വനിതാ വിഭാഗം സിംഗിൾസ് ടേബിൾ ടെന്നിസിൽ ഇന്ത്യക്ക് സന്തോഷവാർത്ത. ഇന്ത്യക്ക് വേണ്ടി മത്സരിക്കാൻ ഇറങ്ങിയ മണിക ബത്രയും സുതീർത്ഥ മുഖർജിയും രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചു. ബ്രിട്ടന്റെ ടിൻ ടിൻ ഹോയെ മണിക ബത്ര പരാജയപ്പെടുത്തിയപ്പോൾ സ്വീഡന്റെ ലിൻഡ ബെർഗ്സ്ട്രോം ഉയർത്തിയ കടുത്ത വെല്ലുവിളി മറികടന്നാണ് സുതീർത്ഥ മുഖർജി രണ്ടാം റൗണ്ടിലേക്ക് കടന്നത്.
ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളിൽ ഒരാളായ ബത്രയുടെ വിജയം അനായാസമായിരുന്നു. ബ്രിട്ടൻ താരത്തെ വെറും 30 മിനിറ്റുകൾക്കുള്ളിലാണ് താരം തകർത്ത് വിട്ടത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു മണിക ബത്രയുടെ ജയം. സ്കോർ- 11-7, 11-6, 12-10, 11-9. ആദ്യ രണ്ടു സെറ്റുകളിലും അനായാസ വിജയം നേടിയ താരം പക്ഷെ അടുത്ത രണ്ട് സെറ്റുകൾ സ്വന്തമാക്കാൻ അല്പം അധ്വാനിക്കേണ്ടി വന്നു. ബ്രിട്ടൻ താരം കടുത്ത വെല്ലുവിളി ഉയർത്തിയെങ്കിലും അതിൽ വീഴാതെ നിന്ന ബത്ര ഒടുവിൽ വിജയം നേടുകയായിരുന്നു.
അതേസമയം ഒളിമ്പിക്സിൽ തന്റെ അരങ്ങേറ്റ മത്സരം കളിച്ച സുതീർത്ഥ മുഖർജിക്ക് മത്സരം അത്ര എളുപ്പമായിരുന്നില്ല. സ്വീഡിഷ് താരമായ ലിൻഡ ബെർഗ്സ്ട്രോമിനെതിരായ ആവേശകരമായ മത്സരത്തിൽ മൂന്നിനെതിരെ നാല് സെറ്റുകൾക്കായിരുന്നു ഇന്ത്യൻ താരത്തിന്റെ ജയം. സ്കോർ- 5-11, 11-9, 11-13, 9-11, 11-3, 11-9, 11-5.
Also read- 2016ൽ റിയോയില്‍ നിന്ന് കണ്ണീരോടെ മടക്കം; ഇന്ന് രാജ്യത്തിന്റെ അഭിമാനം; മീരാഭായ് ചാനു
ആദ്യ സെറ്റ് നഷ്ടമായ ഇന്ത്യൻ താരം രണ്ടാം സെറ്റിൽ തിരിച്ചുവെന്നെങ്കിലും മൂന്നാം സെറ്റും നാലാം സെറ്റും സ്വന്തമാക്കി സ്വീഡിഷ് താരം കളിയിൽ മേധാവിത്വം നേടി. ഇതോടെ നിർണായകമായ അഞ്ചാം സെറ്റിൽ സുതീർത്ഥ മുഖർജി തകർപ്പൻ തിരിച്ചുവരവാണ് നടത്തിയത്. അഞ്ചാം സെറ്റ് ജയിച്ച് മത്സരം സ്വന്തമാക്കാൻ നിന്ന സ്വീഡിഷ് താരത്തിന് ഒരവസരം പോലും നൽകാതെയാണ് സുതീർത്ഥ അഞ്ചാം സെറ്റ് സ്വന്തമാക്കിയത്. ഈ പ്രകടനത്തിൽ നിന്നും ഊർജ്ജമുൾക്കൊണ്ട് മത്സരത്തിലെ ബാക്കി രണ്ട് സെറ്റുകൾ കൂടി താരം സ്വന്തമാക്കുകയായിരുന്നു.
നാളെ നടക്കുന്ന രണ്ടാം റൗണ്ട് മത്സരത്തിൽ ഉക്രൈന്റെ മാർഗരിറ്റ പെസോട്‌സ്കയാണ് മണിക ബത്രയുടെ എതിരാളി. പോർച്ചുഗലിന്റെ ഫു യുവിനെയാകും സുതീർത്ഥ മുഖർജി നേരിടുക.
അതേസമയം, മിക്സഡ് ഡബിള്‍സിൽ നേട്ടമുണ്ടാക്കാൻ ബത്രക്ക് കഴിഞ്ഞില്ല. പ്രീ ക്വാര്‍ട്ടറില്‍ മത്സരിച്ച മണിക ബത്ര - ശരത് കമല്‍ ഖ്യം ചൈനീസ് തായ്പേയ് സഖ്യത്തോട് തോറ്റ് പുറത്താവുകയായിരുന്നു.
അമ്പെയ്ത്ത് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയുടെ ദീപിക കുമാരി-പ്രവീണ്‍ യാദവ് സഖ്യത്തെ റിപ്പബ്ലിക്ക് ഓഫ് കൊറിയയുടെ ആന്‍ സാന്‍-കിം ജി ഡിയോക്ക് സഖ്യമാണ് തോല്‍പ്പിച്ചത്. 6-2 എന്ന സ്‌കോറിനാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്.
പുരുഷ സിംഗിൾസ് ബാഡ്മിന്റണ്‍ ആദ്യ റൗണ്ടിൽ ഇന്ത്യയുടെ സായ് പ്രണീത് തോറ്റു. ഇസ്രായേലിന്റെ സിൽബെർമാൻ മിഷയോട് നേരിട്ടുള്ള ഗെയിമുകൾക്കാണ് പ്രണീത് തോറ്റത്. സ്കോർ: 17-21, 15-21. ഇസ്രായേലി താരത്തോട് 40 മിനിറ്റിനുള്ളിൽ തന്നെ പ്രണീത് കിഴടങ്ങുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: India, Tokyo Olympics, Tokyo Olympics 2020