ടോക്യോ ഒളിംപിക്സിൽ പുരുഷൻമാരുടെ ഫുട്ബോളിൽ ആദ്യ ദിനം കരുത്തർക്ക് അടിപതറി. യൂറോപ്പിലെ വമ്പൻമാരായ ഫ്രാൻസ് തോൽവി നേരിട്ടപ്പോൾ സ്പെയിൻ സമനിലയിൽ കുരുങ്ങി. ഫ്രാൻസിനെതിരെ 4-1ന് ആണ് മെക്സിക്കോയുടെ വിജയം. അതേസമയം ഈജിപ്തിനെതിരെ സ്പെയിൻ ഗോൾരഹിത സമനിലയിൽ കുടുങ്ങുകയായിരുന്നു.
ഫ്രാൻസിനെതിരെ മെക്സിക്കോയ്ക്ക് വേണ്ടി വെഗാ അലക്സിസ്, കോർഡോവ സെബാസ്റ്റ്യൻ, അന്‍റുന യുരിയേൽ, അഗ്യൂറോ എഡ്വേർഡോ എന്നിവർ ഗോൾ നേടി. ഗിഗ്നാക് ആന്ദ്രെ പെരെയുടെ വകയായിരുന്നു ഫ്രാൻസിന്‍റെ ആശ്വാസ ഗോൾ. ഗോൾരഹിതമായിരുന്ന ആദ്യ പകുതിക്ക് ശേഷമാണ് മത്സരത്തിലെ അഞ്ച് ഗോളുകളും പിറന്നത്.
മറ്റൊരു മത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ ഐവറി കോസ്റ്റ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് സൌദി അറേബ്യയെ തോൽപ്പിച്ചു. ഏഷ്യൻ ശക്തികളായ ജപ്പാൻ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഗോൾരഹിത സമനിലയിൽ കുരുങ്ങിയപ്പോൾ ദക്ഷിണ കൊറിയ എതിരില്ലാത്ത ഒരു ഗോളിന് ന്യൂസിലാൻഡിനോട് തോറ്റു. വനിതാ വിഭാഗത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇറ്റലി ഒരു ഗോളിന് തോറ്റു. പുരുഷൻമാരിൽ കരുത്തരായ ബ്രസീലും അർജന്‍റീനയ്ക്കും ഇന്ന് മത്സരങ്ങളുണ്ട്.
Tokyo Olympics | വനിതാ ഫുട്ബോളിൽ അമേരിക്കയ്ക്ക് ഞെട്ടിക്കുന്ന തോൽവി; ചൈനയെ വീഴ്ത്തി ബ്രസീൽ
വനിതാ ഫുട്ബോളിൽ അഞ്ചാം കിരീടം തേടി ടോക്യോയിലെത്തിയ അമേരിക്കയ്ക്ക് ഞെട്ടിക്കുന്ന തോൽവി. സ്വീഡനോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് അമേരിക്ക തോറ്റത്. സാംബിയയെ 10-ന് തോൽപ്പിച്ച് നെതർലൻഡ്സ് കരുത്ത് കാട്ടിയപ്പോൾ ചൈനയ്ക്കെതിരെ മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്ക് ബ്രസീൽ ജയിച്ചു കയറി.
റിയോ ഒളിംപിക്സിൽ ക്വാർട്ടറിൽ പുറത്തായ അമേരിക്ക, സ്വർണ മെഡൽ തേടിയാണ് ജപ്പാനിലെത്തിയത്. കർശനമായ കോവിഡ് -19 നിയന്ത്രണങ്ങൾ കാരണം ശൂന്യമായ സ്റ്റേഡിയത്തിൽ കളിച്ച മത്സരത്തിൽ സ്റ്റിന ബ്ലാക്ക്സ്റ്റീനിയസിന്‍റെ ഇരട്ട ഗോളുകളും പകരക്കാരിയായ ലിന ഹർട്ടിഗ് നേടിയ ഒരു ഗോളുമാണ് സ്വീഡന്‍റെ പട്ടിക തികച്ചത്. 2016 ഒളിംപിക്സിലെ വെള്ളി മെഡൽ ജേതാക്കളാണ് സ്വീഡൻ. “അവർ (സ്വീഡൻ) ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ്,” യുഎസ് ഫോർവേഡ് മേഗൻ റാപ്പിനോ പറഞ്ഞു.
സപ്പോരോയിൽ ഗ്രേറ്റ് ബ്രിട്ടൻ അവരുടെ ഗ്രൂപ്പ് ഇയിലെ ആദ്യ കളിയിൽ 2-0 ന് വിജയിച്ചു, മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ എല്ലെൻ വൈറ്റ് രണ്ടുതവണ സ്കോർ ചെയ്തു. ഒളിമ്പിക് ഫുട്ബോൾ മെഡൽ നേടുന്ന ആദ്യ ബ്രിട്ടീഷ് ടീമായി മാറുകയെന്ന ലക്ഷ്യത്തോടെയാണ് ഹെഗെ റൈസും സംഘവും ജപ്പാനിൽ എത്തിയിരിക്കുന്നത്.
ഗ്രൂപ്പ് എഫിൽ ചൈനയെ 5-0ന് പരാജയപ്പെടുത്തി ബ്രസീൽ കിരീട പോരാട്ടത്തിന് നാന്ദി കുറിച്ചു. സുവർണ താരം മാർത്ത രണ്ട് ഗോളുകൾ നേടി. ഇതോടെ തുടർച്ചയായ അഞ്ച് ഒളിമ്പിക്സുകളിൽ ഗോൾ നേടുന്ന താരമായി മാർത്ത മാറി. ഗ്രൂപ്പ് ഇ മത്സരത്തിൽ ആസ്റ്റൺ വില്ലയുടെ മന ഇവാബൂച്ചി 84-ാം മിനിറ്റിൽ സമനില നേടിയതോടെ ആതിഥേയരായ ജപ്പാൻ കാനഡയുമായി 1-1ന് കടന്നുകൂടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Tokyo Olympics 2020, Tokyo Olympics 2020 Date, Tokyo Olympics 2020 Events, Tokyo Olympics 2020 fixture, Tokyo Olympics 2020 schedule