ഒളിമ്പിക്സിൽ ഹോക്കിയിൽ വമ്പൻ തോൽവി ഏറ്റുവാങ്ങി ഇന്ത്യൻ പുരുഷ ഹോക്കി ടീം. ലോക ഒന്നാം നമ്പർ ടീമായ ഓസ്‌ട്രേലിയയാണ് ഇന്ത്യൻ ടീമിനെ തകർത്ത് വിട്ടത്. ആദ്യ മത്സരത്തിൽ വിജയം നേടിയതിന്റെ ആത്മവിശ്വത്തിൽ ഇറങ്ങിയ ഇന്ത്യൻ ടീമിനെ ഓസ്‌ട്രേലിയ 7-1 നാണ് തകർത്ത് വിട്ടത്. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും ഓസീസ് ടീമിന് മുന്നിൽ വെല്ലുവിളി ഉയർത്താൻ ഇന്ത്യൻ ടീമിന് കഴിഞ്ഞില്ല.
തുടക്കം മുതല്‍ ആക്രമണം അഴിച്ചുവിട്ട ഓസ്‌ട്രേലിയക്ക് മുന്നിൽ കഴിഞ്ഞ മത്സരത്തിൽ ഇന്ത്യൻ വിജയത്തിലെ ഹീറോയായ ഗോൾകീപ്പർ ശ്രീജേഷ് തുടരെ സേവുകൾ നടത്തി അൽപ നേരം ഓസ്‌ട്രേലിയൻ നിരയെ ചെറുത്ത് നിന്നു. എന്നാൽ പ്രതിരോധ നിര തീർത്തും നിറം മങ്ങിയതോടെ ഇന്ത്യൻ ഗോൾമുഖത്തേക്ക് ഇരമ്പിയെത്തിയ ഓസ്‌ട്രേലിയൻ താരങ്ങൾക്കെതിരെ ശ്രീജേഷിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
ഇന്ത്യൻ നിരയ്ക്ക് മേൽ ആധിപത്യം സ്ഥാപിച്ചെടുത്ത ഓസീസ് ടീം മത്സരത്തിന്റെ രണ്ടാം ക്വാര്‍ട്ടറില്‍ തന്നെ നാല് ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. മൂന്നാം ക്വാർട്ടറിൽ ഇന്ത്യക്ക് ഒരു പെനാൽറ്റി കോർണർ ലഭിച്ചെങ്കിലും അത് മുതലെടുക്കാൻ രൂപീന്ദർപാൽ സിങ്ങിന് കഴിഞ്ഞില്ല.
എന്നാലും പ്രതീക്ഷ വിടാതെ ഇന്ത്യൻ ടീം ഗോൾ നേടാൻ ശ്രമിച്ചു കൊണ്ടിരുന്നു. മൂന്നാം ക്വാർട്ടറിൽ തന്നെ ഇന്ത്യ ഗോൾ നേടി. കളിയിലെ ഇന്ത്യയുടെ ഏക ഗോൾ നേടിയത് ദിൽപ്രീത് സിങ് ആയിരുന്നു. രുപീന്ദര്‍ സിങ്ങിന്റെ ലോങ് ബോളില്‍ നിന്നായിരുന്നു ദില്‍പ്രീത് സിങ് ഇന്ത്യയുടെ ആശ്വാസ ഗോൾ നേടിയത്. എന്നാല്‍ ഇതിന് പിന്നാലെ തന്നെ ഇന്ത്യയുടെ ഫൗളിൽ നിന്നും ലഭിച്ച പെനാല്‍റ്റി സ്‌ട്രോക്കിൽ നിന്നും ഓസ്‌ട്രേലിയ അവരുടെ ലീഡ് അഞ്ചാക്കി ഉയര്‍ത്തി.
അഞ്ച് ഗോൾ നേടിയിട്ടും ഓസീസ് ടീം ആക്രമണത്തിൽ നിന്നും പിന്നോട്ട് പോവാൻ തയാറായില്ല. തുടർ മുന്നേറ്റങ്ങൾ നടത്തിയ അവർ ഇന്ത്യൻ താരങ്ങളുടെ പിഴവുകൾ മുതലാക്കി വീണ്ടും ഗോൾ നേടി. ഇങ്ങനെ ലഭിച്ച രണ്ട് പെനാല്‍റ്റി സ്ട്രോക്കുകളിൽ നിന്നും ഒരെണ്ണം ഗോളാക്കി മാറ്റിയാണ് അവർ ആറാം ഗോൾ നേടിയത്.
കളിയുടെ അവസാന പാദത്തിൽ നാലാം ക്വാര്‍ട്ടറില്‍ ഫയലിന്റെ പേരിൽ ഗ്രീൻ കാർഡ് കണ്ട ഓസ്‌ട്രേലിയ 10 പേരായി ചുരുങ്ങിയെങ്കിലും അത് മുതലെടുക്കാനുള്ള അവസരം അവർ ഇന്ത്യക്ക് നൽകിയില്ല എന്ന് മാത്രമല്ല പത്ത് പേരായി ചുരുങ്ങിയതിന് ശേഷമായിരുന്നു ഇന്ത്യൻ ടീമിന്റെ നെഞ്ചിലേക്ക് അവസാനത്തെ നിറയെന്നോണം അവരുടെ ഏഴാം ഗോള്‍ നേടിയത്.
ആദ്യ കളിയില്‍ ന്യൂസിലാന്‍ഡിനെ 3-2ന് ഇന്ത്യ തോല്‍പ്പിച്ചിരുന്നു. ജപ്പാനെ 5-3ന് തോല്‍പ്പിച്ചാണ് ഇന്ത്യക്കെതിരായ മത്സരത്തിന് ഓസ്‌ട്രേലിയ ഇറങ്ങിയത്. ജപ്പാനെതിരെ പിന്നിൽ നിന്ന ശേഷം ഗോളടിച്ച് കയറിയാണ് വിജയിച്ചതെങ്കിൽ ഇന്ത്യക്കെതിരെ തുടക്കം മുതൽ ഒടുക്കം വരെ ആധിപത്യം പുലർത്തിയായിരുന്നു അവർ വിജയിച്ചത്.
ജൂലൈ 27ന് നടക്കുന്ന പൂൾ എയിലെ അടുത്ത മത്സരത്തിൽ ഇന്ത്യക്ക് സ്പെയിനും ഓസ്‌ട്രേലിയക്ക് അർജന്റീനയുമാണ് എതിരാളികൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.