ജർമൻ കായികതാരം മാർട്ട്യാന ട്രാജ്ഡോസിനെ കളിക്കളത്തിലേക്ക് കയറുന്നതിന് മുമ്പ് പരിശീലകൻ പിടിച്ചു കുലുക്കുകയും മുഖത്ത് അടിക്കുകയും ചെയ്യുന്ന വീഡിയോ 2020-ലെ ടോക്യോ ഒളിമ്പിക്സിന്റെ ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. കളി തുടങ്ങുന്നതിന് മുമ്പായി ആരോ റെക്കോർഡ് ചെയ്ത ഈ വീഡിയോ വൈകാതെ ഇന്റർനെറ്റിൽ വൈറലായി മാറുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ഹംഗറിയുടെ സോഫി ഓസ്‌ബാസിനെതിരെ ട്രാജ്ഡോസ് മത്സരത്തിന് ഇറങ്ങുന്നതിന് തൊട്ടുമുമ്പാണ് വിചിത്രമായ ഈ സംഭവം അരങ്ങേറിയത്.
വൈറലായി മാറിയ വീഡിയോ ദൃശ്യം ആരംഭിക്കുന്നത് പരിശീലകനായ ക്ലോഡി പൂസയോടൊപ്പം ജൂഡോ മത്സരം നടക്കുന്ന വേദിയിലിലേക്ക് നടന്നു വരുന്ന ട്രാജ്ഡോസിന്റെ ദൃശ്യങ്ങളിൽ നിന്നാണ്. വേദിയിലേക്ക് കയറുന്നതിന് തൊട്ടുമുമ്പായി പരിശീലകൻ അവരുടെ കോളറിൽ പിടിച്ചു വലിക്കുകയും ചുമലിൽ പിടിച്ച് കുലുക്കിയതിന് ശേഷം മുഖത്ത് രണ്ടു തവണ അടിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. അതിന് ശേഷം ജർമൻ ജൂഡോ താരം വേദിയിലേക്ക് കയറാൻ തയ്യാറെടുക്കുന്നു.
ജൂഡോ ടൂർണമെന്റിൽ റൗണ്ട് ഓഫ് 32 മത്സരങ്ങൾക്ക് മുന്നോടിയായാണ് ഈ സംഭവം നടന്നത്. മത്സരത്തിനൊടുവിൽ മാർട്ട്യാന ട്രാജ്ഡോസ് ഹംഗേറിയൻ താരം സോഫി ഓസ്ബാസിനോട് പരാജയം വഴങ്ങി. മത്സരത്തിന്റെ വിധി എന്തായാലും പരിശീലകനും ട്രാജ്ഡോസും തമ്മിലുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചാവിഷയമായി മാറിക്കഴിഞ്ഞു. ചില ആളുകൾ പരിശീലകന്റെ പെരുമാറ്റത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. മത്സരത്തിൽ പ്രചോദനം നൽകുന്നതിനായി ഇത്തരം വിചിത്രമായ പെരുമാറ്റങ്ങൾ അനുവദിക്കാൻ കഴിയില്ല എന്നാണ് അവരുടെ അഭിപ്രായം. എന്നാൽ, കായികതാരങ്ങളുടെ മനോബലം ശക്തിപ്പെടുത്താൻ ഇത് സഹായിക്കുമെങ്കിൽ പരിശീലകൻ ചെയ്തതിൽ തെറ്റില്ലെന്ന് മറ്റൊരു പക്ഷവും വാദിക്കുന്നുണ്ട്.
A czo tu się odpoliczkowało w ogóle?! pic.twitter.com/mX2r9rMMTA
— Mischa Von Jadczak (@michaljadczak) July 27, 2021
വീഡിയോ വൈറലാവുകയും പരിശീലകനെ ചുറ്റിപ്പറ്റി വലിയ വിവാദം ഉണ്ടാവുകയും ചെയ്തതോടെ ട്രാജ്ഡോസും പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. പരിശീലകനെ പ്രതിരോധിച്ചുകൊണ്ട് രംഗത്തെത്തിയ ജർമൻ ജൂഡോ താരം പരിശീലകന്റെ നീക്കം തന്നെ പ്രചോദിപ്പിക്കാൻ ഉദ്ദേശിച്ചു കൊണ്ടുള്ളത് മാത്രമായിരുന്നു എന്ന് അഭിപ്രായപ്പെട്ടു. മത്സരത്തിന് തൊട്ടുമുമ്പ് കൂടുതൽ ജാഗരൂകയാകാൻ ഇത് തന്നെ സഹായിക്കുന്നതായും അവർ പറഞ്ഞു. അൽപ്പം കടന്ന്, ഒരുപക്ഷെ പരിശീലകന്റെ അടിക്ക് ശക്തി കുറഞ്ഞു പോയെന്നും അതാവാം താൻ മത്സരത്തിൽ തോറ്റുപോയതെന്നും കൂടി അവർ പറഞ്ഞു. "ഞാൻ ഇന്ന് വാർത്തകളിൽ മറ്റൊരു രീതിയിൽ ഇടം നേടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. എന്നെ പ്രചോദിപ്പിക്കാനായി ഞാൻ പരിശീലകനിൽ നിന്ന് പ്രതീക്ഷിക്കുന്ന കാര്യമാണ് അദ്ദേഹം ചെയ്തത്." ട്രാജ്ഡോസ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
View this post on Instagram
32 വയസുകാരിയായ ട്രാജ്ഡോസ് ജർമൻ ജൂഡോ താരമാണ്. പോളണ്ടിൽ ജനിച്ച ട്രാജ്ഡോസ് ഇപ്പോൾ കൊളോണിലാണ് കഴിയുന്നത്. 2015-ൽ യൂറോപ്യൻ ഗെയിംസ് ചാമ്പ്യൻഷിപ്പ് നേടിയ താരം കൂടിയാണ് ട്രാജ്ഡോസ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Germany, Tokyo Olympics