• HOME
 • »
 • NEWS
 • »
 • sports
 • »
 • TORRES ECLIPSES MESSI RECORD WITH HAT TRICK IN MAN CITY WIN AT NEWCASTLE JK INT

ന്യൂകാസിലിനെതിരെ ഹാട്രിക്ക്; ലയണല്‍ മെസ്സിയുടെ റെക്കോര്‍ഡ് മറികടന്ന് ഫെറാന്‍ ടോറസ്

ന്യൂകാസില്‍ യുണൈറ്റഡും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മില്‍ നടന്ന മത്സരത്തില്‍ ഹാട്രിക്ക് നേടിയതോടെയാണ് ടോറസ് മെസ്സിയുടെ റെക്കോര്‍ഡ് മറികടന്നത്

ഫെറാന്‍ ടോറസ്

ഫെറാന്‍ ടോറസ്

 • Share this:
  ലയണല്‍ മെസ്സിയുടെ റെക്കോര്‍ഡ് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി താരം ഫെറാന്‍ ടോറസ്. ന്യൂകാസില്‍ യുണൈറ്റഡും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മില്‍ നടന്ന മത്സരത്തില്‍ ഹാട്രിക്ക് നേടിയതോടെയാണ് ടോറസ് മെസ്സിയുടെ റെക്കോര്‍ഡ് മറികടന്നത്. ഹാട്രിക്ക് നേട്ടം കൂടാതെ തന്റെ ടീമിനെ വിജയത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാനും യുവതാരത്തിന് കഴിഞ്ഞു. ന്യൂകാസിലിന്റെ മൈതാനമായ സെന്റ് ജയിംസ് പാര്‍ക്കില്‍ നടന്ന ത്രില്ലര്‍ പോരാട്ടത്തില്‍ മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ സിറ്റി വിജയിച്ച മത്സരത്തില്‍ പെപ് ഗ്വാര്‍ഡിയോളക്ക് കീഴില്‍ ഹാട്രിക്ക് നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന 11 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ടോറസ് സ്വന്തം പേരിലേക്ക് തിരുത്തിയെഴുതിയത്.

  11 വര്‍ഷങ്ങള്‍ക്കു മുന്‍പ് പെപ് ഗ്വാര്‍ഡിയോള ബാഴ്സിലോണ പരിശീലകനായിരിക്കെ ലാലിഗയില്‍ ടെനെറിഫെക്കെതിരെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് വിജയം നേടിയ മത്സരത്തിലാണ് മെസ്സി തന്റെ ഹാട്രിക്ക് നേട്ടം സ്വന്തമാക്കുന്നത്. അന്ന് 22 വയസും 200 ദിവസവുമാണ് മെസ്സിക്ക് പ്രായമുണ്ടായിരുന്നതെങ്കില്‍ ഇന്നലെ ന്യൂകാസിലിനെതിരെ ഇരുപകുതികളിലുമായി ഹാട്രിക്ക് സ്വന്തമാക്കുമ്പോള്‍ ടോറസ് മെസ്സിയേക്കാള്‍ 150 ദിവസം ചെറുപ്പമായിരുന്നു. 24 മിനുട്ടുകള്‍ക്കുള്ളില്‍ ഹാട്രിക്ക് തികച്ച താരത്തിന്റെ ടോറസിന്റെ പ്രായം 21 വയസും 75 ദിവസവുമായിരുന്നു.

  Also Read-വിരാട് കോഹ്ലി - ബാബര്‍ അസം ആരാണ് മികച്ച ബാറ്റ്സ്മാന്‍? ഒന്നാമനെ തിരഞ്ഞെടുത്ത് മുഹമ്മദ് യൂസഫ്

  'വളരെ മികച്ചൊരു ആഴ്ചയാണിത്, ഞങ്ങള്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലിനു യോഗ്യത നേടി, പ്രീമിയര്‍ ലീഗ് കിരീടമുയര്‍ത്താന്‍ കഴിഞ്ഞു, ഇപ്പോഴിതാ ഞാന്‍ ഹാട്രിക്കും സ്വന്തമാക്കി. വളരെ സന്തോഷമുണ്ട്. ഓരോ ദിവസവും ഞാന്‍ മെച്ചപ്പെടാനും സഹതാരങ്ങളില്‍ നിന്നും പരിശീലകനില്‍ നിന്നും കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനും മനസിലാക്കാനും ശ്രമിക്കാറുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട് ചാമ്പ്യന്‍സ് ലീഗ് ഫൈനലിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഞാന്‍.' മത്സരത്തിന് ശേഷം സ്‌കൈ സ്‌പോര്‍ട്‌സിനോട് സംസാരിക്കുമ്പോള്‍ ടോറസ് പറഞ്ഞു.

