ഒളിമ്പിക്സിൽ ഹോക്കിയിൽ ക്വാർട്ടർ യോഗ്യത നേടി ഇന്ത്യൻ വനിതാ ഹോക്കി ടീം. പൂൾ എയിലെ അവസാന മത്സരത്തിൽ അയർലൻഡ് ഗ്രേറ്റ് ബ്രിട്ടനോട് തോറ്റതോടെയാണ് ഇന്ത്യൻ വനിതകൾ ക്വാർട്ടർ ഉറപ്പിച്ചത്. ബ്രിട്ടനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു അയർലൻഡ് തോറ്റത്. പൂൾ എയിൽ നിന്നും നാലാം സ്ഥാനക്കാരായാണ് ഇന്ത്യൻ വനിതകളുടെ മുന്നേറ്റം.
ഒളിമ്പിക്സ് ചരിത്രത്തിൽ ഇതാദ്യമായാണ് ഇന്ത്യയുടെ വനിതാ ഹോക്കി ടീം ക്വാർട്ടർ ഫൈനൽ പ്രവേശനം നേടുന്നത്. 1980 ഒളിമ്പിക്സിൽ നാലാം സ്ഥാനത്ത് ഇന്ത്യ എത്തിയിരുന്നെങ്കിലും അന്ന് ഗെയിംസിൽ ആറ് ടീമുകൾ മാത്രമാണ് മത്സരിച്ചിരുന്നത്.
ആദ്യ മൂന്ന് മത്സരങ്ങളിൽ തോറ്റ ഇന്ത്യൻ വനിതകൾ കഴിഞ്ഞ മത്സരത്തിൽ അയർലൻഡിനെതിരെ ഒരു ഗോളിന് ജയിക്കുകയും ഇന്ന് നടന്ന നിർണായക മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ മൂന്നിനെതിരേ നാലു ഗോളുകൾക്ക് തോൽപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെ ഇന്ത്യക്ക് ക്വാർട്ടർ പ്രവേശനം സാധ്യമാവണമെങ്കിൽ അയർലൻഡ് ടീം ബ്രിട്ടനെതിരെ തോൽക്കണമെന്ന സ്ഥിതി വന്നു. അങ്ങനെയിരിക്കെ ഭാഗ്യം ഇന്ത്യയെ തുണക്കുകയായിരുന്നു. പൂളിൽ അഞ്ച് മത്സരങ്ങളിൽ നിന്നു രണ്ട് ജയങ്ങളുമായി ആറു പോയന്റുകളാണ് ഇന്ത്യ നേടിയത്.
അതേസമയം, അരങ്ങേറ്റ ഒളിമ്പിക്സ് കളിക്കുന്ന അയർലൻഡിനും ഒരു ചരിത്ര നേട്ടമാണ് നഷ്ടമായത്. ഇന്നത്തെ മത്സരത്തിൽ അവർ ജയിച്ചിരുന്നെങ്കിൽ അരങ്ങേറ്റ ഒളിമ്പിക്സിൽ തന്നെ ക്വാർട്ടർ പ്രവേശനം എന്ന നേട്ടം അവർക്ക് സ്വന്തമാക്കാനുള്ള അവസരം ഉണ്ടായിരുന്നു. മത്സരത്തിൽ ഗോൾരഹിതമായ ആദ്യ ക്വാര്‍ട്ടറിന് ശേഷം രണ്ടാമത്തേയും മൂന്നാമത്തെയും ക്വാർട്ടറിൽ നേടിയ ഗോളുകളിലാണ് ബ്രിട്ടൻ അയർലൻഡിനെ തോൽപ്പിച്ചത് രണ്ടാം ക്വാര്‍ട്ടറിൽ സൂസന്ന ടൗൺസെന്‍ഡും മൂന്നാം ക്വാര്‍ട്ടറിൽ ഹന്ന മാര്‍ട്ടിനും ആണ് ബ്രിട്ടന് വേണ്ടി ഗോളുകള്‍ നേടിയത്. ഇന്ത്യയോട് കഴിഞ്ഞ മത്സരത്തിൽ പൊരുതിയാണ് അയർലൻഡ് തോറ്റത്. സമനില പ്രതീക്ഷിച്ച് നിന്ന അവരെ അവസാന കളിയുടെ അവസാന നിമിഷങ്ങളിൽ നേടിയ ഒരൊറ്റ ഗോളിലാണ് ഇന്ത്യ മറികടന്നത്.
ഇന്ത്യയുടെ ഗ്രൂപ്പിൽ നിന്നും നെതർലൻഡ്‌സ്, ജർമനി, ബ്രിട്ടൻ എന്നീ ടീമുകൾ ക്വാർട്ടറിൽ പ്രവേശിച്ചു. ക്വാർട്ടറിൽ അവസാന സ്ഥാനക്കാരായാണ് ഇന്ത്യ കടന്നു കൂടിയത്. ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായാണ് യോഗ്യത നേടിയത് എന്നതിനാൽ കരുത്തരായ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.