ഒളിമ്പിക്സിൽ ടെന്നിസിൽ വനിതാ സിംഗിൾസിൽ ഓസ്‌ട്രേലിയയുടെ ലോക ഒന്നാം നമ്പർ താരമായ ആഷ്‌ലി ബാർട്ടി ആദ്യ റൗണ്ടിൽ തന്നെ തോറ്റ് പുറത്തായി. സ്‌പെയിനിന്റെ 48ാം റാങ്കുകാരിയായ സാറ സൊറിബസാണ് വിംബിൾഡൺ ജേതാവ് കൂടിയായ ബാർട്ടിയെ അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ബാർട്ടി തോൽവി ഏറ്റുവാങ്ങിയത്. സ്‌കോര്‍: 6-4, 6-3. മല്‍സരത്തില്‍ വെറും അഞ്ച് അണ്‍ഫോഴ്‌സ് എറേഴ്‌സാണ് ടോര്‍മോ വരുത്തിയതെങ്കില്‍ ബാര്‍ട്ടിയുടെ ഭാഗത്തു നിന്നും 27 അണ്‍ഫോഴ്‌സ് എറേഴ്‌സ് ഉണ്ടായിരുന്നു.
വിംബിൾഡണിൽ കിരീടം ഉയർത്തി രണ്ടാഴ്ച തികയും മുൻപാണ് ലോക ഒന്നാം നമ്പർ താരം ടൂർണമെന്റിൽ നിന്നും പുറത്തായത്. മത്സരത്തിൽ ഒരുപാട് പിഴവുകൾ വരുത്തിയതാണ് താരത്തിന് വിനയായത്. ടെന്നീസ് സിംഗിൾസിൽ ഓസ്‌ട്രേലിയയുടെ ആദ്യത്തെ ഒളിമ്പിക് സ്വര്‍ണ മെഡല്‍ വിജയിയാവുകയെന്ന ലക്ഷ്യത്തോടെയെത്തിയ ബാര്‍ട്ടിയെ സംബന്ധിച്ച് ഈ പരാജയം വലിയ ഞെട്ടൽ തന്നെയാണ്. സിംഗിള്‍സില്‍ പ്രതീക്ഷകള്‍ അസ്തമിച്ചെങ്കിലും ഡബിള്‍സില്‍ ബാര്‍ട്ടി- സ്‌റ്റോം സാന്‍ഡേഴ്‌സ് സഖ്യം രണ്ടാം റൗണ്ടിൽ കടന്നിരുന്നു. ബാർട്ടിയെ തോൽപ്പിച്ച സ്‌പെയിൻ താരവും ഡബിൾസിൽ രണ്ടാം റൗണ്ടിലേക്ക് കടന്നിട്ടുണ്ട്. ഒരു പക്ഷെ ഇരുവരും വീണ്ടും നേർക്കുനേർ ഏറ്റുമുട്ടിയേക്കാം.
അതേസമയം, ടെന്നീസ് കോർട്ടിലേക്ക് ഒരിടവേളക്ക് ശേഷം തിരിച്ചെത്തിയ നവോമി ഒസാക തന്റെ നാട്ടിൽ നടക്കുന്ന ഒളിമ്പിക്സിൽ ആദ്യ റൗണ്ടിൽ ജയത്തോടെ തുടങ്ങി. ചൈനീസ് താരം ഹെങ് സായ്‌സായിയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് താരം പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-1, 6-4.
ഈ വർഷം ഫ്രഞ്ച് ഓപ്പണിൽ മത്സരിച്ച ശേഷം പിന്നീട് ഒസാക കോർട്ടിൽ ഇറങ്ങിയിരുന്നില്ല. മാനസികാരോഗ്യ പ്രശ്നങ്ങൾ കാരണമാണ് പിന്നീട് നടന്ന വിംബിൾഡൻ അടക്കമുള്ള ടൂർണമെന്റുകളിൽ നിന്നും താരം പിന്മാറിയത്. ഒളിമ്പിക്സിൽ മത്സരിക്കാൻ വേണ്ടി എത്തിയ താരം തന്നെയായിരുന്നു മേളയുടെ ഉദ്‌ഘാടന ചടങ്ങിൽ ഒളിമ്പിക്സ് ദീപം തെളിയിച്ചത്.
ടെന്നീസ് കോർട്ടിൽ നിന്നും മറ്റൊരു പ്രധാന വാർത്ത ബ്രിട്ടന്റെ ആൻഡി മറെ സിംഗിൾസിൽ നിന്നും പിന്മാറിയതാണ്. ഒളിമ്പിക് ചാമ്പ്യനായ മറെ പരുക്ക് മൂലം പിന്മാറുകയാണെന്നാണ് അറിയിച്ചത്. അതേസമയം പിന്മാറ്റം സിംഗിൾസിൽ നിന്ന് മാത്രമാണെന്നും ഡബിൾസിൽ താൻ മത്സരിക്കുമെന്നും താരം അറിയിച്ചു.
മൂന്ന് വട്ടം ഒളിമ്പിക്സിൽ സ്വർണം സ്വന്തമാക്കിയിട്ടുള്ള താരം കഴിഞ്ഞ കുറച്ച് വർഷങ്ങളായി പരുക്കിന്റെ പിടിയിലാണ്. ഇരു വിഭാഗങ്ങളിലും മത്സരിക്കേണ്ട എന്ന മെഡിക്കൽ സംഘത്തിന്റെ നിർദേശ പ്രകാരമാണ് താരം സിംഗിൾസിൽ നിന്നും പിന്മാറ്റം പ്രഖ്യാപിച്ചത്. റിയോയിൽ സിംഗിൾസിൽ സ്വർണം നേടിയ താരം 2012 ലണ്ടൻ ഒളിമ്പിക്സിൽ സിംഗിൾസിലും മിക്സഡ് ഡബിൾസിലുമായിരുന്നു സ്വർണ നേട്ടം സ്വന്തമാക്കിയത്.
അതേസമയം ടെന്നിസിൽ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന സാനിയ മിർസ -അങ്കിത റെയ്‌ന സഖ്യം ഉക്രൈന്റെ നാദിയ കിച്ചെനോക്ക് - ലിയൂഡ് മൈല സഖ്യത്തോട് തോറ്റ് പുറത്തായി. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് ഇന്ത്യൻ സഖ്യം തോൽവി സമ്മതിച്ചത്. സ്കോർ: 6-0, 6-7, 8-10
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Tennis, Tokyo Olympics, Tokyo Olympics 2020