ഒളിമ്പിക്സിൽ ഇടിക്കൂട്ടിൽ നിന്നും ചരിത്രത്തിലേക്ക് ഇടിച്ചുകയറാനൊരുങ്ങി ഇന്ത്യയുടെ ലവ്‌ലിന ബോർഗോഹെയ്ൻ. അതിനാൽ തന്നെ ഇന്ന് രാവിലെ 11 മണിക്ക് നടക്കുന്ന വനിതകളുടെ 69 കിലോ വെൽറ്റർവെയ്‌റ്റ് വിഭാഗത്തിലെ സെമിയിൽ തുര്‍ക്കിയുടെ ബുസെനാസ് സുര്‍മെനെലിയെ നേരിടുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും തന്നെ ഇന്ത്യൻ താരത്തിന്റെ മനസ്സിലില്ല. സെമിയിൽ കടന്ന താരം നേരത്തെ തന്നെ വെങ്കല മെഡൽ ഉറപ്പിച്ചിരുന്നെങ്കിലും താരം ലക്ഷ്യം വെക്കുന്നത് ഒരു സുവർണ നേട്ടമാണ്.
പക്ഷെ ലവ്ലിനയ്ക്ക് ഈ നേട്ടം അത്ര എളുപ്പത്തിൽ നേടിയെടുക്കാൻ കഴിയാവുന്നതല്ല. സെമിയിൽ ഇന്ത്യൻ താരത്തിന്റെ എതിരാളിയായ സുർമെനെലി വെൽറ്റർവെയ്റ്റ് വിഭാഗത്തിലെ ലോക ചാമ്പ്യനാണ്. ലോകവേദിയിൽ മികവ് തെളിയിച്ച ബോക്സർ കൂടിയാണ് ഈ തുർക്കി താരം. നേരത്തെ മിഡിൽവെയ്റ്റ് വിഭാഗത്തിലാണ് മത്സരിച്ചിരുന്നത്, പിന്നീട് വെൽറ്റർവെയ്റ്റിലേക്ക് കളം മാറ്റുകയായിരുന്നു. മത്സരം കടുപ്പമാകും എന്നറിയാവുന്നതിനാൽ കൈ മെയ് മറന്ന് പോരാടാൻ ഉറച്ചാണ് ലവ്ലിന ഇറങ്ങുന്നത്. എതിരാളിയുടെ പെരുമയ്ക്ക് മുന്നിലും താരത്തിന്റെ ആത്മവിശ്വാസത്തിന് യാതൊരു കുറവുമില്ല.
ഇന്നത്തെ മത്സരത്തിൽ തുർക്കി താരത്തിനെതിരെ ജയിച്ചാൽ ഒളിമ്പിക്സിൽ ബോക്സിങ്ങിൽ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടം താരത്തിന് സ്വന്തമാകും. വിജേന്ദർ സിങ് (2008), മേരി കോം (2012) എന്നിവരാണ് ബോക്സിങ്ങിൽ ഇന്ത്യക്ക് വേണ്ടി ഇതിന് മുൻപ് മെഡൽ നേടിയിട്ടുള്ളത്. സെമിയിൽ എത്തിയതോടെ ഇന്ത്യക്ക് വേണ്ടി ബോക്സിങ്ങിൽ മെഡൽ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരം എന്ന നേട്ടം ലവ്ലിന നേരത്തെ ഉറപ്പാക്കിയിരുന്നു. താരത്തിന്റെ മുന്നിൽ ഇനിയുള്ള ലക്ഷ്യം സ്വർണ മെഡലാണ്.
'ലവ്ലിന ആത്മവിശ്വാസത്തിലാണ്. നല്ലൊരു മത്സരം കാഴ്ചവെക്കാമെന്ന പ്രതീക്ഷയുണ്ട്.'' - ദേശീയ കോച്ച് മുഹമ്മദ് അലി ഖമര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഇന്ന് സെമിയിൽ പരസ്പരം ഏറ്റുമുട്ടുന്ന ലവ്ലിനയ്ക്കും സുർമെലിക്കും ഇത് ആദ്യ ഒളിമ്പിക്‌സാണ്. ഇതിനുപുറമെ ബോക്സിങ് റിങ്ങിൽ ഇരുവരും നേർക്കുനേർ എത്തുന്നത് ആദ്യമായിട്ടാണ് എന്ന പ്രത്യേകത കൂടിയുണ്ട്.
Also read- Tokyo Olympics| ജാവലിൻ ത്രോയിൽ യോഗ്യതാ റൗണ്ടിൽ ഒന്നാമത്; നീരജ് ചോപ്ര ഫൈനലിൽ
Pugilist Lovlina Borgohain plays her #Boxing Semi-Final match at #Tokyo2020 in a few hours from now. Wishing @LovlinaBorgohai the very best for the match.#TeamIndia #Cheers4India pic.twitter.com/KiUOYBiwgp
— Sarbananda Sonowal (@sarbanandsonwal) August 4, 2021
രണ്ട് തവണ ലോക - ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിൽ വെങ്കലം നേടിയ താരമാണ് ലവ്‌ലിന. 2017,21 ഏഷ്യൻ ചാമ്പ്യൻഷിപ്പിലും 201819 ലോക ചാംപ്യൻഷിപ്പുകളിൽ നിന്നുമായിരുന്നു ഇന്ത്യൻ താരത്തിന്റെ മെഡൽ നേട്ടം. അതേസമയം 2019ല്‍ റഷ്യയില്‍ നടന്ന ലോക ചാമ്ബ്യന്‍ഷിപ്പിലെ ജേതാവാണ് സുർമെനെലി. ഇതിന് പുറമെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ വെള്ളിയും വെങ്കലവും നേടിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Boxing, Lovlina Borgohain, Tokyo Olympics, Tokyo Olympics 2020