അമ്പെയ്ത്തിൽ പുരുഷന്മാരുടെ വ്യക്തിഗത ഇനത്തിൽ ഇന്ത്യയുടെ അതാനു ദാസ് ക്വാർട്ടർ ഫൈനലിൽ. കടുപ്പമേറിയ പ്രീക്വാർട്ടർ പോരാട്ടത്തിൽ മുൻ ഒളിമ്പിക് ചാമ്പ്യനായ ദക്ഷിണ കൊറിയയുടെ ഓ ജിൻ-ഹെയ്ക്കിനെ അട്ടിമറിച്ചാണ് അതാനു ദാസ് ക്വാർട്ടർ യോഗ്യത നേടിയത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ 6-5 എന്ന സ്കോറിനാണ് അതാനു കൊറിയൻ താരത്തിന് മേൽ അട്ടിമറി ജയം നേടിയത്. 2012 ലണ്ടൻ ഒളിമ്പിക്സിൽ ദക്ഷിണ കൊറിയക്കായി സ്വർണം നേടിയ താരമാണ് ഓ ജിൻ-ഹെയ്ക്ക്.
പ്രീക്വാർട്ടർ മത്സമായ 1/16 എലിമിനേഷൻ റൗണ്ടിൽ അഞ്ച് സെറ്റുകൾ നീണ്ട പോരാട്ടത്തിന് ശേഷം ഷൂട്ട് ഓഫ് പോയിന്റിലൂടെയാണ് വിജയയിയെ തീരുമാനിച്ചത്. ഷൂട്ട് ഓഫില്‍ അതാനു ദാസ് 10 പോയിന്റ് ഓ ജിൻ-ഹെയ്ക്കിന് ഒമ്പത് പോയിന്റ് നേടാനേ കഴിഞ്ഞുള്ളൂ.
നേരത്തെ നടന്ന 1/32 എലിമിനേഷൻ റൗണ്ടിൽ ചൈനീസ് തായ്‌പേയുടെ യു ചെങ് ഡെങ്ങിനെ പരാജയപ്പെടുത്തിയാണ് അതാനു ദാസ് പ്രീക്വാർട്ടറിലേക്ക് കടന്നത്. മത്സരത്തിൽ തുടക്കം മുതൽ മികച്ച പ്രകടനം നടത്താൻ അതാനുവിന് കഴിഞ്ഞിരുന്നു. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ 6-4 എന്ന സ്കോറിനായിരുന്നു ഇന്ത്യൻ താരത്തിന്റെ വിജയം.
അതേസമയം, പുരുഷന്മാരുടെ വ്യക്തിഗത ഇനത്തിൽ അതാനുവിന് പുറമെ തരുണ്‍ദീപ് റായ്, പ്രവീണ്‍ ജാദവ് എന്നിവർ ഇന്ത്യക്കായി ഇറങ്ങിയിരുന്നെങ്കിലും പ്രീക്വാർട്ടർ കടന്ന് മുന്നേറാൻ കഴിഞ്ഞില്ല. ലോക രണ്ടാം നമ്പര്‍ താരമായ റഷ്യയുടെ ഗല്‍സാന്‍ ബസര്‍ഷപോവിനെ വീഴ്ത്തി പ്രീക്വാർട്ടറിലേക്ക് എത്തിയ ജാദവിന് ലോക ഒന്നാം നമ്പർ താരമായ അമേരിക്കയുടെ ബ്രാഡി എലിസണിന് മുന്നിൽ അതെ മികവ് ആവർത്തിക്കാൻ കഴിഞ്ഞില്ല. 28-27, 27-26, 26-23 എന്ന സ്‌കോറിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു എലിസണ്‍ വിജയം സ്വന്തമാക്കിയത്.
നേരത്തെ അമ്പെയ്ത്തിൽ ടീമിനങ്ങളിൽ പാടെ നിറം മങ്ങിയതിന് ശേഷമാണ് ഇന്ത്യൻ താരങ്ങൾ വ്യക്തിഗത ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചത്. അതാനുവിനൊപ്പം അമ്പെയ്ത്തിൽ വനിതകളുടെ വ്യക്തിഗത ഇനത്തിൽ താരത്തിന്റെ ജീവിത പങ്കാളി കൂടിയായ ദീപിക കുമാരി ഇന്നലെ ക്വാർട്ടർ യോഗ്യത നേടിയിരുന്നു. നാളെ നടക്കുന്ന മത്സരത്തിൽ റഷ്യൻ ഒളിമ്പിക് കമ്മിറ്റിയുടെ സെനിയ പെറോവയെയാണ് ദീപിക നേരിടുന്നത്.
Also read- Tokyo Olympics| സിന്ധുവിന് തകർപ്പൻ ജയം; പ്രതീക്ഷകൾ ഉയർത്തി ക്വാർട്ടറിലേക്ക്
വ്യാഴാഴ്ച ഇന്ത്യക്ക് ഇതുവരെ ശുഭദിനമാണ്. നേരത്തെ ബാഡ്മിന്റണിൽ വനിതാ സിംഗിൾസിൽ പ്രീക്വാർട്ടർ മത്സരത്തിനിറങ്ങിയ പി വി സിന്ധു തകർപ്പൻ ജയവവുമായി ക്വാർട്ടറിലേക്ക് മുന്നേറിയിരുന്നു. ഡെന്മാർക്കിന്റെ മിയ ബ്ളിഷ്‌ഫെൽറ്റിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് സിന്ധു ക്വാർട്ടർ പോരാട്ടത്തിന് യോഗ്യത നേടിയത്. സ്കോർ: 21- 15, 21-13
ഇതോടൊപ്പം ഹോക്കിയിലും ഇന്ത്യക്ക് ശുഭവാർത്തയാണ് ലഭിച്ചത്. പൂൾ എ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ പുരുഷ സംഘം ക്വാർട്ടറിലേക്ക് യോഗ്യത നേടുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.