  മത്സരത്തില്‍ ഒരു ബാക്ക് ഫൂട്ട് ഫ്‌ലിക്കിലൂടെ ടോറസ് അതിമനോഹരമായാണ് തന്റെ ആദ്യത്തെ ഗോള്‍ നേടിയത്. കളിയിലെ അദ്യ ഗോള്‍ നേടി ടോറസ് തന്റെ ടീമിന് ആദ്യ പകുതിക്ക് മുന്‍പ് തന്നെ ഒരു ഗോളിന്റെ ലീഡ് നല്‍കി. പിന്നീട് ജോയിലിന്റന്റേയും ജോ വില്ലോക്കിന്റേയും ഗോളുകളില്‍ ന്യൂകാസില്‍ മത്സരത്തില്‍ മുന്നിലെത്തി, ഗബ്രിയേല്‍ ജീസസിന്റെ ക്രോസില്‍ നിന്നു തന്റെ രണ്ടാം ഗോള്‍ നേടിയ ടോറസ് മത്സരം 3-3 ന് സമനിലയിലാക്കി. രണ്ടു മിനുട്ടിന് ശേഷം സിറ്റിയുടെ ലീഡ് ഉയര്‍ത്തി തന്റെ മൂന്നാം ഗോളും ടോറസ് നേടി. സിറ്റി താരമായ ജാവോ കാന്‍സലോ തൊടുത്ത ഷോട്ട് സിറ്റി പോസ്റ്റില്‍ തട്ടി തിരിച്ചു വന്നപ്പോള്‍ കൃത്യ സ്ഥലത്ത് ഉണ്ടായിരുന്ന ടോറസിന് പന്ത് വലയിലേക്ക് തിരിച്ചുവിടുക മാത്രേ ചെയ്യേണ്ടി വന്നുള്ളൂ.

  പ്രീമിയര്‍ ലീഗിലെ ആദ്യത്തെ സീസണില്‍ തന്നെ മനോഹരമായ നിരവധി ഗോളുകള്‍ നേടിയ സ്പാനിഷ് താരത്തെ മത്സരത്തിനു ശേഷം ബിബിസി സ്‌പോര്‍ട്ടിനോട് സംസാരിക്കുമ്പോള്‍ സിറ്റി പരിശീലകനായ ഗ്വാര്‍ഡിയോള അഭിനന്ദിച്ചു. ഒരു വിങ്ങറായാണ് ടോറസിനെ ടീമിലെത്തിച്ചതെങ്കിലും താരത്തെ സ്ട്രൈക്കറായി കളിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഗ്വാര്‍ഡിയോള വ്യക്തമാക്കി.

  മത്സരത്തിലെ ജയത്തോടെ സിറ്റി ഇംഗ്ലീഷ് ലീഗില്‍ തുടര്‍ച്ചയായി 12 എവേ മത്സരങ്ങള്‍ ജയിക്കുന്ന ടീം എന്ന റെക്കോര്‍ഡിട്ടു. ജയത്തോടെ മൂന്ന് പോയിന്റ് നേടിയ സിറ്റി ഒന്നാം സ്ഥാനത്ത് തങ്ങളുടെ ലീഡ് വീണ്ടും 13 പോയിന്റാക്കി ഉയര്‍ത്തി. മെയ് 29ന് ചെല്‍സിക്കെതിരായ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് മുന്‍പ് അവര്‍ക്ക് ഇനി പ്രീമിയര്‍ ലീഗില്‍ ബ്രൈറ്റണേയും എവര്‍ട്ടണേയും നേരിടാന്‍ ഉണ്ട്.
  Published by:Jayesh Krishnan
  First published:
  )}