ടോക്യോ: ഒളിംപിക്സ് അമ്പെയ്ത്ത് മത്സരത്തിൽ മിക്‌സഡ് ഡബിള്‍സിലും ബാഡ്മിന്റണിലും ഇന്ത്യക്ക് തോൽവി. അമ്പെയ്ത്ത് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയുടെ ദീപിക കുമാരി-പ്രവീണ്‍ യാദവ് സഖ്യത്തെ റിപ്പബ്ലിക്ക് ഓഫ് കൊറിയയുടെ ആന്‍ സാന്‍-കിം ജി ഡിയോക്ക് സഖ്യമാണ് തോല്‍പ്പിച്ചത്. 6-2 എന്ന സ്‌കോറിനാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്.
പ്രീക്വാര്‍ട്ടറില്‍ പുറത്തെടുത്ത മികവ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ആവര്‍ത്തിക്കാന്‍ ഇന്ത്യന്‍ ടീമിന് കഴിയാതെ പോയി. മൂന്നാം സെറ്റില്‍ മുന്നിലെത്തിയെങ്കിലും നിര്‍ണായകമായ നാലാം സെറ്റില്‍ ശരാശരി പ്രകടനം മാത്രമാണ് ദീപിക കുമാരിയ്ക്കും പ്രവീണ്‍ യാദവിനും പുറത്തെടുക്കാനായത്. മറുവശത്ത് കൊറിയന്‍ താരങ്ങള്‍ ലോകോത്തര നിലവാരമുള്ള പ്രകടനമാണ് എല്ലാ സെറ്റിലും പുറത്തെടുത്തത്. സെമി ഫൈനലില്‍ കൊറിയന്‍ ടീം മെക്‌സിക്കോയെ നേരിടും.
Also Read- 2016ൽ റിയോയില്‍ നിന്ന് കണ്ണീരോടെ മടക്കം; ഇന്ന് രാജ്യത്തിന്റെ അഭിമാനം; മീരാഭായ് ചാനു
ബാഡ്മിന്റണിലും നിരാശയോടെയാണ് ഇന്ത്യയുടെ തുടക്കം. ഗെയിംസിന്റെ രണ്ടാം ദിനത്തിൽ നടന്ന പുരുഷ സിംഗിൾസ് ബാഡ്മിന്റണ്‍ ആദ്യ റൗണ്ടിൽ ഇന്ത്യയുടെ സായ് പ്രണീത് തോറ്റു. ഇസ്രായേലിന്റെ സിൽബെർമാൻ മിഷയോട് നേരിട്ടുള്ള ഗെയിമുകൾക്കാണ് പ്രണീത് തോറ്റത്. സ്കോർ: 17-21, 15-21. ഇസ്രായേലി താരത്തോട് 40 മിനിറ്റിനുള്ളിൽ തന്നെ പ്രണീത് കിഴടങ്ങുകയായിരുന്നു.
ഷൂട്ടിംഗില്‍ നിരാശ; സൗരഭ് ചൗധരി പുറത്ത്, ഏഴാം സ്ഥാനം മാത്രം
ഒളിംപിക്‌സ് ഷൂട്ടിംഗില്‍ ഇന്ത്യക്ക് നിരാശ. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സൗരഭ് ചൗധരി മെഡല്‍ കാണാതെ പുറത്തായി. ഫൈനലില്‍ ഏഴാം സ്ഥാനത്ത് മാത്രമാണ് ലോക രണ്ടാം നമ്പര്‍ താരമായ സൗരഭിന് ഫിനിഷ് ചെയ്യാനായത്. യോഗ്യതാ റൗണ്ടില്‍ 600ല്‍ 586 പോയിന്‍റുമായി ഒന്നാമതെത്തിയാണ് സൗരഭ് കലാശപ്പോരിന് യോഗ്യനായത്. മറ്റൊരു ഇന്ത്യന്‍ താരം അഭിഷേക് വര്‍മ ഫൈനലിലെത്താതെ നേരത്തെതന്നെ പുറത്തായിരുന്നു.
Also Read- അന്ന് വീട്ടിലെ അടുപ്പു കത്തിക്കാന്‍ വിറക് ചുമന്നു;ഇന്ന് നാടിന്റെ അഭിമാനമുയര്‍ത്തി മീരാഭായ്
10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യന്‍ വനിതകള്‍ ഫൈനലിലെത്താതെ പുറത്തായി. യോഗ്യതാ റൗണ്ടില്‍ ഇളവേനിൽ വാളരിവന്‍ 16 ഉം അപുർവി ചന്ദേല 36 ഉം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഈ ഇനത്തില്‍ വിജയിച്ച് ടോക്കിയോ ഒളിംപിക്‌സിലെ ആദ്യ സ്വര്‍ണം ചൈന സ്വന്തമാക്കി. ചൈനയുടെ യാങ് കിയാന്‍ സ്വര്‍ണവും റഷ്യന്‍ താരം വെള്ളിയും സ്വിസ് താരം വെങ്കലവും നേടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Tokyo Olympics, Tokyo Olympics 2020, Tokyo Olympics 2021