക്വാര്‍ട്ടറില്‍ കിര്‍ഗിസ്ഥാന്റെ എര്‍നാസര്‍ അക്മതലിവിനെയും തോല്‍പ്പിച്ചു.
Also read- Tokyo Olympics | ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് അടുത്ത മെഡല്‍; ഗുസ്തിയില്‍ വെള്ളി മെഡലുമായി രവി കുമാര്‍ ദാഹിയഇന്നലെ പുരുഷന്മാരുടെ 57 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ രവി കുമാർ ദാഹിയ ഇന്ത്യക്കായി വെള്ളി മെഡൽ നേടിയിരുന്നു. തന്റെ അരങ്ങേറ്റ ഒളിമ്പിക്സിൽ ഫൈനൽ മത്സരത്തിന് ഇറങ്ങിയ ഇന്ത്യന്‍ താരം റഷ്യന്‍ ഒളിമ്പിക്‌സ് കൗണ്‍സിലിന്റെ ലോക ചാമ്പ്യന്‍ കൂടിയായ ഉഗുയേവ് സവുറിനെതിരെ 4-7 എന്ന സ്കോറിനാണ് പരാജയം ഏറ്റുവാങ്ങിയത്.
Also read- Tokyo Olympics| മൂന്നാം റൗണ്ടിലും രണ്ടാം സ്ഥാനം നിലനിർത്തി അദിതി അശോക്; ഗോൾഫിൽ മെഡൽ സ്വപ്നവുമായി ഇന്ത്യഅതേസമയം ഇന്ത്യക്കായി ഇന്നലെ പുരുഷന്മാരുടെ 86 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സെമിയിൽ തോറ്റതിനെ തുടർന്ന് റെപ്പാഷെ റൗണ്ടിലെ പ്രകടനത്തിലൂടെ വെങ്കല മെഡലിനായി മത്സരിച്ച ദീപക് പുനിയ അവസാന നിമിഷം മെഡൽ കൈവിടുകയായിരുന്നു. സാൻ മരീനോയുടെ മൈൽസ് അമീനോട് 2-4 എന്ന സ്കോറിന് തോൽക്കുകയായിരുന്നു. അവസാന നിമിഷം പോയിന്റുലൂടെയായിരുന്നു അമീൻ ഇന്ത്യൻ താരത്തിന് മേൽ വിജയം ഉറപ്പിച്ചത്. വനിതകളുടെ 57 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ വെങ്കല മെഡൽ പോരാട്ടത്തിൽ ഇന്ത്യയുടെ അൻഷു മാലിക്കിനും ജയിക്കാൻ കഴിഞ്ഞിരുന്നില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.