ടി20 ലോകകപ്പിന് ശേഷം രവി ശാസ്ത്രി ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഒഴിയുമെന്ന അഭ്യൂഹം ശക്തമാണ്. അതുകൊണ്ട് തന്നെ ഇന്ത്യൻ ടീമിന്റെ പരിശീലകനാകാൻ താൽപര്യം പ്രകടിപ്പിച്ച് മുൻ ഓസ്ട്രേലിയൻ ഓൾ റൗണ്ടറായ ടോം മൂഡി. മുൻ ദക്ഷിണാഫ്രിക്കൻ ഓൾ റൗണ്ടർ ലാൻസ് ക്ലൂസ്നർ ഇന്ത്യൻ പരിശീലകൻ ആകാനുള്ള ആഗ്രഹം വ്യക്തമാക്കിയതിന് പിന്നാലെയാണ് മൂഡിയും തന്റെ ആഗ്രഹം വെളിപ്പെടുത്തിയിരിക്കുന്നത്.
"ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ പരിശീലകനായ രവി ശാസ്ത്രി സ്ഥാനമൊഴിയുമെന്ന് ഉറപ്പായ അവസരത്തിൽ ഓസ്ട്രേലിയയ്ക്കൊപ്പം ലോകകപ്പ് നേടിയിട്ടുള്ള താരവും ലോകത്തെ വിവിധ ക്രിക്കറ്റ് ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ളതുമായ ടോം മൂഡിക്ക് ഇന്ത്യൻ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ ആഗ്രഹമുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്." - ഓസ്ട്രേലിയൻ മാധ്യമമായ ഫോക്സ് സ്പോർട്സ് റിപ്പോർട്ട് ചെയ്തു.
56 കാരനായ മൂഡി നിലവിൽ ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദെരാബാദിന്റെയും ശ്രീലങ്കൻ ദേശീയ ടീമിന്റെയും ക്രിക്കറ്റ് ഡയറക്ടറായി പ്രവർത്തിക്കുകയാണ്. അതേസമയം, ഇതാദ്യമായല്ല ഇന്ത്യയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കാനുള്ള ആഗ്രഹം വ്യക്തമാക്കുന്നത്. ഇതിന് മുൻപ് മൂന്ന് തവണ ഇന്ത്യൻ പരിശീലകനാകാനുള്ള അപേക്ഷ അദ്ദേഹം ബിസിസിഐക്ക് മുന്നിൽ മൂന്ന് തവണ സമർപ്പിച്ചിരുന്നെങ്കിലും മൂന്ന് തവണയും അദ്ദേഹത്തിന്റെ പേര് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പരിഗണിച്ചിരുന്നില്ല.
Also read- ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാൻ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ് ലാൻസ് ക്ലൂസ്നർ
ടി20 ലോകകപ്പോടെയാണ് 59 കാരനായ രവി ശാസ്ത്രിയുടെ ഇന്ത്യൻ പരിശീലകനായുള്ള കരാർ അവസാനിക്കുന്നത്. കരാർ നീട്ടാൻ തനിക്ക് താത്പര്യമില്ല എന്ന് രവി ശാസ്ത്രി അറിയിച്ചതോടെയാണ് ബിസിസിഐ ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് പുതിയ പേരുകൾ തിരഞ്ഞു തുടങ്ങിയത്.
2013 മുതൽ 2019 വരെ ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ പരിശീലകനായിരുന്ന മൂഡി 2016ൽ ഡേവിഡ് വാർണർക്കൊപ്പം സൺറൈസേഴ്സിനെ അവരുടെ ആദ്യ കിരീടത്തിലേക്ക് നയിച്ചിരുന്നു. പിന്നീട് 2019ൽ ഇംഗ്ലണ്ടിന് ലോകകപ്പ് നേടിക്കൊടുത്ത പരിശീലകനായ ട്രെവർ ബെയ്ലിസ് മൂഡിയുടെ പരിശീലക സ്ഥാനം ഏറ്റെടുത്തതോടെയാണ് അദ്ദേഹം ടീമിന്റെ ഡയറ്കടറായി സ്ഥാനമേറ്റത്. ശ്രീലങ്കൻ ദേശീയ ടീമിന്റെ പരിശീലകനായും മൂഡി പ്രവർത്തിച്ചിട്ടുണ്ട്.
അതേസമയം, ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്നും പടിയിറങ്ങുന്ന രവി ശാസ്ത്രിക്ക് പകരം അനിൽ കുംബ്ലെയെ തൽസ്ഥാനത്തേക്ക് കൊണ്ടുവരാൻ ബിസിസിഐ ലക്ഷ്യമിടുന്നതായും സൂചനയുണ്ട്. 2017ൽ ഇന്ത്യയുടെ പരിശീലകനായിരിക്കെ ക്യാപ്റ്റൻ കോഹ്ലിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടായതിനെ തുടര്‍ന്ന് കുംബ്ലെ പരിശീലക സ്ഥാനത്ത് നിന്നും ഒഴിയുകയായിരുന്നു.
വളരെ കുറച്ചുകാലമെ കുംബ്ലെ ഇന്ത്യയെ പരിശീലിപ്പിച്ചിട്ടുള്ളൂവെങ്കിലും വളരെ മികച്ച റെക്കോര്‍ഡാണ് കുംബ്ലെയ്ക്ക് ഉള്ളത്. 2017ൽ അദ്ദേഹത്തിന്റെ കീഴിലാണ് ഇന്ത്യൻ ടീം ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ എത്തിയത്. ഫൈനലിൽ എത്തിയെങ്കിലും പാകിസ്താനോട് തോറ്റ ഇന്ത്യക്ക് കിരീടം നേടാൻ കഴിഞ്ഞില്ല. കുംബ്ലെയുടെ കീഴിൽ വെസ്റ്റിന്‍ഡീസ്, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ്, ഓസ്ട്രേലിയ എന്നിവര്‍ക്ക് എതിരെ ടെസ്റ്റ് പരമ്പരകളും ഇന്ത്യൻ സംഘം സ്വന്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.