ടോക്യോയിലെ ഒളിമ്പിക്സിൽ ചരിത്ര നേട്ടം കുറിച്ച് ഓസ്‌ട്രേലിയൻ നീന്തൽ താരമായ എമ്മ മക്കിയോൺ. ഒളിമ്പിക്സ് ചരിത്രത്തില്‍ നീന്തലിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടുന്ന വനിതാ താരമെന്ന റെക്കോർഡാണ് എമ്മ നീന്തിയെടുത്തത്. ഏഴ് മെഡലുകളാണ് താരം നേടിയത്. ഇതോടെ ഒരു ഒളിമ്പിക്സിൽ നിന്നും കൂടുതൽ മെഡലുകൾ നേടുന്ന വനിത എന്ന റെക്കോർഡിന് ഒപ്പം എത്താൻ കൂടി ഓസ്‌ട്രേലിയൻ താരത്തിന് കഴിഞ്ഞു. 1952ല്‍ സോവിയറ്റ് യൂണിയന്റെ ജിംനാസ്റ്റിക് താരം മരിയ ഗോരോഖോവ്സ്കായയുടെ റെക്കോർഡിനൊപ്പമാണ് താരം എത്തിയത്.
അതേസമയം ഒരു ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ മെഡ്‌ലറുകൾ നേടിയ റെക്കോർഡ് അമേരിക്കയുടെ ഇതിഹാസമായ നീന്തൽ താരം മൈക്കൽ ഫെൽപ്സിന്റെ പേരിലാണ്. എട്ട് മെഡലുകളാണ് താരം 2008 ബീജിംഗ് ഒളിമ്പിക്സിൽ നിന്നും നേടിയത്.
ടോക്യോയിൽ എമ്മ നേടിയ ഏഴ് മെഡലുകളില്‍ നാല് സ്വര്‍ണവും മൂന്ന് വെങ്കലവുമാണ് ഉൾപ്പെടുന്നത്. നേരത്തെ 2016 റിയോയിൽ നടന്ന ഒളിമ്പിക്സിൽ ഒരു സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും അടക്കം നാല് മെഡലുകൾ നേടിയ എമ്മയുടെ ഒളിമ്പിക്സ് മെഡൽ നേട്ടം ഇതോടെ 11 ആയി. ഇതോടെ ഓസ്‌ട്രേലിയക്ക് വേണ്ടി ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ മെഡൽ നേടുന്ന താരം കൂടിയായി എമ്മ.
4x100 മീറ്റർ മെഡ്‌ലെ റിലെ, 4x100 മീറ്റർ ഫ്രീസ്റ്റൈൽ, 100 മീറ്റർ ഫ്രീസ്റ്റൈൽ, 50 മീറ്റർ ഫ്രീസ്റ്റൈൽ, 4x200 മീറ്റർ ഫ്രീസ്റ്റൈൽ, 4x100 മീറ്റർ ബട്ടർഫ്‌ളൈ, 100 മീറ്റർ ബട്ടർഫ്‌ളൈ എന്നീ ഇനങ്ങളിലാണ് എമ്മ മെഡലുകൾ വാരിയെടുത്തത്. 50, 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ മത്സരങ്ങളിൽ ഒളിമ്പിക് റെക്കോർഡോടെയാണ് താരം സ്വർണം നേടിയത്. 4×100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലെയില്‍ ലോക റെക്കോര്‍ഡോടെയും, 4×100 മീറ്റര്‍ മെഡ്‌ലെ റിലെയില്‍ ഒളിമ്പിക് റെക്കോർഡോടെയുമാണ് എമ്മ അടങ്ങിയ ഓസ്‌ട്രേലിയൻ വനിതാ സംഘം സ്വർണം നേടിയത്. ഇതിനോടൊപ്പമായിരുന്നു 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ, 4×200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലെ, 4x100 മീറ്റർ ബട്ടർഫ്‌ളൈ റിലെ എന്നീ ഇനങ്ങളിൽ എമ്മയുടെ വെങ്കല നേട്ടം.
ടോക്യോയിൽ നീന്തലിൽ ഏറ്റവും കൂടുതൽ മെഡലുകൾ വാരിയ താരവും എമ്മ തന്നെയാണ്. റെക്കോർഡ് പ്രകടനം നടത്തി അഞ്ച് സ്വർണ മെഡൽ വാരിയ അമേരിക്കയുടെ പുരുഷ താരമായ കാലെബ് ഡ്രെസ്സെൽ എമ്മക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. വനിതകളുടെ നീന്തലിലെ സൂപ്പർ താരമായ കാറ്റി ലെഡക്കിക്ക് രണ്ട് സ്വർണം ഉൾപ്പെടെ നാല് മെഡലുകളാണുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.