ഒളിമ്പിക്സിൽ വനിതകളുടെ ടേബിൾ ടെന്നീസ് സിംഗിൾസ് മത്സരത്തിൽ മണിക ബത്ര മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. ഇന്ത്യയിൽ നിന്നും ആദ്യമായാണ് ഒരു ടേബിൾ ടെന്നീസ് താരം ഒളിമ്പിക്സിൽ മൂന്നാം റൗണ്ടിൽ എത്തുന്നത്. രണ്ടാം റൗണ്ട് മത്സരത്തിൽ ഉക്രൈൻ താരമായ മാർഗരിറ്റ പെസോട്‌സ്കയെയാണ് ബത്ര പരാജയപ്പെടുത്തിയത്. ആദ്യ രണ്ട് സെറ്റുകൾ നഷ്ടപെട്ടതിന് ശേഷം ശക്തമായി തിരിച്ചുവന്നാണ് ഇന്ത്യൻ താരം മത്സരം സ്വന്തമാക്കിയത്.
ഇരു താരങ്ങളും ഒപ്പത്തിനൊപ്പം പോരാടിയതോടെ ഏഴ് സെറ്റുകൾക്കൊടുവിലാണ് വിജയിയാരെന്ന് തീരുമാനമായത്. ലോക റാങ്കിങ്ങിൽ തന്നെക്കാൾ മുന്നിലായിരുന്ന മാർഗരിറ്റ പെസോട്‌സ്കയെ 57 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ മൂന്നിനെതിരെ നാല് സെറ്റുകൾ സ്വന്തമാക്കിയാണ് ബത്ര വിജയം നേടിയത്. സ്‌കോര്‍ 4-11, 4-11, 11-7, 12-10, 8-11, 11-5, 11-7.
ആദ്യ രണ്ട് സെറ്റുകളിലും ഉക്രൈൻ താരത്തിന് മുന്നിൽ തകർന്ന താരം മൂന്നാം സെറ്റിലും നാലാം സെറ്റിലും തകർപ്പൻ പ്രകടനം നടത്തി മത്സരത്തിലേക്ക് തിരിച്ചുവന്നു. അഞ്ചാം സെറ്റിൽ ഉക്രൈൻ താരം വീണ്ടും തിരിച്ചടിച്ചെങ്കിലും വിട്ടുകൊടുക്കാൻ ബത്ര ഒരുക്കമായിരുന്നില്ല. നിർണായകമായ അവസാന രണ്ട് സെറ്റുകളും സ്വന്തമാക്കി മൂന്നാം റൗണ്ടിലേക്ക് കടക്കുകയായിരുന്നു.
ഇന്ത്യക്ക് വേണ്ടി ഇതേ ഇനത്തിൽ മത്സരിക്കുന്ന സുതീർത്ഥ മുഖർജിയുടെ മത്സരം നാളെ നടക്കും. പോർച്ചുഗലിന്റെ ഫു യുവിനെയാകും സുതീർത്ഥ മുഖർജി രണ്ടാം റൗണ്ടിൽ നേരിടുക.
Also read- Tokyo Olympics | ടോക്യോ ഒളിംപിക്സിൽ മേരി കോമിന് വിജയത്തുടക്കം
അതേസമയം പുരുഷ വിഭാഗത്തിൽ ഇന്ത്യക്ക് ഇന്ന് നിരാശയുടെ ദിവസമായി. പുരുഷ സിംഗിൾസിൽ രണ്ടാം റൗണ്ടിൽ മത്സരിക്കാൻ ഇറങ്ങിയ സത്യൻ ജ്ഞാനശേഖരൻ ഹോങ്കോങിന്റെ ലാം സിയു ഹാംഗിനോട് തോറ്റ് പുറത്തായി. നാലിനെതിരെ മൂന്ന് സെറ്റുകൾക്കായിരുന്നു സത്യന്റെ തോൽവി. മത്സരത്തിൽ മുന്നിൽ നിന്ന ശേഷമായിരുന്നു ഇന്ത്യൻ താരം തോൽവി വഴങ്ങിയത്. സ്കോർ- 7-11, 11-7, 11-4, 11-5, 9-11, 10-12, 6-11
ആദ്യ സെറ്റ് നഷ്ടമായതിന് ശേഷം മികച്ച പ്രകടനം നടത്തിയ സത്യൻ തുടർച്ചയായി മൂന്ന് സെറ്റുകൾ സ്വന്തമാക്കി കളിയിൽ മേധാവിത്വം നേടിയതായിരുന്നു. അഞ്ചാം സെറ്റ് ജയിച്ചാൽ മത്സരം സ്വന്തമാക്കാമായിരുന്ന താരത്തിന് പക്ഷെ ഹോങ്കോങ് താരത്തിന്റെ മികവിന് മുന്നിൽ കാലിടറി. അഞ്ചാം സെറ്റ് സ്വന്തമാക്കി സത്യന്റെ ലീഡ് കുറച്ച ഹാംഗ് പിന്നീടങ്ങോട്ട് കളിയുടെ നിയന്ത്രണം ഏറ്റെടുക്കകയായിരുന്നു. ആറാം സെറ്റിൽ ഒപ്പത്തിനൊപ്പം പൊരുതി നിന്നെങ്കിലും സമ്മർദ്ദത്തിൽ വീഴാതെ നിന്ന ഹാംഗ് സെറ്റ് സ്വന്തമാക്കി. ആറാം സെറ്റ് ഹോങ്കോങ് താരം നേടിയതോടെ അവസാന സെറ്റ് നിർണായകമായി. അവസാന സെറ്റിൽ സത്യൻ പൊരുതിയെങ്കിലും ഹോങ്കോങ് താരത്തിന്റെ മികവിനെ മറികടക്കാൻ ഇന്ത്യൻ താരത്തിന് കഴിഞ്ഞില്ല.
Also read- Tokyo Olympics | പി വി സിന്ധു ടോക്യോ ഒളിംപിക്സ് തകർപ്പൻ ജയത്തോടെ തുടങ്ങി; ഷൂട്ടിങിൽ നിരാശ
ഇന്നലെ നടന്ന മത്സരത്തിൽ മിക്സഡ് ഡബിൾസ് വിഭാഗത്തിലും ഇന്ത്യൻ ടീം പുറത്തായിരുന്നു. പ്രീ ക്വാര്‍ട്ടറില്‍ മത്സരിച്ച മണിക ബത്ര - ശരത് കമല്‍ ഖ്യം ചൈനീസ് തായ്പേയ് സഖ്യത്തോട് തോറ്റ് പുറത്താവുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.