• HOME
  • »
  • NEWS
  • »
  • sports
  • »
  • Tokyo Olympics| ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യൻ താരം രവി കുമാർ ക്വാർട്ടറിൽ; കൊളംബിയൻ താരത്തെ മലർത്തിയടിച്ചത് 13-2ന്

Tokyo Olympics| ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യൻ താരം രവി കുമാർ ക്വാർട്ടറിൽ; കൊളംബിയൻ താരത്തെ മലർത്തിയടിച്ചത് 13-2ന്

മത്സരത്തിൽ കൊളമ്പിയയുടെ എഡ്വാര്‍ഡോ ഓസ്കോര്‍ അര്‍ബാനോ ടൈഗേറോസിനെതിരെ ടെക്ക്നിക്കൽ സുപ്പീരിയോറിറ്റിയുടെ അടിസ്ഥാനത്തിലായിരുന്നു ഇന്ത്യൻ താരത്തിന്റെ വിജയം.

Ravi Kumar

Ravi Kumar

  • Share this:
    ടോക്യോയിലെ ഗോദയിൽ നിന്നും ഇന്ത്യക്ക് സന്തോഷ വാർത്ത. 57 കിലോ പുരുഷ വിഭാഗം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യൻ താരം രവി കുമാർ ക്വാർട്ടറിൽ പ്രവേശിച്ചു. മത്സരത്തിൽ ടെക്ക്നിക്കൽ സുപ്പീരിയോറിറ്റിയുടെ അടിസ്ഥാനത്തിലായിരുന്നു ഇന്ത്യൻ താരത്തിന്റെ വിജയം. റൗണ്ട് ഓഫ് 16 മത്സരത്തിൽ കൊളമ്പിയയുടെ എഡ്വാര്‍ഡോ ഓസ്കോര്‍ അര്‍ബാനോ ടൈഗേറോസിനെതിരെയാണ് രവി കുമാർ ജയം നേടിയത്.

    മത്സരത്തിലെ ആദ്യ റൗണ്ടിൽ രണ്ട് പോയിന്റ് നേടി രവി കുമാർ ലീഡ് നേടിയെങ്കിലും പിന്നാലെ തന്നെ കൊളംബിയൻ താരം അദ്ദേഹത്തിനൊപ്പം എത്തി. എന്നാൽ ഒരു ടെക്ക്നികൽ പോയിന്റ് നേടി രവി കുമാർ ആദ്യ റൗണ്ടിൽ ലീഡ് നേടിയെടുത്തു.

    രണ്ടാം റൗണ്ടിൽ ഇന്ത്യൻ താരത്തിന്റെ സർവാധിപത്യമാണ് പ്രകടമായത്. മത്സരത്തിൽ ആധിപത്യം നേടിയ രവി പിന്നീട് തുടരെ പോയിന്റുകൾ നേടി മുന്നോട്ട് കുതിക്കുകയായിരുന്നു. തുടരെ പത്ത് പോയിന്റുകൾ നേടിയ താരം 13-2 എന്ന സ്കോറിന് മത്സരം സ്വന്തമാക്കുകയായിരുന്നു. ബള്‍ഗേറിയന്‍ താരം വാന്‍ഗേലോവ് ആണ് ക്വാര്‍ട്ടറില്‍ രവിയുടെ എതിരാളി.

    86 കിലോ വിഭാഗം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ദീപക് പൂനിയയും മികച്ച വിജയം നേടിയിട്ടുണ്ട്. 12-1ന് ടെക്നിക്കല്‍ സുപ്പീരിറ്റിയോടെയാണ് ദീപകിന്റെ വിജയം. ദീപക് പൂനിയ നൈജീരിയന്‍ താരം എകേറെകീമേ അഗിയോമോറിനെതിരെയാണ് 86 കിലോ വിഭാഗത്തില്‍ മത്സരത്തിച്ചത്.

    ആദ്യ റൗണ്ടിൽ 4-1ന് മുന്നിലായിരുന്ന പൂനിയ രണ്ടാം റൗണ്ടിൽ എട്ട് പോയിന്റ് കൂടി നേടി മത്സരം സ്വന്തമാക്കുകയായിരുന്നു. ചൈനയുടെ ലിൻ സുഷെനുമായുള്ള താരത്തിന്റെ ക്വാർട്ടർ പോരാട്ടം നടന്നുകൊണ്ടിരിക്കുകയാണ്.

