ഇന്റർഫേസ് /വാർത്ത /Sports / Tokyo Olympics | ത്രിവർണ പതാകയേന്തി മൻപ്രീത് സിംഗും മേരി കോമും; മാർച്ച് പാസ്റ്റിൽ 19 ഇന്ത്യൻ താരങ്ങൾ

Tokyo Olympics | ത്രിവർണ പതാകയേന്തി മൻപ്രീത് സിംഗും മേരി കോമും; മാർച്ച് പാസ്റ്റിൽ 19 ഇന്ത്യൻ താരങ്ങൾ

india-Tokyo olympics

india-Tokyo olympics

228 അംഗ ഇന്ത്യൻ സംഘത്തെ പ്രതിനിധീകരിച്ച്‌ 19 താരങ്ങളാണ് മാർച്ച് പാസ്റ്റിൽ അണിനിരന്നത്. കോവിഡ് മാനദണ്ഡം പാലിക്കേണ്ടതിനാലാണ് മാർച്ച് പാസ്റ്റിൽ 19 പേരെ മാത്രം പങ്കെടുപ്പിച്ചത്

  • Share this:

ടോക്യോ: ത്രിവർണ പതാകയേന്തി ഹോക്കി താരം മന്‍പ്രീത് സിംഗും ബോക്സിങ് ഇതിഹാസം മേരി കോമും ടോക്യോ ഒളിംപിക്സിലെ ഇന്ത്യൻ സംഘത്തെ നയിച്ചു. 228 അംഗ ഇന്ത്യൻ സംഘത്തെ പ്രതിനിധീകരിച്ച്‌ 19 താരങ്ങളാണ് മാർച്ച് പാസ്റ്റിൽ അണിനിരന്നത്. കോവിഡ് മാനദണ്ഡം പാലിക്കേണ്ടതിനാലാണ് മാർച്ച് പാസ്റ്റിൽ 19 പേരെ മാത്രം പങ്കെടുപ്പിച്ചത്. നേരത്തെ 50 പേർ മാർച്ച് പാസ്റ്റിലുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും പിന്നീട് അത് 19 ആയി ചുരുക്കുകയായിരുന്നു.

മാർച്ച് പാസ്റ്റിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന ടേബിള്‍ ടെന്നിസ് താരങ്ങളായ മനിക ബത്രയും അജന്ത ശരത്കമാലും അവസാന നിമിഷം പിന്‍മാറി. അടുത്ത ദിവസം മിക്‌സഡ് ഡബിള്‍സ് മത്സരം ഉള്ളതിനാലാണ് ഇവർ മാർച്ച് പാസ്റ്റിൽ അണിനിരക്കാതിരുന്നതെന്ന് അധികൃതർ അറിയിച്ചു.

കോവിഡ് മഹാമാരി ഏൽപ്പിച്ച പ്രതിസന്ധിയിൽ വലയുന്ന മാനവരാശിക്ക് പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും വെളിച്ചം പകർന്ന് ജപ്പാനിലെ ടോക്യോയിൽ ഒളിമ്പിക്സിന് തിരി തെളിഞ്ഞു. കോവിഡ് പ്രതിസന്ധി മൂലം ഏവരും ഒറ്റപ്പെട്ട് കഴിയുന്ന കാലത്ത് ഒരുമയുടെ സന്ദേശം കൂടി പകരുന്ന ഈ മഹാമാമാങ്കത്തിൽ ലോകത്തുള്ള രാജ്യങ്ങളുടെ പ്രതിനിധികളായെത്തിയവർ ഇനി ഒരു വേദിയിൽ മത്സരിക്കും. ലോകം ഇനി ടോക്യോയിലേക്ക് ചുരുങ്ങാൻ പോകുന്ന നാളുകളിലേക്ക് ചുരുങ്ങുന്നതിലേക്കുള്ള ആദ്യ പടിയായ ഒളിമ്പിക്സ് ഉദ്‌ഘാടന ചടങ്ങ് ഇന്ത്യൻ സമയം 4:30നാണ് ആരംഭിച്ചത്.

ജപ്പാന്‍ ചക്രവര്‍ത്തി ഹിരോണോമിയ നരുഹിതോ മുഖ്യാതിഥിയായി എത്തിയ ചടങ്ങിൽ ഒളിമ്പിക്‌സിന് വേണ്ടി ഏർപ്പെടുത്തിയ കൗണ്ട്ഡൗൺ പൂർത്തിയായതോടെ ചടങ്ങുകൾക്ക് ആരംഭമായി. 'മുന്നോട്ട് നീങ്ങുക' എന്ന ആശയം മുന്നോട്ട് വെച്ച ടോക്യോ ഒളിമ്പിക്സിൽ, ട്രെഡ്മില്ലിൽ പരിശീലവും നടത്തുന്ന ജപ്പാന്റെ ബോക്സിങ് താരമായ അരീസ സുഭാട്ടയെ കാണിച്ചയിരുന്നു ഉദ്‌ഘാടന ചടങ്ങുകൾ തുടങ്ങിയത്. കോവിഡ് കാലത്ത് വൈറസിനെ തടയാനുള്ള പോരാട്ടത്തിൽ മുന്നണി പോരാളിയായി അരീസ പ്രവർത്തിച്ചിരുന്നു.

ഒളിമ്പിസ്കിന്റെ 32ആം പതിപ്പിന് ആതിഥ്യം വഹിച്ച് ആരംഭമായ മേളയിൽ 206 രാജ്യങ്ങളിൽ നിന്നായി 11,000ത്തിലേറെ കായികതാരങ്ങളാണ് പങ്കെടുക്കുന്നത്. കോവിഡ് പ്രതിസന്ധി നിലനിക്കുന്നതിനാൽ ഉദ്‌ഘാടന ചടങ്ങിലെ മാർച്ച് പാസ്റ്റിൽ ഓരോ രാജ്യത്ത് നിന്നും നിശ്ചിത കളിക്കാർ മാത്രമാണ് ഉദ്‌ഘാടന ചടങ്ങിൽ അണിനിരന്നത്. ഇന്നും നാളെയും മത്സരങ്ങൾ ഉള്ള താരങ്ങളും ഇതിൽ നിന്ന് വിട്ടു നിന്നിരുന്നു. തങ്ങളുടെ 25ആം ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തെ പ്രതിനിധീകരിച്ച് 19 താരങ്ങളാണ് മാർച്ച് പാസ്റ്റിൽ അണിനിരന്നത്. ബോക്സിങ് താരമായ മേരി കോമും പുരുഷ ഹോക്കി ടീം ക്യാപ്റ്റനായ മൻപ്രീത് സിങ്ങുമാണ് ഇന്ത്യൻ പതാകയേന്തിയത്.

ഇന്ന് തുടങ്ങുന്ന കായിക മാമാങ്കം ഓഗസ്റ്റ് എട്ടിനാണ് അവസാനിക്കുന്നത്. 42 വേദികളിൽ മൊത്തം 33 മത്സര ഇനങ്ങളിലും 339 മെഡൽ ഇനങ്ങളിലുമായാണ് 11,000ത്തിലേറെ വരുന്ന താരങ്ങൾ മത്സരിക്കുക.

First published:

Tags: Tokyo Olympics 2020, Tokyo Olympics 2020 Date, Tokyo Olympics 2020 Events, Tokyo Olympics 2020 fixture, Tokyo Olympics 2020 schedule