• HOME
  • »
  • NEWS
  • »
  • sports
  • »
  • Tokyo Olympics| നീന്തൽ : മൈക്കൽ ഫെൽപ്സിന്റെ റെക്കോർഡ് പഴങ്കഥയാക്കി ഹംഗേറിയൻ താരം ക്രിസ്റ്റോഫ് മിലാക്ക്

Tokyo Olympics| നീന്തൽ : മൈക്കൽ ഫെൽപ്സിന്റെ റെക്കോർഡ് പഴങ്കഥയാക്കി ഹംഗേറിയൻ താരം ക്രിസ്റ്റോഫ് മിലാക്ക്

200 മീറ്റർ ബട്ടർഫ്‌ളൈയിലാണ് താരം റെക്കോർഡ് നേട്ടത്തോടെ സ്വർണം നേടിയത്. മത്സരം 1:51:25 സെക്കന്റിൽ പൂർത്തിയാക്കിയ താരം 2008 ബീജിംഗ് ഒളിമ്പിക്സിൽ മൈക്കൽ ഫെൽ‌പ്സ് സ്ഥാപിച്ച 1:52:03 സെക്കന്റിന്റെ ഒളിമ്പിക് റെക്കോർഡാണ് സ്വന്തം പേരിലേക്ക് മാറ്റി എഴുതിയത്. ഈയിനത്തിൽ ലോക റെക്കോർഡും (1:50:73) ഹംഗേറിയൻ താരത്തിന്റെ പേരിലാണ്.

ഇടത്ത് നിന്നും: മൈക്കൽ ഫെൽ‌പ്സ് , ക്രിസ്റ്റോഫ് മിലാക്ക് 
Credits: Twitter

ഇടത്ത് നിന്നും: മൈക്കൽ ഫെൽ‌പ്സ് , ക്രിസ്റ്റോഫ് മിലാക്ക് Credits: Twitter

  • Share this:
    ടോക്യോ ഒളിമ്പിക്സിൽ നീന്തലിൽ ഹംഗറിയുടെ ക്രിസ്റ്റോഫ് മിലാക്കിന് ഒളിമ്പിക് റെക്കോർഡ്. നീന്തലിൽ ഇതിഹാസം എന്ന് വിശേഷിപ്പിക്കുന്ന അമേരിക്കയുടെ മൈക്കൽ ഫെൽപ്സിന്റെ റെക്കോർഡാണ് ഹംഗേറിയൻ താരം പഴങ്കഥയാക്കിയത്. 200 മീറ്റർ ബട്ടർഫ്‌ളൈയിലാണ് താരം റെക്കോർഡ് നേട്ടത്തോടെ സ്വർണം നേടിയത്. മത്സരം 1:51:25 സെക്കന്റിൽ പൂർത്തിയാക്കിയ താരം 2008 ബീജിംഗ് ഒളിമ്പിക്സിൽ മൈക്കൽ ഫെൽ‌പ്സ് സ്ഥാപിച്ച 1:52:03 സെക്കന്റിന്റെ ഒളിമ്പിക് റെക്കോർഡാണ് സ്വന്തം പേരിലേക്ക് മാറ്റി എഴുതിയത്. ഈയിനത്തിൽ ലോക റെക്കോർഡും (1:50:73) ഹംഗേറിയൻ താരത്തിന്റെ പേരിലാണ്.

    ലോക റെക്കോർഡ് ലക്ഷ്യം വച്ചിറങ്ങിയ താരത്തിന് ധരിച്ചിരുന്ന വസ്ത്രത്തിന് കേട് പറ്റിയത് മൂലമാണ് ലോക റെക്കോർഡ് നേടാൻ കഴിയാതെ പോയത്. ഇതിൽ മത്സരശേഷം താരം തന്റെ നിരാശയും ദേഷ്യവും പ്രകടിപ്പിച്ചിരുന്നു.

