• HOME
  • »
  • NEWS
  • »
  • sports
  • »
  • ടോക്യോ ഒളിമ്പിക്സിലെ വേഗരാജാവായി ഇറ്റലിയുടെ മാഴ്‌സൽ ജേക്കബ്‌സ്; 100 മീറ്ററിൽ സ്വർണം

ടോക്യോ ഒളിമ്പിക്സിലെ വേഗരാജാവായി ഇറ്റലിയുടെ മാഴ്‌സൽ ജേക്കബ്‌സ്; 100 മീറ്ററിൽ സ്വർണം

100 മീറ്റർ 9.80 സെക്കന്റിൽ ഓടിയെത്തിയാണ് താരം സ്വർണം നേടിയത്. അമേരിക്കയുടെ ഫ്രെഡ് കെർലി വെള്ളിയും കാനഡയുടെ ആന്ദ്രേ ഡി ഗ്രാസ്സെ വെങ്കലവും നേടി. കെര്‍ലി 9.84 സെക്കന്റിലും ഗ്രാസ്സെ 9.89 സെക്കന്റിലുമാണ് ഫിനിഷ് ലൈൻ കടന്നത്.

Marcell Jacobs | Credits: Twitter

Marcell Jacobs | Credits: Twitter

  • Share this:
    ടോക്യോ ഒളിമ്പിക്സിലെ വേഗ ചാമ്പ്യൻ പട്ടം സ്വന്തമാക്കി ഇറ്റലിയുടെ ലാമോണ്ട് മാഴ്സെൽ ജേക്കബ്‌സ്. പുരുഷന്മാരുടെ 100 മീറ്റർ മത്സരത്തിൽ സ്വർണം നേടിയതോടെയാണ് ഇറ്റാലിയൻ താരം ഗെയിംസിലെ വേഗമേറിയ താരമായത്. 100 മീറ്റർ 9.80 സെക്കന്റിൽ ഓടിയെത്തിയാണ് താരം സ്വർണം നേടിയത്. അമേരിക്കയുടെ ഫ്രെഡ് കെർലി വെള്ളിയും കാനഡയുടെ ആന്ദ്രേ ഡി ഗ്രാസ്സെ വെങ്കലവും നേടി. കെര്‍ലി 9.84 സെക്കന്റിലും ഗ്രാസ്സെ 9.89 സെക്കന്റിലുമാണ് ഫിനിഷ് ലൈൻ കടന്നത്.

    ഉസൈൻ ബോൾട്ടിന്റെ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി മാറിയ ടോക്യോ ഒളിമ്പിക്സിലെ 100 മീറ്റർ ഫൈനലിൽ പക്ഷെ ബോൾട്ടിന്റെ നാടായ ജമൈക്കയിൽ നിന്നും ഒരു താരം പോലും ഉണ്ടായിരുന്നില്ല. 2008 ബീജിംഗ് ഒളിമ്പിക്സ് മുതൽ 2016 റിയോ ഒളിമ്പിക്സിൽ ബോൾട്ട് വിരമിക്കുന്നത് വരെ 100 മീറ്ററിൽ ജമൈക്കയുടെ ആധിപത്യത്തിനും ഇതോടെ അവസാനമായി.

    ഫൈനലിൽ സ്വർണം നേടിയ ജേക്കബ്‌സ് തന്റെ കരിയറിലെ മികച്ച സമയം കൂടിയാണ് കുറിച്ചത്. ഇതോടൊപ്പം തന്നെ യൂറോപ്പിലെ വേഗമേറിയ താരം എന്ന റെക്കോർഡ് കൂടി താരം തന്റെ പേരിലേക്ക് എഴുതി ചേർത്തു. രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തിയ കെർലിയും ഗ്രാസ്സെയും അവരുടെ കരിയറിലെ മികച്ച സമയം രേഖപ്പെടുത്തി. കാനേഡിയൻ താരമായ ഗ്രാസ്സെ തന്നെയായിരുന്നു കഴിഞ്ഞ റിയോ ഒളിമ്പിക്സിലും 100 മീറ്ററിൽ വെങ്കലം നേടിയത്. റിയോയിൽ 9.91 സെക്കന്റിൽ ആയിരുന്നു താരം ഫിനിഷ് ചെയ്തത്.





    അതേസമയം, സ്വർണം നേടാൻ സാധ്യത കല്പിക്കപ്പെട്ട അമേരിക്കയുടെ ട്രെവോൺ ബ്രോമേൽ സെമിയിൽ പുറത്താവുകയായിരുന്നു. അമേരിക്കയുടെ റൂണി ബേക്കർ, ദക്ഷിണാഫ്രിക്കയുടെ അകാനി സിംബെയ്ൻ എന്നിവർ ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നെങ്കിലും മികച്ച പ്രകടനം നടത്താൻ കഴിയാതിരുന്നതോടെ പുറകോട്ട് പോവുകയായിരുന്നു. സെമിയിൽ 10.14 സെക്കന്റിൽ ഫിനിഷ് ചെയ്ത ജമൈക്കൻ താരത്തിനും ഫൈനലിൽ എത്താൻ കഴിഞ്ഞിരുന്നില്ല.

    അതേസമയം, പുരുഷ മീറ്റർ ഫൈനൽ മറ്റൊരു ചരിത്ര മുഹൂർത്തത്തിന് സാക്ഷിയായി. 89 വർഷത്തിന് ശേഷം ഒരു ഏഷ്യൻ താരം പുരുഷന്മാരുടെ 100 മീറ്റർ ഫൈനലിലെത്തി. സെമിയിൽ 9.83 സെക്കന്റിൽ ൧൦൦ മീറ്റർ കടന്ന ചൈനയുടെ സു ബിങ്ടിയാനാണ് ചരിത്ര നേട്ടം സ്വന്തമാക്കിയത്. മൂന്ന് സെമിയിലും മത്സരിച്ച താരങ്ങളിൽ ഏറ്റവും മികച്ച സമയം ചൈനീസ് താരത്തിന്റേതായിരുന്നു. 1932 ലോസ് ഏയ്ഞ്ചൽസ് ഒളിമ്പിക്സിൽ 100 മീറ്ററിൽ ഫൈനലിൽ എത്തിയ ജപ്പാന്റെ താക യോഷിയോകയ്ക്കുയാണ് ഇതിന് മുൻപ് ഈ നേട്ടം സ്വന്തമാക്കിയത്.

    ഇന്നലെ നടന്ന വനിതകളുടെ 100 മീറ്റർ ഫൈനൽ മത്സരത്തിൽ ജമൈക്കയുടെ സമ്പൂർണ ആധിപത്യമായിരുന്നു. ജമൈക്കയുടെ എലൈൻ തോംപ്സൺ 10.61 സെക്കന്റിൽ ഫിനിഷ് ചെയ്ത് ഒളിമ്പിക് റെക്കോർഡോടെ സ്വർണം നേടിയപ്പോൾ താരത്തിന് പിന്നിലായി രണ്ടും മൂന്നും സ്ഥാനങ്ങൾക്കുള്ള വെള്ളിയും വെങ്കല മെഡലുകളും ജമൈക്കൻ വനിതകളാണ് നേടിയത്. വെള്ളി നേടിയ ഷെല്ലി ആൻ ഫ്രേസർ 10.74 സെക്കന്റിലും വെങ്കലം നേടിയ ഷെറീക്ക ജാക്സൺ 10.76 സെക്കന്റിലുമാണ് ഫിനിഷ് ലൈൻ കടന്നത്.
    Published by:Naveen
    First published: