ടോക്യോയിൽ മെഡൽ നേടുന്ന കായിക താരങ്ങൾക്ക് പാരിതോഷികങ്ങൾ പ്രഖ്യാപിച്ച് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ. ഇതാദ്യമായാണ് ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് പാരിതോഷികങ്ങൾ നൽകുന്നത്. ഒളിമ്പിക്സിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പാരിതോഷികങ്ങളും ജോലി വാഗ്ദാനങ്ങളും നല്കാറുണ്ടെങ്കിലും ഒളിമ്പിക് അസോസിയേഷൻ ഇതുവരെയും അത്തരത്തിൽ ഒരു പ്രഖ്യാപനങ്ങളും നടത്തിയിരുന്നില്ല.
താരങ്ങൾക്ക് പുറമെ ദേശിയ സ്പോർട്സ് ഫെഡറേഷനുകൾക്കും സംസ്ഥാന ഒളിമ്പിക്സ് അസോസിയേഷനുകൾക്കും സഹായം എന്ന നിലയ്ക്ക് അസോസിയേഷൻ പണം നൽകുമെന്ന് അറിയിച്ചു. കഴിഞ്ഞ ഒരു കൊല്ലമായി കോവിഡ് പ്രതിസന്ധിയിൽ പെട്ട് കഷ്ടതകൾ അനുഭവിക്കുന്ന എല്ലാവർക്കും ഒരു സഹായം എന്ന നിലയിലാണ് ഈ പ്രഖ്യാപനം എന്ന് ഒളിമ്പിക് അസോസിയേഷൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.
ടോക്യോയിൽ താരങ്ങൾ നേടുന്ന ഓരോ മെഡലിനും പാരിതോഷികം എന്ന നിലയിൽ പ്രത്യേകം തുകകൾ നിശ്ചയിച്ചിട്ടുണ്ട്. സ്വർണ്ണ മെഡൽ നേടുന്നവർക്ക് 75 ലക്ഷം രൂപയും, വെള്ളി മെഡൽ നേടുന്നവർക്ക് 40 ലക്ഷം രൂപയും, വെങ്കല മെഡൽ നേടുന്നവർക്ക് 25 ലക്ഷം രൂപയുമാണ് ലഭിക്കുക. ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഓരോ കായിക താരത്തിനും ഒരു ലക്ഷം രൂപ വീതവും നൽകും. ഇതിന് പുറമെ കായിക മാമാങ്കത്തിൽ പങ്കെടുക്കുന്ന ഓരോ ദേശീയ സ്പോർട്സ് ഫെഡറേഷനുകൾക്കും 25 ലക്ഷം രൂപ വീതം നൽകും എന്നും അസോസിയേഷൻ അറിയിച്ചു
ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഓരോ ദേശീയ സ്പോർട്സ് ഫെഡറേഷനുകൾക്കും ബോണസായി 25 ലക്ഷം രൂപ നൽകണമെന്ന ഉപദേശക സമിതിയുടെ നിർദേശം അസോസിയേഷൻ അംഗീകരിക്കുകയായിരുന്നു. മെഡൽ നേടുന്ന ഫെഡറേഷനുകൾക്ക് 35 ലക്ഷവും സമ്മാനിക്കും. ഇതിന് പുറമേയായി സഹായം എന്ന നിലക്ക് ദേശീയ സ്പോർട്സ് ഫെഡറേഷനിലെ മറ്റ് അംഗങ്ങൾ 15 ലക്ഷം രൂപ വീതവും നൽകും.
ഇന്ത്യൻ സംഘത്തിലുള്ളവർക്ക് ടോക്യോയിൽ നിൽക്കുന്ന ഓരോ ദിവസവും 50 ഡോളർ വീതം പോക്കറ്റ് അലവൻസായി നൽകണം എന്നും ഉപദേശക കമ്മിറ്റി ശുപാർശ ചെയ്തിരുന്നു ഇതാദ്യമായാണ് ഒളിമ്പിക്സിലെ മെഡൽ ജേതാക്കൾക്കും മെഡൽ സമ്മാനിക്കുന്ന ഫെഡറേഷനും പാരിതോഷികം പ്രഖ്യാപിക്കുന്നത് എന്ന് ഒളിമ്പിക്ക് അസോസിയേഷൻ സെക്രട്ടറി ജനറൽ രാജീവ് മേഹ്ത്ത പറഞ്ഞു.
ഇതിന് പുറമേ സംസ്ഥാന ഒളിമ്പിക്സ് അസോസിയേഷനിലെ ഓരോ അംഗങ്ങൾക്കും 15 ലക്ഷം രൂപ വീതം നൽകുമെന്നും രാജീവ് മേഹ്ത്ത പറഞ്ഞു. സംസ്ഥാനങ്ങളിൽ സ്പോർട്സുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും താരങ്ങൾക്ക് നൽകിയ പ്രോത്സാഹനവും കണക്കിലെടുത്താണ് തീരുമാനം എന്നും അദ്ദേഹം വിശദീകരിച്ചു.
“ഫെഡറേഷനുകളും അത്ലറ്റുകളും നേരിടുന്ന പ്രയാസങ്ങളെ കുറിച്ച് ഒളിമ്പിക്ക്സ് അസോസിയേഷൻ മനസിലാക്കുന്നു. അതിനാലാണ് എല്ലാ ഫെഡറേഷനുകൾക്കും സംസ്ഥാന ഒളിമ്പിക്സ് അസോസിയേഷനുകൾക്കും സഹായവും പിന്തുണയും നൽകുന്നത്. ഇതിന് എല്ലാം പുറമേയായി കോവിഡ് മഹാമാരി ഉയർത്തിയ വെല്ലുവിളി അതിജീവിച്ച് എത്തിയ കായിക താരങ്ങൾക്കും സഹായം നൽകേണ്ടതുണ്ട്,” രാജീവ് മേഹ്ത്ത പറഞ്ഞു.
അതേ സമയം പ്രഖ്യാപനത്തിന് പിന്നാലെ ഒളിമ്പിക്സ് അസോസിയേഷനിൽ ഭിന്നതയുണ്ടെന്ന സൂചനയും പുറത്ത് വന്നു. പ്രഖ്യാപനത്തിന്റെ മുഴുവൻ ബഹുമതിയും അസോസിയേഷൻ സെക്രട്ടറി ജനറൽ രാജീവ് മേഹ്ത്ത സ്വന്തമാക്കി എന്ന പരാതി പ്രസിഡന്റ് നരേന്ദർ ബത്രക്കുണ്ട് എന്നാണ് സൂചന. നരേന്ദർ ബത്ര ഐഒഎ അംഗങ്ങൾക്കായി അയച്ച ഇമെയിലിൽ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ അസോസിയേഷനിലെ അംഗങ്ങൾക്കും ഫെഡറേഷനുകൾക്കും പ്രത്യേകം തുക അനുവദിക്കണം എന്ന ചർച്ചക്ക് തുടക്കമിട്ടത് താൻ ആണെന്നും അദ്ദേഹം സന്ദേശത്തിൽ പറയുന്നുണ്ട്. യോഗത്തിലെ അജണ്ട തീരുമാനിക്കുന്നത് പ്രസിഡന്റാണെന്നും സെക്രട്ടറി ജനറലോ, ഫിനാൻസ് കമ്മറ്റി അധ്യക്ഷനോ അല്ലെന്നും അദ്ദേഹം പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.