    അതേസമയം, നീന്തലിൽ സജീവമായിരുന്ന കാലത്ത് നീന്തൽക്കുളത്തിൽ തന്റെ അസാധ്യ മികവ് കൊണ്ട് ആധിപത്യം സ്ഥാപിച്ച് നീന്തലിൽ ഒളിമ്പിക്സിലും മറ്റ് ലോക ചാമ്പ്യൻഷിപ്പുകളിലും റെക്കോർഡുകളും മെഡലുകളും നീന്തിയെടുത്ത ഇതിഹാസ താരമാണ് അമേരിക്കയുടെ മൈക്കൽ ഫെൽ‌പ്സ്. നീന്തൽക്കുളത്തിലെ സ്വർണമൽസ്യം എന്ന വിളിപ്പേര് സ്വന്തമായിരുന്ന താരം അഞ്ച് ഒളിമ്പിക്സുകളിൽ നിന്നും സ്വന്തമാക്കിയത് 28 ഗോൾഡ് മെഡലുകളാണ് ഇതിൽ 23 എണ്ണവും സ്വർണ മെഡലുകൾ ആയിരുന്നു. ഇത് വരെ ഈ നേട്ടത്തിന് അടുത്തത്താൻ ഒരു താരത്തിനും കഴിഞ്ഞിട്ടില്ല. ഇതിനു പുറമെ ഒരു ഒളിമ്പിക്സിൽ നിന്നും കൂടുതൽ മെഡലുകൾ (എട്ട്) നേടിയ റെക്കോർഡും ഫെൽപ്സിന്റെ പേരിലാണ്. അത്തരത്തിൽ ഒരു ഇതിഹാസ താരത്തിന്റെ റെക്കോർഡ് മറികടക്കാൻ കഴിഞ്ഞു എന്നത് താരത്തിന് ലോക റെക്കോർഡ് നഷ്ടത്തിനിടയിലും ഇരട്ടി മധുരം നല്കുന്നതാകും.

    മത്സരത്തിൽ ജപ്പാന്റെ ഹോണ്ട ടൊമോറു രണ്ടാമതും ഇറ്റലിയുടെ ഫെഡറിക്കോ ബർഡിസോ മൂന്നാമതും ഫിനിഷ് ചെയ്ത് വെള്ളി, വെങ്കല മെഡലുകൾ നേടി. 1:53:73 സമയത്ത് നീന്തികയറിയ ഹോണ്ട നീന്തൽ കുളത്തിൽ ആതിഥേയരുടെ രണ്ടാം മെഡലാണ് ഉറപ്പിച്ചത്.

    ഈയിനത്തിൽ ലോക റെക്കോർഡ് നേടിയ പ്രകടനം മിലാക്ക് പുറത്തെടുത്തപ്പോൾ അന്നും മറികടന്നത് 2009ൽ മൈക്കൽ ഫെൽപ്സ് സ്ഥാപിച്ച (1:51:51) റെക്കോർഡായിരുന്നു. 2019ൽ നടന്ന ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിലായിരുന്നു മിലാക്കിന്റെ ഈ പ്രകടനം. ഇന്നത്തെ പ്രകടനത്തിലൂടെ മൈക്കൽ ഫെൽ‌പ്സ് അടക്കിവാണ നീന്തൽക്കുളം ഭരിക്കാൻ പോകുന്നത് താനാകും എന്ന മുന്നറിയിപ്പ് കൂടി നൽകുന്നു താരം.

    ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലാണ് ക്രിസ്റ്റോഫ് മിലാക്ക് ജനിച്ചത്. ചെറുപ്പത്തിൽ തന്നെ കുടുംബം അവിടെ നിന്ന് ടാർനോകിലേക്കു കുടിയേറി. കിന്റർഗാർട്ടനിൽ വച്ച് ഫുട്ബോൾ കളിച്ചിരുന്നതൊഴിച്ചാൽ നീന്തലല്ലാതെ മറ്റൊന്നും മിലാക്കിന്റെ മനസ്സിലുണ്ടായിരുന്നില്ല. 2017ൽ ബുഡാപെസ്റ്റിൽ നടന്ന ലോക നീന്തൽ ചാംപ്യൻഷിപ്പിൽ വെള്ളി നേടിയാണ് മിലാക്ക് വരവറിയിച്ചത്.

    മിലാക്ക് സ്വർണം നേടിയ ഇനത്തിൽ ഇന്ത്യയുടെ പ്രതീക്ഷയായ സജൻ പ്രകാശും മത്സരിച്ചിരുന്നു. ഹീറ്റ്‌സിൽ നാലാമത് എത്തിയെങ്കിലും അഞ്ച് ഹീറ്റ്‌സുകളിൽ മത്സരിച്ച താരങ്ങളുടെ സമയം എടുത്തപ്പോൾ സജൻ 24ആം സ്ഥാനത്തേക്ക് വീണു. ആദ്യ 16 സ്ഥാനങ്ങളിൽ എത്തുന്നവർക്കാണ് സെമിയിലേക്ക് യോഗ്യത എന്നിരിക്കെ സജൻ പുറത്താവുകയായിരുന്നു. സജന് ഇനി 100 മീറ്റർ ബട്ടർഫ്‌ളൈയിലാണ് മത്സരമുള്ളത്.
    Published by:Naveen
    First published: