ഇന്റർഫേസ് /വാർത്ത /Sports / Tokyo Olympics| എലൈൻ തോംസണ് ചരിത്ര നേട്ടം; സ്പ്രിന്റ് ഡബിൾ നിലനിർത്തുന്ന ആദ്യ വനിത

Tokyo Olympics| എലൈൻ തോംസണ് ചരിത്ര നേട്ടം; സ്പ്രിന്റ് ഡബിൾ നിലനിർത്തുന്ന ആദ്യ വനിത

Elaine Thompson, Credits: Twitter

Elaine Thompson, Credits: Twitter

2016 റിയോ ഒളിമ്പിക്സിൽ 100, 200 മീറ്ററിൽ എലൈൻ തന്നെയായിരുന്നു സ്വർണം നേടിയത്.

  • Share this:

ടോക്യോ ഒളിമ്പിക്സിൽ പുതുചരിത്രം രചിച്ച് ജമൈക്കൻ വനിതാ താരം എലൈൻ തോംസൺ. ഇന്നലെ നടന്ന വനിതകളുടെ 200 മീറ്റർ മത്സരത്തിൽ സ്വർണം നേടിയതോടെ ഒളിമ്പിക്സ് ചരിത്രത്തിൽ സ്പ്രിന്റ് ഡബിൾ നിലനിർത്തുന്ന ആദ്യ വനിത എന്ന നേട്ടമാണ് താരത്തെ തേടിയെത്തിയത്. നേരത്തെ 100 മീറ്ററിൽ ഒളിമ്പിക് റെക്കോർഡോടെ താരം സ്വർണം നേടിയിരുന്നു. കഴിഞ്ഞ റിയോ ഒളിമ്പിക്സിലും എലൈൻ തന്നെയായിരുന്നു ഈ ഇനങ്ങളിൽ ഒളിമ്പിക് ചാമ്പ്യൻ. ഇതോടെ ഒളിമ്പിക്‌സ് ട്രാക്ക് ആന്റ് ഫീല്‍ഡ് വ്യക്തിഗത വിഭാഗത്തില്‍ നാല് സ്വര്‍ണം നേടുന്ന ആദ്യ വനിതയായും തോംസണ്‍ മാറി.

എലൈൻ സ്വർണം നേടിയെങ്കിലും 100 മീറ്ററിലേത് പോലെ ജമൈക്കയുടെ ആധിപത്യം 200 മീറ്ററിൽ കാണാൻ കഴിഞ്ഞില്ല. എലൈന് പുറമെ മത്സരത്തിൽ ഇറങ്ങിയ ജമൈക്കയുടെ വെറ്ററൻ താരമായ ഷെല്ലി ആൻ ഫ്രേസറിന് മെഡൽ നേടാൻ കഴിഞ്ഞില്ല. അവസാന നിമിഷം വരെ എലൈന്റെ പുറകിൽ ഷെല്ലി ഉണ്ടായിരുന്നെങ്കിലും പിന്നീട് പിന്നിലാവുകയായിരുന്നു. നാലാം സ്ഥാനത്തായാണ് ഷെല്ലി മത്സരം അവസാനിപ്പിച്ചത്. 100 മീറ്ററിൽ വെങ്കലം നേടിയ ജമൈക്കൻ താരമായ ഷെറീക്ക ജാക്സൺ ഹീറ്റ്സിലെ മോശം പ്രകടനം മൂലം ഫൈനലിൽ എത്താതെ പുറത്തായിരുന്നു.

നമീബയുടെ ക്രിസ്റ്റീന്‍ ബൊമയ്ക്കാണ് വെള്ളി. അമേരിക്കയുടെ ഗബ്രിയേലെ തോമസ് വെങ്കലവും നേടി.

21.53 സെക്കന്റിൽ ഫിനിഷ് ലൈൻ കടന്ന എലൈൻ 200 മീറ്ററിൽ തന്റെ മികച്ച ദൂരം കണ്ടെത്തി. ഒളിമ്പിക്സിൽ വനിതകളുടെ 200 മീറ്ററിലെ രണ്ടാമത്തെ മികച്ച സമയം കൂടിയാണ് ഇതോടൊപ്പം താരം രേഖപ്പെടുത്തിയത്. 1988 സിയോളില്‍ സ്വര്‍ണം നേടിയ ഫ്‌ളോറെന്‍സ് ഗ്രിഫ്തിന്റെ പേരിലാണ് ഒളിമ്പിക് റെക്കോർഡ്.

Also read- Tokyo Olympics| ജാവലിൻ ത്രോയിൽ യോഗ്യതാ റൗണ്ടിൽ ഒന്നാമത്; നീരജ് ചോപ്ര ഫൈനലിൽ

അത്ലറ്റിക്സിൽ ട്രാക്ക് ഇനങ്ങളിൽ 100, 200 മീറ്ററുകളിൽ സ്വർണം നേടി സ്പ്രിന്റ് ഡബിൾ നിലനിർത്തുന്ന രണ്ടാമത്തെ മാത്രം താരമാകാനും എലൈന് കഴിഞ്ഞു. ഈ നേട്ടങ്ങൾ ആദ്യം സ്വന്തമാക്കിയത് ജമൈക്കയുടെ തന്നെ താരമായ സ്പ്രിന്റ് ഇനങ്ങളിൽ വേഗരാജാവായിരുന്ന ഉസൈൻ ബോൾട്ടാണ്. തുടർച്ചയായി മൂന്ന് ഒളിമ്പിക്സുകളിൽ ബോൾട്ട് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. 2008 ബീജിംഗ് ഒളിമ്പിക്സ്, 2012 ലണ്ടൻ ഒളിമ്പിക്സ്, 2016 റിയോ ഒളിമ്പിക്സ് എന്നിവയിൽ ബോൾട്ടായിരുന്നു 100, 200 മീറ്റർ ഒളിമ്പിക് ചാമ്പ്യൻ. 2016 റിയോ ഒളിമ്പിക്സോടെ താരം ട്രാക്കിൽ നിന്ന് വിരമിക്കുകയും ചെയ്തിരുന്നു.

First published:

Tags: Elaine Thompson, Tokyo Olympics, Tokyo Olympics 2020