ടോക്യോ ഒളിമ്പിക്സിൽ പുരുഷന്മാരുടെ 4x400 മീറ്റർ റിലേയിൽ ഏഷ്യൻ റെക്കോർഡ് തിരുത്തി കുറിച്ച് ഇന്ത്യൻ ടീം. ഹീറ്റ്‌സിൽ രണ്ടാമത്തെ ഗ്രൂപ്പിൽ മത്സരിച്ച ഇന്ത്യൻ ടീം 3:00.25 സെക്കന്റിലാണ് ഫിനിഷ് ലൈൻ കടന്നത്. ഇന്ത്യക്കായി മുഹമ്മദ് അനസ് യഹിയ, നോഹ നിര്‍മല്‍ ടോം, ആരോക്യ രാജീവ്, അമോജ് ജേക്കബ് എന്നിവരാണ് മത്സരത്തിനിറങ്ങിയത്. ഇതിൽ മൂന്ന് പേർ മലയാളികൾ ആണെന്നുള്ളത് കേരളത്തിന് നേട്ടമായി.
മത്സരത്തിൽ മികച്ച സമയം കണ്ടെത്തിയ ഇന്ത്യൻ ടീം ഖത്തറിന്റെ പേരിലുണ്ടായിരുന്ന ഏഷ്യൻ റെക്കോർഡാണ് തിരുത്തിക്കുറിച്ചത്. 2018 ജക്കാർത്തയിൽ വെച്ച് നടന്ന ഏഷ്യൻ ഗെയിംസിൽ 3:00.56 സെക്കന്റിൽ ഫിനിഷ് ലൈൻ കടന്നാണ് അന്ന് ഖത്തർ ടീം റെക്കോർഡ് കുറിച്ചത്.
ഏഷ്യൻ റെക്കോർഡ് തിരുത്തിക്കുറിച്ച പ്രകടനവുമായി ഇന്ത്യ തിളങ്ങിയെങ്കിലും ഹീറ്റ്‌സിൽ നിന്നും ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടാൻ ടീമിന് കഴിഞ്ഞില്ല. ഹീറ്റ്‌സിൽ നാലാം സ്ഥാനത്തായാണ് ഇന്ത്യ മത്സരം അവസാനിപ്പിച്ചത്. യോഗ്യത നേടാൻ കഴിഞ്ഞില്ലെങ്കിലും കരുത്തരായ ജപ്പാൻ, ഫ്രാൻസ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളെ പിന്നിലാക്കി മുന്നിലെത്താൻ കഴിഞ്ഞത് ഇന്ത്യക്ക് നേട്ടമായി. ഇന്ത്യ മത്സരിച്ച രണ്ടാം ഹീറ്റ്‌സിൽ നിന്ന് പോളണ്ട്, ജമൈക്ക, ബെൽജിയം എന്നിവർ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തി ഫൈനൽ റൗണ്ടിന് യോഗ്യത നേടി.
ഒന്നാം ഹീറ്റ്‌സില്‍ നിന്ന് അമേരിക്കയും ബോസ്വാനയും ട്രിനഡാഡ് ആന്റ് ടൊബാഗോയും നേരത്തെ ഫൈനല്‍ യോഗ്യത നേടിയിരുന്നു. ഇവർക്കൊപ്പം ഇതേ ഹീറ്റ്‌സിൽ നിന്ന് മികച്ച സമയാടിസ്ഥാനത്തിൽ ഇറ്റലിയും നെതര്‍ലന്റ്‌സും ഫൈനലിലേക്ക് യോഗ്യത നേടിയതോടെ ഫൈനലിൽ മത്സരിക്കാനുള്ള എട്ട് ടീമുകളുടെ പട്ടിക പൂർത്തിയായി. രണ്ട് ഹീറ്റസുകളിലെയും ടീമുകളുടെ സമയം പരിഗണിച്ചപ്പോൾ ഇന്ത്യ ഒമ്പതാം സ്ഥാനത്തായി പോയി. ഇതിനാലാണ് ഇന്ത്യക്ക് ഫൈനലിൽ ഇടം പിടിക്കാൻ കഴിയാതെ പോയത്. ഒന്നാം ഹീറ്റ്‌സില്‍ ഓടിയ ബ്രിട്ടൻ, ചെക് റിപ്പബ്ലിക്ക്, ജര്‍മനി എന്നീ ടീമുകളേക്കാൾ മികച്ച സമയം കുറിക്കാൻ ഇന്ത്യൻ ടീമിന് കഴിഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.