മരണക്കയത്തിൽനിന്ന് തിരിച്ചുകയറി ജർമനി

News18 Malayalam
Updated: June 24, 2018, 10:40 PM IST
മരണക്കയത്തിൽനിന്ന് തിരിച്ചുകയറി ജർമനി
  • Share this:
മോസ്ക്കോ: ലോകചാംപ്യൻമാർക്ക് ടോണി ക്രൂസിനോട് നന്ദി പറയാം. അല്ലായിരുന്നെങ്കിൽ സമനിലയിലായി, മരണക്കയത്തിൽ അകപ്പെടുമായിരുന്നു ജർമനി. ഏതായാലും ഗ്രൂപ്പ് എഫിൽ സ്വീഡനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ജർമനി പ്രീ ക്വാർട്ടർ പ്രതീക്ഷ നിലനിർത്തി. അവസാന മൽസരത്തിൽ കൊറിയയെ തോൽപ്പിച്ചാൽ ജർമനിക്ക് പ്രീ ക്വാർട്ടറിൽ കടക്കാം. അതേസമയം ഇന്ന് ജർമനിയോട് തോറ്റതോടെ സ്വീഡന്‍റെ കാത്തിരിപ്പ് മെക്സിക്കോയ്ക്കെതിരായ മൽസരത്തിലേക്ക് നീണ്ടു.


ഓല ടോൾവൊനനിലൂടെ മുന്നിലെത്തിയ സ്വീഡനെ മാർകസ് റ്യൂസ്, ടോണി ക്രൂസ് എന്നിവരുടെ എണ്ണം പറഞ്ഞ ഗോളുകളിലൂടെയാണ് ജർമനി വരുതിയിലാക്കിയത്. 32-ാം മിനിട്ടിൽ സ്വീഡൻ ആണ് ആദ്യം ലീഡെടുത്തത്. ടോൾവൊനന്‍റെ ഗോൾ പിറന്നപ്പോൾ ജർമൻ ആരാധകർ ഒരുനിമിഷത്തേക്ക് സ്തംബ്ധരായിരുന്നു. കഴിഞ്ഞ ലോകകപ്പുകളിൽ ആദ്യ റൌണ്ടിൽ പുറത്തായ ലോകജേതാക്കളുടെ അവസ്ഥ ജർമനിക്കും ഉണ്ടാകുമോയെന്ന് അവർ ഭയപ്പെട്ടു.

ഒരു ഗോളിന് പിന്നിട്ടുനിന്നാണ് ജർമനി ഇടവേളയ്ക്കായി പിരിഞ്ഞത്. തുടക്കം മുതൽ കളിയിൽ നിലനിർത്തിയ ആധിപത്യം ഒന്നുകൂടി ഉഷാറാക്കിയാണ് ജർമനി രണ്ടാം പകുതിക്ക് ഇറങ്ങിയത്. അതിന് ഫലവും കണ്ടു. 48-ാം മിനിട്ടിൽ മാർകസ് റ്യൂസിന്‍റെ ഗോൾ വന്നു. എന്നാൽ 82-ാം മിനിട്ടിൽ ചുവപ്പ് കാർഡ് കണ്ട് ജെറോം ബോട്ടെങ് പുറത്തായത് ജർമനിക്ക് തിരിച്ചടിയായി. പത്തുപേരിലേക്ക് ചുരുങ്ങിയ അവർക്ക് സ്വീഡനെതിരെ പിടിച്ചുനിൽക്കാൻ നന്നേ ബുദ്ധിമുട്ടേണ്ടിവന്നു.


ഇഞ്ചുറിടൈം മൂന്നു മിനിട്ട് പിന്നിട്ടപ്പോഴാണ് രക്ഷകനെപ്പോലെ ടോണി ക്രൂസ് അവതരിക്കുന്നത്. മാർക്കസ് റ്യൂസിന്‍റെ കൈയൊപ്പ് പതിഞ്ഞ മുന്നേറ്റത്തിനൊടുവിലായിരുന്നു ക്രൂസിന്‍റെ ഗോൾ. ജർമൻ ആരാധകർ ആനന്ദനൃത്തമാടി. സമനിലയാകുമെന്ന് ഉറപ്പായ മൽസരം ജയിക്കാനായതോടെ ജർമനിയുടെ പ്രീ ക്വാർട്ടർ പ്രതീക്ഷകളും വാനോളം ഉയർന്നു.

ഹൈലൈറ്റ്സ്
32' ഓല ടോൾവൊനനിലൂടെ സ്വീഡൻ മുന്നിൽ
48' മാർക്കസ് റ്യൂസിലൂടെ ജർമനി ഒപ്പമെത്തി
52' സ്വീഡീഷ് താരം ആൽബിൻ എക്ദാലിന് മഞ്ഞ കാർഡ്
71' ജെറോം ബോട്ടെങിന് ആദ്യ മഞ്ഞ കാർഡ്
82' രണ്ടാം മഞ്ഞ കാർഡും തുടർന്ന് ചുവപ്പ് കാർഡും കണ്ട് ബോട്ടെങ് പുറത്ത്
90+3' ടോണി ക്രൂസിന്‍റെ ഗോൾ; ജയമുറപ്പാക്കി ജർമനി
First published: June 24, 2018, 1:32 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading