ഇന്റർഫേസ് /വാർത്ത /Sports / Tokyo Olympics| ഇടിക്കൂട്ടിൽ നിന്നും വെങ്കലവുമായി ലവ്‌ലിന; ടോക്യോയിൽ ഇന്ത്യയുടെ മൂന്നാം മെഡൽ

Tokyo Olympics| ഇടിക്കൂട്ടിൽ നിന്നും വെങ്കലവുമായി ലവ്‌ലിന; ടോക്യോയിൽ ഇന്ത്യയുടെ മൂന്നാം മെഡൽ

News18 Malayalam

News18 Malayalam

വനിതകളുടെ 69 കിലോ വെൽറ്റർവെയ്റ്റ് വിഭാഗത്തിലാണ് ലവ്ലിനയുടെ മെഡൽ നേട്ടം.

  • Share this:

ടോക്യോയിൽ നിന്നും ഇന്ത്യക്ക് മൂന്നാം മെഡൽ. ബോക്സിങ്ങിൽ വെങ്കല മെഡൽ നേടിയ ലവ്ലിന ബോർഗോഹെയ്‌നാണ് ഇന്ത്യക്ക് മൂന്നാം മെഡൽ സമ്മാനിച്ചത്. വനിതകളുടെ 69 കിലോ വെൽറ്റർവെയ്റ്റ് വിഭാഗത്തിലാണ് ലവ്ലിനയുടെ മെഡൽ നേട്ടം. നിർണായകമായ സെമി പോരാട്ടത്തിൽ ലോക ചാമ്പ്യനായ തുർക്കിയുടെ ബുസെനാസ് സുർമെനെലിയോടാണ് ലവ്ലിന തോൽവി വഴങ്ങിയത്. ബോക്സിങ്ങിൽ സെമിയിൽ എത്തിയാൽ മെഡൽ ഉറപ്പായതിനാൽ താരത്തിന് വെങ്കലം ലഭിക്കുകയായിരുന്നു.

സെമിയിലെത്തി നേരത്തെ മെഡൽ ഉറപ്പിച്ചിരുന്ന ലവ്ലിന ഫൈനലിൽ കടന്ന് സ്വർണം നേടുക എന്ന ലക്ഷ്യവുമായാണ് എത്തിയതെങ്കിലും തുർക്കി താരം ഇന്ത്യയുടേയും ലവ്‌ലിനയുടേയും സ്വപ്‌നങ്ങൾ തകർത്തുകളയുകയായിരുന്നു. മത്സരത്തിൽ ഇന്ത്യൻ താരത്തിനെതിരെ അനായാസ വിജയമാണ് തുർക്കി താരം നേടിയെടുത്തത്. സ്കോർ 5-0. മത്സരത്തിൽ ഒരു ഘട്ടത്തിൽ പോലും മേധാവിത്വം നേടിയെടുക്കാൻ ലവ്ലിനയ്ക്ക് കഴിഞ്ഞില്ല. മത്സരം ജയിച്ചിരുന്നെങ്കിൽ ഇന്ത്യക്ക് വേണ്ടി ഒളിമ്പിക്സിൽ ബോക്സിങ്ങിൽ ഫൈനൽ കളിക്കുന്ന ആദ്യ താരം എന്ന ചരിത്ര നേട്ടം ഇന്ത്യൻ താരത്തിന് നേടാൻ കഴിയുമായിരുന്നു.

ആദ്യ റൗണ്ടില്‍ നന്നായി തുടങ്ങിയെങ്കിലും ലോക ഒന്നാം നമ്പർ താരത്തിനെതിരെ ആ മികവ് തുടരാൻ ലവ്ലിനയ്ക്ക് കഴിഞ്ഞില്ല. ബുസെനാസിന്റെ കരുത്തുറ്റ പഞ്ചുകള്‍ക്കെതിരെ ആക്രമിക്കാനുള്ള ശ്രമം ലവ്‌ലിനയുടെ ഭാഗത്ത് നിന്നുണ്ടായെങ്കിലും ഇന്ത്യന്‍ താരത്തിന്റെ പഞ്ചുകള്‍ മികച്ച രീതിയിൽ ബ്ലോക്ക് ചെയ്തുകൊണ്ട് തുർക്കി താരം തന്റെ ആക്രമണം ശക്തമാക്കി കൊണ്ടിരുന്നു. ആദ്യ റൗണ്ട് സ്വന്തമാക്കിയതിന് പിന്നാലെ രണ്ടാം റൗണ്ടിലും തുർക്കി താരം ലീഡ് നേടിയതോടെ ലവ്ലിനയുടെ സാധ്യതകൾ മറയുകയായിരുന്നു.

വിജേന്ദർ സിങ് (2008), മേരി കോം (2012) എന്നിവർക്ക് ശേഷം ഇന്ത്യക്ക് വേണ്ടി ബോക്സിങ്ങിൽ മെഡൽ നേടുന്ന മൂന്നാമത്തെ താരമാണ് ലവ്‌ലിന. മേരി കോമിന് ശേഷം ഇന്ത്യക്ക് വേണ്ടി ബോക്സിങ്ങിൽ മെഡൽ നേടുന്ന ആദ്യ വനിത എന്ന നേട്ടം കൂടി ഇതിനോടൊപ്പം താരത്തിന് സ്വന്തമായി.

രണ്ട് തവണ ലോക - ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിൽ വെങ്കലം നേടിയ താരമാണ് ലവ്‌ലിന. 2017,21 ഏഷ്യൻ ചാമ്പ്യൻഷിപ്പിലും 201819 ലോക ചാംപ്യൻഷിപ്പുകളിൽ നിന്നുമായിരുന്നു ഇന്ത്യൻ താരത്തിന്റെ മെഡൽ നേട്ടം. അസം സ്വദേശിനിയായ താരം ഒളിമ്പിക്സിലേക്ക് ആദ്യം യോഗ്യത നേടുന്ന അസം വനിത കൂടിയാണ്.

First published:

Tags: Boxing, Lovlina Borgohain, Tokyo Olympics, Tokyo Olympics 2020