ടോക്യോ ഒളിമ്പിക്സിൽ ഇന്നലെ ഒരു അപ്രതീക്ഷിത സംഭവം നടന്നു. മെഡൽ നേട്ടങ്ങളും റെക്കോർഡുകളും ഉയർന്നു വരുന്ന ഗെയിംസിൽ ഇന്നലെ പക്ഷെ ഉയർന്നു വന്നത് ഒരു വിവാദമായിരുന്നു. ബോക്സിങ്ങിൽ പുരുഷന്‍മാരുടെ 81-91 കിലോ ഹെവിവെയ്റ്റ് വിഭാഗത്തിലെ പ്രീക്വാർട്ടർ മൽത്സരത്തിനിടെയാണ് ഈ സംഭവം നടന്നത്. മത്സരത്തിൽ ന്യുസിലൻഡ് താരമായ ഡേവിഡ് നൈകയുടെ ചെവിയിൽ കടിക്കാൻ ശ്രമിച്ചതിന് വിവാദത്തിൽ പെട്ടിരിക്കുകയാണ് മൊറോക്കൻ ബോക്സറായ യൂനസ് ബാല്ല. സംഭവം വിവാദമായതോടെ ദൃശ്യങ്ങൾ പരിശോധിച്ച ഒളിമ്പിക്സ് സംഘാടക സമിതി കളത്തിലെ മോശം പെരുമാറ്റത്തിന് ബാല്ലയെ അയോഗ്യനാക്കുകയും ചെയ്തു. ബാല്ലയുടെ പെരുമാറ്റത്തെ അസഹനീയം എന്നായിരുന്നു സമിതി വിശേഷിപ്പിച്ചത്.
മത്സരത്തിൽ തോൽവിയിലേക്ക് നീങ്ങവെയായിരുന്നു ബാല്ല ഈ അസാധാരണ പ്രവൃത്തി തന്റെ എതിരാളിക്ക് നേരെ പ്രയോഗിച്ചത്. രണ്ടു തവണ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ ന്യുസിലൻഡ് താരമായ നൈക ബാല്ലക്കെതിരെ വ്യക്തമായ ആധിപത്യം പുലർത്തി മുന്നേറുന്നതിനിടെയാണ് സംഭവം നടന്നത്. തന്റെ ഇടിയൊന്നും ഏല്‍ക്കുന്നില്ലെന്നു ബോധ്യമായതോടെയാണ് ബാല്ല ഇത്തരത്തിലൊരു നീക്കം നടത്തിയത്. ആദ്യ രണ്ട് റൗണ്ടുകളിലും ജയിച്ച ന്യുസിലൻഡ് താരം മൂന്നാം റൗണ്ടിലും വിജയത്തിലേക്ക് നീങ്ങുകയായിരുന്നു. ഇതിനിടയിൽ ഇരു താരങ്ങളും ഹോൾഡ് ചെയ്ത് നിന്ന നിമിഷത്തിലാണ് മൊറോക്കൻ ബോക്സറായ ബാല്ല എതിർ താരത്തിന്റെ ചെവിയിൽ കടിക്കാനായി ശ്രമിച്ചത്. നൈക സമർത്ഥമായി ഇതിൽ നിന്നും ഒഴിഞ്ഞു മാറിയതിനാൽ മൊറോക്കൻ താരത്തിന്റെ കടി കവിളിൽ കൊണ്ടെങ്കിലും വലിയ പരുക്ക് പറ്റിയില്ല.
സംഭവത്തിന് ശേഷം മൊറോക്കൻ താരത്തിന് മുന്നറിയിപ്പ് നൽകിയ ശേഷം തുടർന്ന മത്സരത്തിൽ എല്ലാ റൗണ്ടുകളും ജയിച്ച് 5- 0ത്തിന്റെ ഏകപക്ഷീയ വിജയവുമായാണ് നൈക റിങ് വിട്ടത്. മത്സരത്തിന് ശേഷം സംഭവത്തെക്കുറിച്ച് വളരെ ആശ്ചര്യത്തോടെയാണ് ന്യുസിലൻഡ് താരം പ്രതികരിച്ചത്. " ദൃശ്യങ്ങളിൽ കണ്ടത് പോലെ അയാൾ എന്നെ കടിക്കാൻ നോക്കിയെങ്കിലും, ഞാൻ ഒഴിഞ്ഞുമാറിയതിനാലും ശരീരത്തിൽ മുഴുവൻ വിയർപ്പായിരുന്നതിനാലും അവന് നേരാംവണ്ണം കടിക്കാൻ അവസരം കിട്ടിയില്ല. ഇതിന് മുൻപ് 2018 കോമൺവെൽത്ത് ഗെയിംസിലും എനിക്ക് കടി കിട്ടിയിരുന്നു. പക്ഷെ ഇത് അതിലും വലിയ വേദിയാണ്, ഒളിമ്പിക്‌സാണ്, ഇവിടെ ഇത്തരത്തിലുള്ള പെരുമാറ്റങ്ങൾ ഒഴിവാക്കണം." - നൈക പറഞ്ഞു. അതേസമയം, മൊറോക്കൻ താരത്തിന്റെ ഭാഗത്ത് നിന്നും പ്രതികരിക്കാൻ ആരും തയ്യാറായില്ല.
എന്തുതന്നെയായാലും നൈകയുടെ ചെവി കടിച്ചുപറിക്കാന്‍ ശ്രമിക്കുന്ന ബാല്ലയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്. ബോക്സിങ് റിങ്ങിൽ മുൻപ് നടന്ന പ്രശസ്തമായ ഒരു 'കടി' വിവാദമായാണ് എല്ലാവരും ഇതിനെ താരതമ്യം ചെയ്യുന്നത്. 1997ൽ നടന്ന ഒരു ബോക്സിങ് മത്സരത്തിൽ അമേരിക്കയുടെ മുന്‍ ലോക ചാംപ്യനും ഇതിഹാസ ബോക്‌സറുമായ മൈക്ക് ടൈസണ്‍ എതിരാളിയായ ഇവാന്‍ഡര്‍ ഹോളിഫീല്‍ഡിന്റെ ചെവി കടിച്ചുപറിച്ചെടുത്തിരുന്നു. മൊറോക്കൻ താരത്തിന്റെ 'കടി' വൈറലായതോടെ ആരാധകർ ഈ സംഭവം വീണ്ടും ഓർത്തെടുക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Boxing, Tokyo Olympics, Tokyo Olympics 2020