നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'നിങ്ങള്‍ രാജ്യത്തിന് അഭിമാനമാകുമെന്ന് ഉറപ്പുണ്ട്'; പാരാലിംപിക്‌സ് താരങ്ങള്‍ക്ക് ആശംസയുമായി വിരാട് കോഹ്ലി

  'നിങ്ങള്‍ രാജ്യത്തിന് അഭിമാനമാകുമെന്ന് ഉറപ്പുണ്ട്'; പാരാലിംപിക്‌സ് താരങ്ങള്‍ക്ക് ആശംസയുമായി വിരാട് കോഹ്ലി

  ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണ് ഇക്കുറി ടോക്യോയിലെത്തിയിരിക്കുന്നത്. റിയോ പാരാലിംപിക്‌സില്‍ സ്വര്‍ണമെഡല്‍ നേടിയ മാരിയപ്പന്‍ തങ്കവേലു ഉള്‍പ്പെടെ 54 താരങ്ങളടങ്ങിയ സംഘത്തെയാണ് ഇന്ത്യ ജപ്പാനിലേക്ക് അയച്ചത്.

  Virat kohli

  Virat kohli

  • Share this:
   ടോക്യോയില്‍ ഇന്ന് ആരംഭിക്കുന്ന പാരാലിംപിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലി. ടോക്യോ പാരാലിംപിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തിന് എന്റെ ആശംസകളും പിന്തുണയും അറിയിക്കുന്നു. നിങ്ങള്‍ ഓരോരുത്തരെയും ഞാന്‍ അഭിനന്ദിക്കുന്നു, നിങ്ങള്‍ ഞങ്ങള്‍ക്ക് അഭിമാനമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്, കോഹ്ലി ട്വീറ്റ് ചെയ്തു.


   ട്വിറ്ററിലൂടെയാണ് വിരാട് കോഹ്ലി ഇന്ത്യന്‍ താരങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ചത്. നേരത്തെ ഇന്ത്യന്‍ ഹോക്കി ടീമിലെ പുരുഷ- വനിത ക്യാപ്റ്റന്‍മാരും പാരാലിംപിക്‌സ് താരങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നിരുന്നു.

   ടോക്യോയില്‍ പാരാലിംപിക്സിന് ഇന്നാണ് തുടക്കമാവുന്നത്. വൈകിട്ട് നാലരയ്ക്ക് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും. നമുക്ക് ചിറകുകള്‍ ഉണ്ട് എന്ന സന്ദേശവുമായാണ് ഇത്തവണത്തെ ടോക്യോ പാരാലിംപിക്സ് വിരുന്നെത്തുന്നത്. ഉദ്ഘാടന ചടങ്ങിന് നിറം പകരാന്‍ 75 കലാകാരന്‍മാര്രും വേദിയിലെത്തും. ഉദ്ഘാടന ചടങ്ങില്‍ അഞ്ച് താരങ്ങളും ആറ് ഒഫീഷ്യല്‍സുമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുക. റിയോ പാരാലിംപിക്സ് ഹൈജംപിലെ സ്വര്‍ണമെഡല്‍ ജേതാവ് മാരിയപ്പന്‍ തങ്കവേലു ഇന്ത്യന്‍ പതാകയേന്തുമെന്നായിരുന്നു ആദ്യം തീരുമാനമെങ്കിലും വിമാനയാത്രയ്ക്കിടെ കോവിഡ് ബാധിതനുമായി അടുത്ത് ഇടപഴകിയതിനാല്‍ മാരിയപ്പനെ ക്വാറന്റീനിലേക്ക് മാറ്റി. ഇന്ത്യന്‍ സംഘത്തിലെ മറ്റ് അഞ്ച് പേര്‍ കൂടി ക്വാറന്റീനിലാണ്. മാരിയപ്പന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. മാരിയപ്പന് പകരം ജാവലിന്‍ താരം തേക്ചന്ദ് ഇന്ത്യന്‍ പതാകയേന്തും.

   ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണ് ഇക്കുറി ടോക്യോയിലെത്തിയിരിക്കുന്നത്. റിയോ പാരാലിംപിക്‌സില്‍ സ്വര്‍ണമെഡല്‍ നേടിയ മാരിയപ്പന്‍ തങ്കവേലു ഉള്‍പ്പെടെ 54 താരങ്ങളടങ്ങിയ സംഘത്തെയാണ് ഇന്ത്യ ജപ്പാനിലേക്ക് അയച്ചത്.

   മലയാളി ഷൂട്ടര്‍ സിദ്ധാര്‍ഥ് ബാബുവും സംഘത്തിലുണ്ട്. ഒമ്പത് കായിക ഇനങ്ങളിലാണ് ഇന്ത്യന്‍ സംഘം മത്സരിക്കുക. 160 രാജ്യങ്ങളില്‍ നിന്നായി 4400 അത്‌ലറ്റുകളാണ് ഇക്കുറി പാരാലിംപിക്‌സിന്റെ ആവേശപ്പോരിനെത്തുന്നത്. സെപ്റ്റംബര്‍ അഞ്ച് വരെയാണ് മത്സരങ്ങള്‍ നടക്കുക.

   ടോക്യോ പാരാലിംപിക്സില്‍ മത്സരിക്കുന്ന ഇന്ത്യന്‍ താരങ്ങളെ പിന്തുണയ്ക്കണമെന്നും പ്രോത്സാഹിപ്പിക്കണമെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. 'പാരാലിംപിക്സില്‍ മത്സരിക്കുന്ന 54 അത്ലറ്റുകളും മെഡല്‍ നേടില്ലായിരിക്കാം. എന്നിരുന്നാലും എല്ലാ അത്‌ലറ്റുകളെയും പ്രോല്‍സാഹിപ്പിക്കുക എന്നതാണ് പ്രധാനം. അപ്പോഴേ നമ്മുടെ കായികരംഗത്ത് യഥാര്‍ഥ മാറ്റം വരികയുള്ളൂ' എന്നും സച്ചിന്‍ പറഞ്ഞു.

   Published by:Sarath Mohanan
   First published:
   )}