ടേബിൾ ടെന്നീസ് വനിതാ വിഭാഗം സിംഗിൾസ് ഇനത്തിൽ ഇന്ത്യയുടെ പ്രതീക്ഷകൾ അസ്തമിച്ചു. ഈയിനത്തിൽ ഇന്ത്യയുടെ മണിക ബത്ര ഇന്ന് നടന്ന മൂന്നാം റൗണ്ടിൽ പുറത്തായതോടെയാണ് ഇന്ത്യയുടെ പ്രതീക്ഷകൾക്ക് വിരാമമായത്. മൂന്നാം റൗണ്ടിൽ ഓസ്ട്രിയൻ താരമായ സോഫിയ പോൾക്കനോവയോടാണ് മണിക ബത്ര തോൽവി വഴങ്ങിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഇന്ത്യൻ താരത്തിന്റെ തോൽവി. സ്‌കോർ: 8-11, 2-11, 5-11, 7-11.
മത്സരത്തിൽ ഒരു ഘട്ടത്തിൽ പോലും ആധിപത്യം നേടാൻ ബത്രയ്ക്ക് കഴിഞ്ഞില്ല. ഇന്നലെ നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തിൽ 32ആം റാങ്കുകാരിയായ ഉക്രൈന്റെ മാർഗരിറ്റ പെസോട്‌സ്കയ്ക്കെതിരെ പുറത്തെടുത്ത മികവ് ഇന്ത്യൻ താരത്തിന് 16ആം റാങ്കുകാരിയായ പോൾക്കനോവയ്ക്കെതിരെ ആവർത്തിക്കാൻ കഴിഞ്ഞില്ല. ആദ്യ രണ്ട് റൗണ്ടുകളിലും മികച്ച പ്രകടനം നടത്തി മൂന്നാം റൗണ്ടിലെത്തിയ താരം പോൾക്കനോവയുടെ മികവിന് മുന്നിൽ മത്സരം അടിയറവ് വെക്കുകയായിരുന്നു.
നേരത്തെ മിക്സഡ് വിഭാഗത്തിലും മണിക ബത്ര തോറ്റ് പുറത്തായിരുന്നു. ഇന്ന് നടന്ന വനിതാ സിംഗിൾസ് രണ്ടാം റൗണ്ട് മത്സരത്തിൽ ഇന്ത്യ പ്രതീക്ഷ അർപ്പിച്ചിരുന്ന സുതീർത്ഥ മുഖർജിയും തോറ്റ് പുറത്തായി. പോർച്ചുഗൽ താരമായ ഫു യുവിനെതിരെ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു താരത്തിന്റെയും തോൽവി.
ഇനി ടേബിൾ ടെന്നിസിൽ ഇന്ത്യയുടെ ആകെയുള്ള പ്രതീക്ഷ പുരുഷ വിഭാഗത്തിൽ മൂന്നാം റൗണ്ടിൽ മത്സരിക്കാൻ ഇറങ്ങുന്ന ശരത് കമാലിലാണ്. പുരുഷ വിഭാഗത്തിൽ മത്സരിച്ച സത്യൻ ജ്ഞാനശേഖരൻ ഇന്നലെ നടന്ന രണ്ടാം റൗണ്ടിൽ ഹോങ്കോങിന്റെ ലാം സിയു ഹാംഗിനോട് തോറ്റ് പുറത്തായിരുന്നു. നാലിനെതിരെ മൂന്ന് സെറ്റുകൾക്കായിരുന്നു സത്യന്റെ തോൽവി. മത്സരത്തിൽ മുന്നിൽ നിന്ന ശേഷമായിരുന്നു ഇന്ത്യൻ താരം തോൽവി വഴങ്ങിയത്.
ടെന്നീസിൽ നാഗലിന് തോൽവി
ടേബിൾ ടെന്നീസിലെ തോൽവിയോടൊപ്പം ടെന്നീസ് സിംഗിൾസിൽ സുമീത് നാഗലിന്റെ തോൽവിയും ഇന്ത്യക്ക് നിരാശ പകർന്നു. പുരുഷ ലോക രണ്ടാം നമ്പർ താരമായ അഭയാർത്ഥി സംഘത്തിലെ താരമായ ഡാനിൽ മെദ്‌വദേവിനോടാണ് നാഗൽ തോൽവി വഴങ്ങിയത്.
ലോക രണ്ടാം നമ്പർ താരത്തിനെതിരെയാണ് നാഗൽ മത്സരിക്കാൻ ഇറങ്ങിയതെങ്കിലും ഇന്ത്യൻ ആരാധകർക്ക് ചെറിയ ശുഭ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ മത്സരത്തിൽ അത്ഭുതങ്ങൾ ഒന്നും തന്നെ സംഭവിച്ചില്ല. നേരിട്ടുള്ള സെറ്റുകൾക്കാണ് നാഗലിന് മേൽ മെദ്‌വദേവ് വിജയം സ്വന്തമാക്കിയത്. സ്‌കോർ: 6-2, 6-1. ഇതോടെ പുരുഷ വിഭാഗം ടെന്നീസിലെ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു. ഇന്ത്യൻ താരത്തിന് ലോക രണ്ടാം നമ്പർ താരത്തിനെതിരെ ഒരു ഘട്ടത്തിൽ പോലും വെല്ലുവിളി ഉയർത്താൻ കഴിഞ്ഞില്ല.
നേരത്തെ അവസാന നിമിഷത്തിൽ യോഗ്യത നേടിയാണ് സുമീത് നാഗൽ ടെന്നിസിൽ സിംഗിൾസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ടോക്യോയിലേക്ക് പറന്നത്. ആദ്യ മത്സരത്തിൽ ഉസ്‌ബെക്കിസ്താന്റെ ഡെനിസ് ഇസ്‌തോമിനിനെ പരാജയപ്പെടുത്തിയാണ് താരം രണ്ടാം റൗണ്ടിന് യോഗ്യത നേടിയിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.