ടോക്യോ ഒളിമ്പിക്സില്‍ നീന്തല്‍ മത്സരത്തിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ അവസാനിച്ചു. മലയാളി താരം സജന് പ്രകാശ് പുറത്തായിരിക്കുകയാണ്. 100 മീറ്റര്‍ ബട്ടര്‍ഫ്ലൈ വിഭാഗത്തിലാണ് സജന് മത്സരിച്ചത്. ഹീറ്റ്സില്‍ രണ്ടാമതായി ഫിനിഷ് ചെയ്തുവെങ്കിലും സജന് സെമിയിലേക്ക് യോഗ്യത നേടാനായില്ല. എട്ട് ഹീറ്റ്സുകളിലായി ആദ്യ 16 സ്ഥാനങ്ങളിലെത്തിയവരാണ് സെമിയിലെത്തിയത്. 53.45 സെക്കന്‍ഡിലാണ് സജന് മത്സരം പൂര്‍ത്തിയാക്കിയത്. ഖാനയുടെ അബേയ്ക്കു ജാക്സണാണ് ഒന്നാമതെത്തിയത്.
ജാക്സണേക്കാള് വെറും 0.06 സെക്കന്‍ഡ് മാത്രം പിന്നിലായാണ് ഇന്ത്യന്‍ താരം ഫിനിഷ് ചെയ്തത്. അങ്കൂര്‍ പൊസേരിയക്ക് ശേഷം 100 മീറ്റര്‍ ബട്ടര്‍ഫ്ളൈ ഇനത്തില്‍ പങ്കെടുക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് സജന് പ്രകാശ്. 2008 ബീജിങ് ഒളിമ്പിക്സിലായിരുന്നു പൊസേരിയ പങ്കെടുത്തത്. ഇന്ത്യയ്ക്കായി രണ്ടു തവണ ഒളിമ്പിക്സില്‍ പങ്കെടുത്ത ആദ്യ നീന്തല്‍ താരമാണ് ഇദ്ദേഹം.
നേരത്തെ 200 മീറ്റര്‍ ബട്ടര്‍ഫ്ലൈ വിഭാഗത്തില്‍ സജന് നാലാമതായാണ് ഫിനിഷ് ചെയ്തത്. 1:57:32 സെക്കന്റിലാണ് സജന് മത്സരം പൂര്‍ത്തിയാക്കിയത്. സെമി ഫൈനലിലേക്ക് യോഗ്യത നേടാനായി അഞ്ച് ഹീറ്റ്സുകളിലായി ഇറങ്ങിയ താരങ്ങളില്‍ മികച്ച സമയം രേഖപ്പെടുത്തിയ 16 പേര് സെമിയിലേക്ക് മുന്നേറിയപ്പോള്‍ ഹീറ്റ്സില്‍ മൊത്തത്തില്‍ 24ആം സ്ഥാനത്തായിരുന്നു സജന്. സജന്റെ ഹീറ്റ്സില്‍ മത്സരിച്ച ആരും തന്നെ സെമിയിലേക്ക് യോഗ്യത നേടിയിട്ടില്ല.
ഹീറ്റ്സില്‍ അവസാന നിമിഷമാണ് സജന് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. മൂന്നാം സ്ഥാനത്തെത്തിയ അയര്‍ലന്‍ഡ് താരമായ ഹൈലാന്‍ഡും സജനും തമ്മില്‍ വെറും 13 മില്ലിസെക്കന്റിന്റെ വ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നത്. മത്സരത്തില്‍ ഒന്നാം ഹീറ്റ്സില്‍ മത്സരിച്ച ഹംഗേറിയന്‍ താരമായ ക്രിസ്റ്റോഫ് മിലാക്കിന്റെതാണ് മികച്ച സമയം (1:53:58).
നേരത്തെ ഒളിമ്പിക്സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ നീന്തല്‍ താരമെന്ന ബഹുമതിയുമായാണ് സജന് പ്രകാശ് ടോക്യോയിലേക്ക് ടിക്കറ്റെടുത്തത്. റോമില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമനായാണ് സജന് പ്രകാശ് യോഗ്യത ഉറപ്പിച്ചത്. നേരിട്ട് ഒളിമ്പിക്സ് യോഗ്യത എ വിഭാഗത്തില്‍ ഉള്‍പ്പെട്ടാണ് സജന് യോഗ്യത കരസ്ഥമാക്കിയത്. നീന്തലില്‍ ഒരു മിനിറ്റ് 56.38 സെക്കന്റാണ് സജന്റെ മികച്ച പ്രകടനം.
Also read: Tokyo Olympics| ഒളിമ്പിക് ട്രാക്ക് ഉണരുന്നു; അത്ലറ്റിക്സ് മത്സരങ്ങൾക്ക് നാളെ തുടക്കം
ടോക്യോ ഒളിമ്പിക്സിന് ടിക്കറ്റെടുത്ത ഇന്ത്യന്‍ സംഘത്തില്‍ ഒമ്പത് മലയാളികള്‍ ഇടം പിടിച്ചിട്ടുണ്ട്. ലോങ്ജംപില്‍ എം ശ്രീശങ്കര്‍, 20 കിലോമീറ്റര്‍ നടത്തത്തില്‍ കെ ടി ഇര്ഫാന്, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എം.പി.ജാബിര്‍ 4 X 400 മീറ്റര്‍ റിലേ ടീമില്‍ മുഹമ്മദ് അനസ്, നോഹ നിര്‍മ്മല്‍ ടോം, 4 X 400 മീറ്റര്‍ മിക്സഡ് റിലേയില്‍ അലക്സ് ആന്റണി എന്നിവരാണ് ടോക്യോ ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന മലയാളി അത്ലറ്റുകള്. കൂടാതെ ഇന്ത്യന്‍ ഇന്ത്യന്‍ ഹോക്കി താരം പി.ആര്. ശ്രീജേഷും സംഘത്തിലുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.