ഒളിമ്പിക്സിൽ ബാഡ്മിന്റണിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ പി വി സിന്ധു പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ഇന്ന് രാവിലെ നടന്ന മത്സരത്തിൽ ഹോങ്കോങ്ങിന്റെ നാൻ യീ ചെയുങ്ങിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോൽപ്പിച്ച് ആധികാരികമായിരുന്നു റിയോയിലെ ഇന്ത്യയുടെ വെള്ളി മെഡല്‍ ജേതാവിന്റെ നോക്കൗട്ട് റൗണ്ടിലേക്കുള്ള മുന്നേറ്റം.
ടൂർണമെന്റിലെ ആറാം സീഡായ സിന്ധു ചെയുങ്ങിനെ അനായാസമായാണ് മറികടന്നത്. സ്കോർ - 21-9, 21-16. തുടരെ രണ്ട് ജയങ്ങൾ നേടി ഗ്രൂപ്പിലെ ചാമ്പ്യനായാണ് സിന്ധു പ്രീക്വാർട്ടറിലേക്ക് മുന്നേറിയിരിക്കുന്നത്. ഗ്രൂപ്പ് ജെയിലാണ് സിന്ധു മത്സരിച്ചത്. സിന്ധുവിനെതിരെ കാര്യമായ വെല്ലുവിളി ഉയർത്താൻ ഹോങ്കോങ് താരത്തിന് കഴിഞ്ഞില്ല.
കളിയിൽ തുടക്കം മുതലേ ആധിപത്യം സ്ഥാപിച്ച സിന്ധു ആദ്യ സെറ്റിൽ 11-5ന്റെ ലീഡുമായി മുന്നേറി എതിരാളിക്ക് ഒരവസരവും നൽകാതെ ആദ്യ സെറ്റ് സ്വന്തമാക്കി. ആദ്യ സെറ്റിൽ സിന്ധുവിന്റെ മികവിന് മുന്നിൽ ഹോങ്കോങ് താരത്തിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ആദ്യ സെറ്റിനെ അപേക്ഷിച്ച് രണ്ടാം സെറ്റിലാണ് സിന്ധുവിന് കുറച്ചെങ്കിലും വെല്ലുവിളി നേരിടേണ്ടി വന്നത്. രണ്ടാം സെറ്റിൽ പലപ്പോഴും ഒപ്പത്തിനൊപ്പമായിരുന്നു ഇരുവരും. 14 പോയിന്റ് വരെ സിന്ധുവിന്റെ ഒപ്പം പിടിച്ച ചെയുങിന് പിന്നീട് ആ മികവ് തുടരാൻ കഴിഞ്ഞില്ല. 15-14ന് മുന്നിൽക്കയറിയതിന് ശേഷം സിന്ധു തുടരെ നാലു പോയിന്റുകള്‍ നേടി സെറ്റും മല്‍സരവും പിടിച്ചെടുക്കുകയായിരുന്നു. വെറും 35 മിനിറ്റ് മാത്രമാണ് മത്സരം നീണ്ടു നിന്നത്.
പ്രീക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിന്റെ മിയ ബ്ലിഫെല്‍റ്റാണ് സിന്ധുവിന്റെ എതിരാളി.
ഹോക്കിയിൽ വീണ്ടും തോൽവി
വനിതാ ഹോക്കിയില്‍ ഇന്ത്യ വീണ്ടും തോല്‍വിയിലേക്ക് വീണു. ഗ്രേറ്റ് ബ്രിട്ടനെതിരായ പൂൾ മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഇന്ത്യൻ സംഘം തോറ്റത്. ഒളിമ്പിക്സിൽ തുടരെ മൂന്നാം മത്സരവും തോറ്റതോടെ ഇന്ത്യൻ വനിതാ സംഘത്തിന്റെ ക്വാർട്ടർ പ്രതീക്ഷ അവസാനിച്ച മട്ടാണ്.
കളിയിൽ ബ്രിട്ടൻ രണ്ട് ഗോളുകൾ നേടി മുന്നിലെത്തിയ ശേഷം ഇന്ത്യ ഒരു ഗോൾ മടക്കി തിരിച്ചുവരുമെന്ന പ്രതീക്ഷ ഉയർത്തിയെങ്കിലും തുടരെ രണ്ട് ഗോളുകൾ കൂടി നേടിയ ബ്രിട്ടൻ ഇന്ത്യയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തുകയായിരുന്നു. അയർലൻഡ് ആണ് ഇന്ത്യയുടെ അടുത്ത മത്സരത്തിലെ എതിരാളികൾ. ബ്രിട്ടന് നെതർലാൻഡ്‌സിനെയാണ് നേരിടേണ്ടത്.
Also read- Tokyo Olympics| ഒളിമ്പിക്സിൽ 'കടി' വിവാദം; വിവാദ നായകനായി മൊറോക്കൻ ബോക്സർ
തുഴച്ചിലിലും നിരാശ
തുഴച്ചിലിൽ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. നേരത്തെ മികച്ച പ്രകടനവുമായി തുഴച്ചിലിൽ ഇന്ത്യൻ താരങ്ങളായ അര്‍ജുന്‍ ലാല്‍ ജാട്ടും അരവിന്ദ് സിങ്ങും സെമിയിലേക്ക് യോഗ്യത നേടിയെങ്കിലും സെമിയിലെ മത്സരത്തിൽ മികവ് തുടരാൻ ഇവർക്കായില്ല. ഒന്നാം സെമിയിൽ അവസാന സ്ഥാനത്താണ് ഇവർ ഫിനിഷ് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.