ടോക്യോ ഒളിമ്പിക്സിലെ വേഗരാജാവിനെ ഇന്നറിയാം. ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഒളിമ്പിക്സിലെ ഏറ്റവും ശ്രദ്ധേയ ഇനമായ പുരുഷന്മാരുടെ 100 മീറ്റർ ഫൈനൽ മത്സരം ഇന്ന് വൈകീട്ട് 6:20ന് നടക്കും. സ്പ്രിന്റ് ഇനങ്ങൾ അടക്കിവാണ ജമൈക്കയുടെ ഇതിഹാസ താരമായ ഉസൈൻ ബോൾട്ടിന്റെ അസാന്നിധ്യം കൂടി ഇത്തവണത്തെ 100 മീറ്ററിന്റെ ലോക ശ്രദ്ധ കൂട്ടുന്നുണ്ട്. സ്പ്രിന്റ് ഇനങ്ങളിൽ എതിരാളികൾ ഇല്ലാതെ കുതിച്ച ബോൾട്ട് കളമൊഴിഞ്ഞതിന് ശേഷം പുരുഷന്മാരുടെ വേഗ ചാമ്പ്യൻ പട്ടം ആരാകും സ്വന്തമാക്കുക എന്ന് കാണാനായി കാത്തിരിക്കുകയാണ് ലോകം മുഴുവൻ.
ഇത്തവണത്തെ 100 മീറ്റർ ഫൈനലിൽ ബോൾട്ടിനെ കൂടാതെ നിലവിലെ ലോക ചാമ്പ്യനായ ക്രിസ്റ്റ്യന്‍ കോള്‍മാന്‍, അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്ലിന്‍ തുടങ്ങിയവരും മത്സരിക്കാനില്ല. പരുക്ക് മൂലം ഒളിമ്പിക് ട്രയൽസ് കടക്കാൻ ഗാറ്റ്ലിന് കഴിഞ്ഞില്ല എങ്കിൽ ഉത്തേജക മരുന്നാണ് കോൾമാന്റെ വഴിമുടക്കിയത്.
ബോൾട്ടിന് ശേഷം പുതിയ ഒരു ചാമ്പ്യനെ നേടുന്ന ലോകത്തിന് മുന്നിൽ 100 മീറ്ററിലെ അമേരിക്കയുടെ സ്പ്രിന്റ് ഇനങ്ങളിലെ പ്രതാപം തിരിച്ചുപിടിക്കാൻ റൂണി ബെക്കർ, ഫ്രെഡ് കെർലി എന്നിവർ ഇറങ്ങുന്നു. ഇവരുടെ കൂടെ സീസണിലെ മികച്ച സമയത്തിനുടമയായ ട്രെവോൺ ബ്രോമെൽ കൂടി ഉണ്ടായിരുന്നെങ്കിലും സെമി ഫൈനലിൽ താരം പുറത്താവുകയായിരുന്നു. റൂണി ബെക്കറും, ചൈനീസ് താരമായ സു ബിങ് ടിയാനുമാണ് സെമിയിൽ മികച്ച സമയം രേഖപ്പെടുത്തിയത്. 9.83 സെക്കന്റ്.
ദക്ഷിണാഫ്രിക്കയുടെ അകാനി സിംബെയ്നാണ് മറ്റൊരു താരം. സീസണിലെ രണ്ടാമത്തെ മികച്ച സമയമായ 9.84 സെക്കന്റ് കുറിച്ച താരം സെമിയിൽ 9.90 എന്ന സമയത്തിൽ ഫിനിഷ് ചെയ്താണ് ഫൈനലിലേക്ക് വരുന്നത്. ഇവർക്കൊപ്പം കാനഡയുടെ ആന്ദ്രേ ഡി ഗ്രാസ്സെയാണ് മെഡൽ പ്രതീക്ഷയുമായി എത്തുന്ന മറ്റൊരു താരം. ഹീറ്റ്സിലെ മികച്ച സമയം കുറിച്ച താരത്തിന് പക്ഷെ സെമിയിൽ അതിനൊപ്പം എത്താൻ കഴിഞ്ഞില്ല. സെമിയിൽ 9.98 സെക്കന്റിലാണ് താരം ഫിനിഷ് ചെയ്തതത്. കഴിഞ്ഞ ഒളിമ്പിക്സിൽ വെങ്കലം നേടിയ താരത്തെ അത്ര പെട്ടെന്ന് തളളിക്കളയാൻ കഴിയില്ല.
അതേസമയം ഉസൈൻ ബോൾട്ടിന്റെ നാട്ടിൽ നിന്നും ഫൈനലിൽ മത്സരിക്കാൻ ഒരു താരം പോലുമില്ല. താരത്തിന്റെ നാട്ടുകാരനായ യോഹാൻ ബ്ലേക്ക് സെമിയിൽ 10.14 സെക്കന്റിലാണ് ഫിനിഷ് ചെയ്തത്. മികച്ച സമയം കുറിച്ച താരങ്ങളുടെ പട്ടികയിൽ നിന്നും ഇതോടെ താരം പുറത്താവുകയായിരുന്നു.ഇതോടെ പുരുഷന്മാരുടെ 100 മീറ്റർ ഫൈനലിൽ ജമൈക്കൻ പ്രാതിനിധ്യം ഇല്ലാതായി.
പുരുഷന്മാരുടെ 100 മീറ്ററിൽ പിന്നോട്ട് പോയെങ്കിലും ഇന്നലെ നടന്ന വനിതകളുടെ 100 മീറ്റർ ഫൈനൽ മത്സരത്തിൽ ജമൈക്കയുടെ സമ്പൂർണ ആധിപത്യമായിരുന്നു. ജമൈക്കയുടെ എലൈൻ തോംപ്സൺ 10.61 സെക്കന്റിൽ ഫിനിഷ് ചെയ്ത് ഒളിമ്പിക് റെക്കോർഡോടെ സ്വർണം നേടിയപ്പോൾ താരത്തിന് പിന്നിലായി രണ്ടും മൂന്നും സ്ഥാനങ്ങൾക്കുള്ള വെള്ളിയും വെങ്കല മെഡലുകളും ജമൈക്കൻ വനിതകളാണ് നേടിയത്. വെള്ളി നേടിയ ഷെല്ലി ആൻ ഫ്രേസർ 10.74 സെക്കന്റിലും വെങ്കലം നേടിയ ഷെറീക്ക ജാക്സൺ 10.76 സെക്കന്റിലുമാണ് ഫിനിഷ് ലൈൻ കടന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.