    അതേസമയം ഇതേ ഇനത്തിൽ വനിതകളുടെ വിഭാഗത്തിൽ ഇന്ത്യക്കായി മത്സരിച്ച അൻഷു മാലിക്കിന് ക്വാർട്ടർ യോഗ്യത നേടാൻ കഴിഞ്ഞില്ല. ടൂർണമെന്റിലെ മൂന്നാം സീഡായ ബെലാറസ് താരം ഐറൈന കറച്കീനയെ നേരിട്ട അൻഷു മാലിക്കിന് അവരുടെ മികവിനെതിരെ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. കറച്കീനയ്ക്കെതിരെ 2-8 എന്ന പോയിന്റിനാണ് അന്‍ഷു പരാജയം ഏറ്റുവാങ്ങിയത്. ലോക ചാമ്ബ്യന്‍ഷിപ്പില്‍ 2 തവണ മെഡല്‍ നേട്ടക്കാരിയാണ് കറച്കീന.

    ആദ്യ റൗണ്ട് അവസാനിക്കുമ്പോൾ തന്നെ ബെലാറസ് താരം 4-0ന്റെ ലീഡുമായി മുന്നിൽ എത്തിയിരുന്നു. എന്നാൽ രണ്ടാം റൗണ്ടിൽ രണ്ട് പോയിന്റുകള്‍ തുടരെ നേടി അന്‍ഷു തിരിച്ചുവരവ് നടത്തിയെങ്കിലും ബെലാറസ് താരം നടത്തിയ മികച്ച ഒരു കൗണ്ടറിന് മുന്നിൽ ഇന്ത്യൻ താരം വീണു പോവുകയായിരുന്നു.

    ജാവലിൻ ത്രോ : ശിവ്പാൽ സിങ്ങിന് ഫൈനൽ യോഗ്യതയില്ല

    പുരുഷന്മാരുടെ ജാവ്‍ലിന്‍ ത്രോയില്‍ ഇന്ത്യയുടെ ശിവ്പാല്‍ സിംഗിന് ഫൈനലിലേക്ക് യോഗ്യതയില്ല. ഇന്ന് നടന്ന ഗ്രൂപ്പ് ബി യോഗ്യത റൗണ്ടില്‍ ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച നേട്ടം തന്റെ ആദ്യ ശ്രമത്തില്‍ നേടിയ 76.40 മീറ്റര്‍ ആയിരുന്നു.

    തന്റെ രണ്ടും മൂന്നും ശ്രമത്തില്‍ താരം 74.80, 74.81 എന്നിങ്ങനെയുള്ള ദുരമാണ് നേടിയത്. ബി ഗ്രൂപ്പില്‍ 12ാം സ്ഥാനത്ത് എത്തുവാന്‍ മാത്രമേ ഇന്ത്യന്‍ താരത്തിന് സാധിച്ചുള്ളു.

    പാക്കിസ്ഥാന്റെ അര്‍ഷാദ് നദീം 85.16 മീറ്റര്‍ ദൂരം താണ്ടി ഫൈനലിലേക്ക് നേരിട്ടുള്ള യോഗ്യത നേടി. ചെക്ക് റിപ്പബ്ലിക്കിന്റെ ജാകബ് വാഡ്ലേച്ച്‌ 84.93 മീറ്റര്‍ നേടി യോഗ്യത നേടി. ജര്‍മ്മനിയുടെ ജൂലിയന്‍ വെബര്‍ ആണ് നേരിട്ട് യോഗ്യത നേടിയ മറ്റൊരു താരം. വെബര്‍ തന്റെ ആദ്യ ശ്രമത്തില്‍ 84.41 നേടിയാണ് ഫൈനലിലേക്ക് കടന്നത്.

    നേരത്തെ ഗ്രൂപ്പ് എയിൽ നടന്ന യോഗ്യതാ മത്സരത്തിൽ ആദ്യ ശ്രമത്തിൽ തന്നെ 86.65 മീറ്റർ ദൂരവുമായി ഗ്രൂപ്പിൽ നിന്നും ഒന്നാമതായി ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനൽ യോഗ്യത നേടിയിരുന്നു.
    Published by:Naveen
    First published: