ടോക്യോ ഒളിമ്പിക്സിൽ നിരാശ മാത്രമായിരുന്ന അമ്പെയ്ത്തിൽ പ്രതീക്ഷയുടെ വെളിച്ചം വിതറി ദീപിക കുമാരി പ്രീക്വാർട്ടറിൽ. മിന്നുന്ന ജയവുമായാണ് ദീപിക വനിതകളുടെ വ്യക്തിഗത ഇനത്തിൽ പ്രീക്വാർട്ടർ യോഗ്യത നേടിയത്. എലിമിനേഷൻ റൗണ്ടിലെ ആവേശപ്പോരാട്ടത്തിൽ അമേരിക്കയുടെ ജെന്നിഫര്‍ മൂസിനോ ഫെര്‍ണാണ്ടസിനെയാണ് ഇന്ത്യൻ താരം തോൽപ്പിച്ചത്.
ലോക ഒന്നാം നമ്പർ താരവും ടൂർണമെന്റിൽ ഒമ്പതാം സീഡുമായ ദീപിക ആദ്യം ഒന്ന് വിയർത്തതിന് ശേഷമാണ് മത്സരത്തിൽ 6-4ന്റെ വിജയം സ്വന്തമാക്കിയത്. ആവേശകരമായ മല്‍സരത്തില്‍ ആദ്യ സെറ്റ് അമേരിക്കൻ താരത്തിന് മുന്നിൽ അടിയറവ് വച്ചതിന് ശേഷമായിരുന്നു ഇന്ത്യൻ താരത്തിന്റെ അവിസ്മരണീയ തിരിച്ചുവരവ് കണ്ട മത്സരം നടന്നത്. ആദ്യ സെറ്റില്‍ 26-25നായിരുന്നു അമേരിക്കന്‍ താരത്തിന്റെ വിജയം. ആദ്യ സെറ്റ് കൈവിട്ടെങ്കിലും മനോഹരമായി പോരാടിയ താരം രണ്ടാം സെറ്റില്‍ അമേരിക്കൻ താരത്തിന് ഉറച്ച മറുപടി നൽകി. 28-25നായിരുന്നു ഇന്ത്യന്‍ താരം സെറ്റ് കൈക്കലാക്കിയത് (2-2).
രണ്ടാം സെറ്റിലെ മികവ് മൂന്നാം സെറ്റിലും തുടർന്ന ഇന്ത്യൻ താരം 27-25ന്റെ വിജയവുമായി മത്സരത്തിൽ 4-2ന്റെ ലീഡ് നേടി. പക്ഷെ നാലാം സെറ്റില്‍ അമേരിക്കന്‍ താരം തിരിച്ചടിച്ചു. 25-24ന്റെ വിജയത്തോടെ ജെന്നിഫര്‍ സ്‌കോര്‍ 4-4 ആക്കി മാറ്റി. നിര്‍ണായകമായ അവസാന സെറ്റില്‍ ദീപിക തന്റെ സകല മികവും എടുത്ത് പോരാടി 26-25ന്റെ ത്രസിപ്പിക്കുന്ന ജയത്തോടെ സെറ്റും മല്‍സരവും സ്വന്തമാക്കി.
നേരത്തെ നടന്ന എലിമിമേഷന്റെ ആദ്യ റൗണ്ട് മല്‍സരത്തില്‍ ഭൂട്ടാന്റെ യുവതാരമായ കര്‍മയെ പരാജയപ്പെടുത്തിയാണ് ദീപിക അവസാന വട്ട എലിമിനേഷൻ റൗണ്ടിലേക്ക് മുന്നേറിയത്. മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ദീപിക വിജയം സ്വന്തമാക്കിയത്. സ്കോർ : 6-0
അതേസമയം, അമ്പെയ്ത്തില്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷയാണ് ദീപിക കുമാരി. പുരുഷന്‍മാരുടെ വ്യക്തിഗത ഇനത്തില്‍ തരുണ്‍ദീപ് റായ്, പ്രവീണ്‍ ജാദവ് എന്നിവര്‍ ഇന്ത്യക്കായി ഇറങ്ങിയിരുന്നെങ്കിലും ഇരുവർക്കും പ്രീക്വാർട്ടർ കടന്ന് മുന്നേറാൻ കഴിഞ്ഞില്ല.
ലോക രണ്ടാം നമ്പര്‍ താരമായ റഷ്യയുടെ ഗല്‍സാന്‍ ബസര്‍ഷപോവിനെ വീഴ്ത്തി പ്രീക്വാർട്ടറിലേക്ക് എത്തിയ ജാദവിന് ലോക ഒന്നാം നമ്പർ താരമായ അമേരിക്കയുടെ ബ്രാഡി എലിസണിന് മുന്നിൽ അതെ മികവ് ആവർത്തിക്കാൻ കഴിഞ്ഞില്ല. 28-27, 27-26, 26-23 എന്ന സ്‌കോറിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു എലിസണ്‍ വിജയം സ്വന്തമാക്കിയത്.
പ്രീ ക്വാര്‍ട്ടറിലെ ആദ്യ സെറ്റില്‍ 27-28ന് ജാദവ് പിന്നില്‍ പോയിരുന്നു. രണ്ടാം സെറ്റില്‍ ആദ്യ രണ്ട് ആരോയിലും മികച്ച പ്രകടനം പുറത്തെടുത്ത ജാദവിന്റെ മൂന്നാം ശ്രമം ഏഴ് പോയിന്റ് മാത്രമായപ്പോള്‍ 26-27ന് ഇന്ത്യന്‍ താരം പിന്നില്‍ പോയി. മൂന്നാം സെറ്റില്‍ ജാദവിന് മികച്ച പ്രകടനം പുറത്തെടുക്കാനാകാതെ പോയപ്പോള്‍ ബ്രാഡി എല്‍സണ്‍ അനായാസം 6-0ന്റെ വിജയം നേടി. 26-23ന് ആണ് മൂന്നാം സെറ്റ് ബ്രാഡി സ്വന്തമാക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.