ടോക്യോയിലെ ഗോദയിൽ നിന്നും ഇന്ത്യക്ക് ശുഭവാർത്ത. പുരുഷന്മാരുടെ 57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യക്ക് വേണ്ടി ഇറങ്ങിയ രവി കുമാർ ദാഹിയ ഫൈനലിൽ പ്രവേശിച്ചു. സെമി പോരാട്ടത്തിൽ കസാക്കിസ്ഥാന്റെ നൂറിസ്ലാം സാനായേവിനെ മലർത്തിയടിച്ചാണ് ഇന്ത്യൻ താരം ഫൈനലിലേക്ക് കടന്നത്.
ശക്തരായ എതിരാളികൾ തമ്മിൽ നേർക്കുനേർ വന്നപ്പോൾ ആവേശകരമായ പോരാട്ടമാണ് ടോക്യോയിലെ ഗോദയിൽ അരങ്ങേറിയത്. കടുപ്പമേറിയ മത്സരത്തിൽ പോയിന്റിൽ വളരെയേറെ പിന്നിൽ നിന്ന ശേഷം അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയാണ് രവി കുമാർ കസാഖ് താരത്തെ മലർത്തിയടിച്ചത്. കസാഖ് താരത്തെ പിൻ
മത്സരത്തിൽ ആദ്യ റൗണ്ട് കഴിയുമ്പോള്‍ 2-1 എന്ന നിലയിൽ നേരീയ രീതിയിൽ ലീഡ് ചെയ്യുകയായിരുന്ന ഇന്ത്യൻ താരത്തിനെതിരെ മികച്ച ഒരു മുന്നേറ്റം നടത്തിയ കസാഖ് താരം ഞൊടിയിടയിൽ പോയിന്റുകൾ നേടി മുന്നിലേക്ക് കുതിച്ചു. തുടർച്ചയായി എട്ട് പോയിന്റുകൾ നേടിയ താരം വിജയം ഏതാണ്ട് ഉറപ്പിച്ചു നിൽക്കവേയായിരുന്നു ഇന്ത്യൻ താരത്തിന്റെ അസാധ്യമായ തിരിച്ചുവരവ്.
മത്സരം അവസാന മിനിറ്റിലേക്ക് കടക്കുമ്പോള്‍ 2-9 എന്ന നിലയിൽ പിന്നിലായിരുന്ന ഇന്ത്യൻ താരം എതിരാളിയെ കീഴ്പ്പെടുത്തി മൂന്ന് പോയിന്റ് നേടി 5-9 എന്ന നിലയിലേക്ക് ലീഡ് കുറച്ച് കൊണ്ടുവന്നു. മത്സരം അവസാന മിനിറ്റിലേക്ക് കടന്നപ്പോൾ തന്റെ മികവ് മുഴുവൻ പുറത്തെടുത്ത താരം എതിരാളിയെ പൂട്ടിയിട്ടു. പോയിന്റ് നിലയിൽ പിന്നിലായിരുന്നെങ്കിലും രവി കുമാർ വിൻ ബൈ ഫാൾ സ്വന്തമാക്കി വിജയം നേടുകയായിരുന്നു.
2012ലെ സുശീൽ കുമാറിന്റെ ഫൈനൽ പ്രവേശനത്തിന് ശേഷം ഗുസ്തിയിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് രവി കുമാർ. രവിയുടെ ഫൈനൽ പ്രവേശനത്തോടെ ഇന്ത്യ മറ്റൊരു മെഡൽ കൂടി ഉറപ്പിച്ചിട്ടുണ്ട്.
അതേസമയം, സെമി ഫൈനലില്‍ 86 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തിൽ മത്സരിക്കാൻ ഇറങ്ങിയ ഇന്ത്യയുടെ ദീപക് പുനിയയെ നിഷ്പ്രഭമാക്കി അമേരിക്കയുടെ ഡേവിഡ് മോറിസ് ടെയിലര്‍. ആദ്യ റൗണ്ടിൽ തന്നെ 10-0ന്റെ ലീഡ് നേടിയ അമേരിക്കന്‍ താരം വളരെ പെട്ടെന്നാണ് ഇന്ത്യൻ താരത്തെ മുട്ടുകുത്തിച്ചത്.
മത്സരത്തിൽ ടെക്നിക്കൽ സുപ്പീരിയോരിറ്റി നേടിയാണ് യുഎസ് താരം വിജയം സ്വന്തമാക്കിയത്. ഇനി ദീപകിന് വെങ്കല മത്സരം ഉണ്ട്. ഡേവിഡ് മോറിസ് പരാജയപ്പെടുത്തിയ താരങ്ങളില്‍ നിന്നുള്ള റെപ്പാഷെ റൗണ്ടിനൊടുവിലാവും ദീപകിന്റെ വെങ്കല മെഡൽ തീരുമാനിക്കപ്പെടുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.