ലോക കായിക മാമാങ്കത്തിന് തിരശീല ഉയരുന്ന മണിക്കൂറുകളിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ഒളിംപിക്സിൽ ആവേശമാകാൻ കാൽപ്പന്ത് കളിയുടെ ആരവവും ടോക്യോയിൽ ഉയരും. ലോകത്തെ മുൻ നിര ടീമുകളിൽ മിക്കവയും ടോക്യോയിൽ ഉണ്ട്. പക്ഷെ ഒരു വ്യത്യാസം മാത്രം, ഒളിംപിക്സ് ഫുട്ബോൾ ടീമിൽ 23 വയസിന് താഴെയുള്ളവരാണ് ഉണ്ടാകുക. അതേസമയം കോവിഡ് കാരണം ഒളിംപിക്സ് ഒരു വർഷം മാറ്റിവെച്ചതിനാൽ 24 വയസു വരെയുള്ള കളിക്കാരെ അനുവദിക്കുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. ഓരോ ടീമിലും 23 വയസിന് മുകളിലുള്ള(ഇത്തവണ 24) പരമാവധി മൂന്നു പേരെ കളിക്കാൻ അനുവദിക്കും. ഈ വർഷം ടോക്കിയോ ഒളിമ്പിക്സിൽ യോഗ്യത നേടിയ 16 പുരുഷ ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്, ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യ രണ്ട് ടീമുകൾ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറുന്നു. കാൽപ്പന്ത് കളിയിലെ വൻ ശക്തികളൊക്കെ ജപ്പാനിലുണ്ട്. എന്നിരുന്നാലും സ്വർണ മെഡൽ നേടാൻ സാധ്യതയുള്ള നാലു ടീമുകൾ ഏതൊക്കെയെന്ന് നോക്കാം...
ഫ്രാൻസ്
മികച്ച യുവനിരയെ വാർത്തെടുക്കാൻ അടുത്തകാലത്തായി ഫ്രാൻസിന് കഴിഞ്ഞത് ഒളിംപിക്സിൽ നേട്ടമായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുവേഫ അണ്ടർ 17, അണ്ടർ 19, അണ്ടർ 21 ചാമ്പ്യൻഷിപ്പുകൾ, ഫിഫ അണ്ടർ 17 ലോകകപ്പ് തുടങ്ങിയ ചാംപ്യൻഷിപ്പുകളിലെല്ലാം സെമിഫൈനൽ കളിക്കാൻ ഫ്രാൻസിന് സാധിച്ചിട്ടുണ്ട്. പിഎസ്‌ജിയുടെ തിമോത്തി പെംബെലെ, റിയൽ സോസിഡാഡിന്റെ മോഡിബോ സാഗ്നൻ എന്നിവരെപ്പോലുള്ളവർ ടീമിലുള്ളത് ഫ്രഞ്ച് നിരയുടെ കരുത്ത് വർദ്ധിപ്പിക്കുന്നു. ലോകത്തെ മികച്ച വിംഗർ ആയ ഐസക് ലിഹാഡ്ജിയും ടീമിലുണ്ട്.
സ്‌പെയിൻ
സ്പാനിഷ് സീനിയർ ടീമിലെ ആറു പേർ ഒളിംപിക്സ് ടീമിലുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. യൂറോ 2020 ടീമിൽ ഉൾപ്പെട്ട ആറ് കളിക്കാർ - ഉനായ് സൈമൺ, പോ ടോറസ്, എറിക് ഗാർസിയ, പെഡ്രി, മൈക്കൽ ഒയാർസബാൽ, ഡാനി ഓൾമോ ടോക്യോയിലെത്തുമ്പോൾ സ്വർണത്തിൽ കുറഞ്ഞതൊന്നും അവർക്ക് തൃപ്തികരമാകില്ല. സ്പെയിനിന്‍റെ മുഖ്യ കോച്ച് ലൂയിസ് ഡി ലാ ഫ്യൂണ്ടെ വളരെക്കാലമായി സ്പാനിഷ് യുവനിരയെ വാർത്തെടുക്കാൻ പ്രത്യേകം ശ്രദ്ധ പുലർത്തിയിട്ടുണ്ട്. 2015 ലും 2019 ലും യുവേഫ അണ്ടർ 19, അണ്ടർ 21 ചാമ്പ്യൻഷിപ്പുകൾ നേടിയവരാൻ സ്പാനിഷ് സംഘം. 29 വർഷത്തിന് ശേഷം ഒളിംപിക്സിൽ ഒരു സ്വർണം, അതാണ് സ്പെയിൻ ടോക്യോയിൽ ലക്ഷ്യമിടുന്നത്.
Also Read- Tokyo Olympics | 54 കായിക താരങ്ങള്‍ ഉള്‍പ്പെടുന്ന 88 അംഗ ഇന്ത്യന്‍ സംഘം ടോക്കിയോയില്‍ എത്തി
ബ്രസീൽ
നിലവിലെ ഒളിംപിക്സ് സ്വർണമെഡൽ ജേതാക്കളാണ് ബ്രസീൽ. പി എസ് ജി സൂപ്പർതാരം നെയ്മർ ഇല്ലാതെയാണ് ബ്രസീലിന്‍റെ വരവ്. യുവാക്കളുടെയും അനുഭവസമ്പത്തിന്റെയും സമന്വയത്തോടെ മുന്നേറാനാകുമെന്നാണ് കാനറികളുടെ പ്രതീക്ഷ. ഇത്തവണ ഒളിംപിക്സിൽ മരണ ഗ്രൂപ്പിലാണ് ബ്രസീൽ എന്നതാണ് ആരാധകരെ ആശങ്കയിൽ ആഴ്ത്തുന്നത്. കരുത്തരായ ഐവറി കോസ്റ്റും ജർമ്മനിയും ഉൾപ്പെടുന്ന ഗ്രൂപ്പിലാണ് ബ്രസീൽ മത്സരിക്കുന്നത്.
അർജന്‍റീന
കരുത്തരായ സ്പെയിനും ഓസ്ട്രേലിയയും ഉൾപ്പെട്ട സി ഗ്രൂപ്പിലാണ് അർജന്‍റീന മത്സരിക്കുന്നത്. 2004, 2008 വർഷങ്ങളിൽ ഒളിംപിക്സ് സ്വർണം നേടിയെന്ന പെരുമ അർജന്‍റീനയ്ക്കുണ്ട്. 2008ൽ കാർലോസ് ടെവസ് എന്ന മിന്നുംതാരമാണ് അവർക്ക് ജയം നേടിക്കൊടുത്തത്. നിലവിലെ അർജന്റീന ടീമിൽ പോർച്ചുഗൽ, റഷ്യ, ഫ്രാൻസ്, മെക്സിക്കോ, അമേരിക്ക എന്നിവയുൾപ്പെടെ ഒമ്പത് വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള ക്ലബ് താരങ്ങൾ ഉൾപ്പെടുന്നു. ഭാവി വാഗ്ദാനമായ യുവ താരം അലക്സിസ് മാക് അല്ലിസ്റ്റർ, പ്രതിരോധനിരയിലെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്ന നെഹ്യുൻ പെരസ് എന്നിവരാകും ഇത്തവണ അർജന്‍റീനയുടെ നിരയിൽ ശ്രദ്ധേയരാകുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Tokyo Olympics 2020, Tokyo Olympics 2020 Date, Tokyo Olympics 2020 Events, Tokyo Olympics 2020 fixture, Tokyo Olympics 2020 schedule