ജപ്പാനിലെ ടോക്യോയിൽ നടക്കുന്ന ഒളിമ്പിക്സിൽ ഭാരദ്വോഹനത്തിൽ വെള്ളി മെഡൽ നേടി ഇന്ത്യയുടെ മെഡൽ പട്ടികയിലേക്ക് ആദ്യത്തെ നേട്ടം കൊണ്ടുവന്നിരിക്കുകയാണ് മീരാഭായ് ചാനു. 49 കിലോ ഭാരോദ്വഹനത്തിലാണ് മീര ഭായ് ചാനു വെള്ളി മെഡൽ സ്വന്തമാക്കിയത്. ചാനുവിന്റെ നേട്ടത്തിലൂടെ
ഭാരോദ്വഹനത്തില്‍ 21 വർഷത്തോളമായി ഒരു മെഡലിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ കൂടി താരത്തിന് കഴിഞ്ഞു. 2000ലെ സിഡ്നി ഒളിമ്പിക്സിൽ കർണം മല്ലേശ്വരി വെങ്കല മെഡൽ നേടിയതിന് ശേഷം നടന്ന ഒളിമ്പിക്സുകളിൽ ഇന്ത്യക്ക് ഈ ഇനത്തിൽ മെഡൽ ഒന്നും ലഭിച്ചിരുന്നില്ല.
മെഡൽ നേടിയതായി പ്രഖ്യാപനം വന്നപ്പോൾ ഇന്ത്യൻ താരം സന്തോഷം കൊണ്ട് ആനന്ദ നൃത്തം ചവിട്ടുകയും ചെയ്തിരുന്നു. അവിസ്മരണീയ നേട്ടത്തിന് പിന്നാലെ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് താരം. ടോക്യോയിൽ ഇന്ത്യക്കായി മെഡൽ നേടിയതിൽ ഒരുപാട് സന്തോഷമുണ്ടെന്നും കഴിഞ്ഞ കുറച്ച് വർഷങ്ങളായി മനസ്സിൽ കൊണ്ട് നടന്നിരുന്ന ആഗ്രഹമാണ് ഇപ്പോൾ സഫലമായതെന്നും അതിൽ തനിക്ക് അഭിമാനമുണ്ടെന്നുമാണ് താരം പ്രതികരിച്ചത്.
മെഡൽ നേടിയ സന്തോഷം പങ്കുവെച്ച താരം താൻ മണിപ്പൂരുകാരി മാത്രമല്ല മറിച്ച് ഇന്ത്യക്കാരിയാണെന്നും കൂട്ടിച്ചേർത്തു. ഒളിംപിക്‌സ് മെഡല്‍ നേടിയ മണിപ്പൂരി താരം എന്ന നിലയില്‍ എന്ത് തോന്നുന്നു എന്ന് ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ചാനു. മത്സരത്തിൽ സ്വർണം തന്നെയാണ് ലക്ഷ്യം വച്ചിരുന്നത്. വെള്ളി മെഡലാണ് ലഭിച്ചതെങ്കിലും ഇതും എന്റെ മികച്ച നേട്ടമായാണ് കരുതുന്നത്. - ചാനു പറഞ്ഞു.
വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഇന്ത്യക്കായി മീരാഭായ് ചാനു വെള്ളി മെഡൽ കരസ്ഥമാക്കിയപ്പോൾ ചൈനയുടെ ഷിയൂഹി ഹൗ ഒളിമ്പിക് റെക്കോർഡ് പ്രകടനത്തോടെയാണ് സ്വർണം നേടിയത്. ഹൗ 210 കിലോ ഉയർത്തിയാണ് റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്ത് എത്തിയ ചാനു 202 കിലോയാണ് ഉയർത്തിയത്. വെങ്കല മെഡൽ നേടിയ ഇന്തോനേഷ്യൻ താരമായ ഐസാ 194 കിലോയും ഉയർത്തി.
ഇന്ത്യക്ക് വേണ്ടി മെഡൽ നേടിയതിൽ മീരാഭായി ചാനുവിന്റെ കുടുംബാംഗങ്ങളും നാട്ടുകാരും അതീവ സന്തോഷത്തിലാണ്. 'ഞങ്ങള്‍ ഇന്ന് വളരെയധികം സന്തോഷത്തിലാണ്. ഇത് അവളുടെ കഠിനാധ്വാനത്തിന്റെയും പ്രയത്‌നത്തിന്റെയും ഫലമാണ്. മണിപ്പൂരും, മൊത്തം ഇന്ത്യക്കാരും ഇന്ന് അവളെ ഓര്‍ത്ത് അഭിമാനിക്കുന്നു.'- മീരാഭായിയുടെ സഹോദരന്‍ എ എന്‍ ഐയോട് പറഞ്ഞു.
മത്സരം നടക്കുന്ന സമയത്ത് മീരഭായിയുടെ നാട്ടുകാരും വീട്ടുകാരും ടി വിയുടെ മുന്നില്‍ പ്രാര്‍ത്ഥനകളില്‍ മുഴുകിയിരുന്നു. ഭൂരിഭാഗം ആളുകളും ശ്വാസമടക്കിപ്പിടിച്ചുകൊണ്ടാണ് മത്സരം വീക്ഷിച്ചത്. 'ഇന്ന് ഞങ്ങള്‍ വീട്ടില്‍ മീന്‍ കറി ഉണ്ടാക്കും. ഞങ്ങള്‍ സാധാരണ സസ്യാഹാരമാണ് കഴിക്കാറുള്ളത്. എന്നാല്‍ ഇന്ന് അങ്ങനെ പറ്റില്ല. ഇന്ന് എന്റെ മകള്‍ ഇന്ത്യക്കായി ആദ്യ മെഡല്‍ നേടി. അവള്‍ സ്വര്‍ണം നേടണമായിരുന്നു. എന്നാല്‍ ഈ വെള്ളി മെഡലും ഞങ്ങള്‍ക്ക് സ്വര്‍ണം തന്നെയാണ്. രാജ്യം മുഴുവന്‍ അവളെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് ഞാന്‍ കരുതുന്നു.' മീരാഭായ് ചാനുവിന്റെ മാതാവ് സൈഖോം തോംബി ദേവി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.