• HOME
  • »
  • NEWS
  • »
  • sports
  • »
  • Kerala Blasters | ട്രാൻസ്ഫർ വിപണിയിലെ നീക്കങ്ങൾ; നയം വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്

Kerala Blasters | ട്രാൻസ്ഫർ വിപണിയിലെ നീക്കങ്ങൾ; നയം വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്

വാസ്‌കസിനെ നിലനിർത്താഞ്ഞതിൽ അതൃപ്തി ഉണ്ടായിരുന്ന ആരാധകർക്ക് വിൻസിയുടെ ചെന്നൈയിനിലേക്കുള്ള കൈമാറ്റം ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഇതോടെയാണ് സ്കിൻകിസ് തന്നെ വിശദീകരണവുമായി എത്തിയത്.

  • Share this:
    ട്രാൻസ്ഫർ വിപണിയിൽ താര കൈമാറ്റങ്ങളെ ചൊല്ലി വിമർശനങ്ങൾ ഉയർന്നതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ (Kerala Blasters) നയമെന്തെന്ന് വ്യക്തമാക്കി സ്പോർട്ടിങ് ഡയറക്ടർ കരോളിസ് സ്കിൻകിസ് (Karolys Skinkis) രംഗത്ത്. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ യുവതാരം വിൻസി ബാരറ്റോയെ ചെന്നൈയിൻ എഫ്‌സിക്ക് കൈമാറിയതിൽ ആരാധകരുടെ വിമർശനം ഉയർന്നതോടെയാണ് വിശദീകരണയുമായി സ്കിൻകിസ് രംഗത്തെത്തിയത്.

    ട്വിറ്ററിൽ വിൻസിയുടെ ട്രാൻസ്ഫർ സംബന്ധിച്ച് ബ്ലാസ്റ്റേഴ്‌സ് പങ്കുവെച്ച ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു സ്കിൻകിസിന്റെ വിശദീകരണം. എല്ലാ കളിക്കാരേയും നിലനിർത്താനാണ് ക്ലബ് ശ്രമിക്കുന്നതെന്നും സ്ഥിരത കൈവരിക്കുകയും അതുവഴി തുടർ ജയങ്ങൾ നേടാനുമാണ് ആഗ്രഹിക്കുന്നതെന്നും സ്കിൻകിസ് പറഞ്ഞു. കളിക്കാരുടെ ട്രാൻസ്ഫറുകളിൽ നിന്നും ലഭിക്കുന്ന തുക ടീമിലേക്ക് പുതിയ താരങ്ങളെ എത്തിക്കാനുള്ള റിക്രൂട്ട്മെന്റ് പദ്ധതികളുടെ ഭാഗമാണെന്നും അദ്ദേഹം കുറിച്ചു. യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതിലാണ് ഞങ്ങൾ എക്കാലത്തും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. തുടർന്നും അങ്ങനെ തന്നെയായിരിക്കുംമെന്ന് പറഞ്ഞ സ്കിൻകിസ് ക്ലബ് വിട്ട് പോകുന്ന വിൻസിക്ക് ആശംസകളും നേർന്നു.


    ഗോകുലം കേരള എഫ്സിയിൽ നിന്നും കഴിഞ്ഞ സീസണിലാണ് ഗോവക്കാരനായ വിൻസി ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്. കഴിഞ്ഞ ഐഎസ്എൽ സീസണിൽ മികച്ച പ്രകടനം നടത്തിയ ഗോവൻ വിങ്ങർ റിലയൻസ് ഡെവലപ്മെന്റ് ലീഗിലും മികച്ച പ്രകടനം നടത്തിയിരുന്നു.

    മികച്ച പ്രകടനം നടത്തിയ യുവതാരത്തെ ചെന്നൈയിന് കൈമാറിയത് ആരാധകർക്കിടയിൽ വിമർശനത്തിന് ഇടയാക്കി. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിൽ നിർണായക പങ്കുവഹിച്ച സ്പാനിഷ് താരം അൽവാരോ വാസ്‌കസിനെ നിലനിർത്താഞ്ഞതിൽ അതൃപ്തി ഉണ്ടായിരുന്ന ആരാധകർക്ക് വിൻസിയുടെ ചെന്നൈയിനിലേക്കുള്ള കൈമാറ്റം ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഇതോടെയാണ് സ്കിൻകിസ് തന്നെ വിശദീകരണവുമായി എത്തിയത്.

    Also read- Alvaro Vasquez | മഞ്ഞക്കുപ്പായത്തിൽ ഇനി വാസ്‌കസിനെ കാണാനാകില്ല; ബ്ലാസ്റ്റേഴ്‌സ് വിട്ട സ്പാനിഷ് താരം ഈ ക്ലബിലേക്ക്

    കരാർ പുതുക്കാൻ കൂടുതൽ തുക ആവശ്യപ്പെട്ടതിനാലാണ് വാസ്‌കസിനെ നിലനിർത്താൻ ബ്ലാസ്റ്റേഴ്‌സ് തയാറായിരുന്നില്ല. 28 മത്സരങ്ങളിൽ നിന്നും എട്ട് ഗോളുകൾ നേടിയ താരം ടീമിന്റെ മുന്നേറ്റങ്ങളുടെ കുന്തമുനയായിരുന്നു. ബ്ലാസ്റ്റേഴ്‌സ് വിട്ട സ്പാനിഷ് താരം എഫ്‌സി ഗോവയുമായി രണ്ട് വർഷ കരാറിലാണ് ഒപ്പിട്ടിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

    കഴിഞ്ഞ സീസണിൽ ടീമിനായി കളിച്ച വിദേശ താരങ്ങളിൽ ടീമിന്റെ ക്യാപ്റ്റനായ യുറുഗ്വായ് മധ്യനിര താരം അഡ്രിയാൻ ലൂണ, ക്രൊയേഷ്യൻ പ്രതിരോധ താരം മാർക്കോ ലെസ്‌കോവിച്ച് എന്നിവരുമായി ക്ലബ് കരാർ പുതുക്കിയിട്ടുണ്ട്. ബോസ്‌നിയൻ പ്രതിരോധ താരം സിപോവിച്ചും ടീമിൽ തന്നെ തുടർന്നേക്കുമെന്നാണ് വാർത്തകൾ. ഇവർക്കൊപ്പം കഴിഞ്ഞ സീസണിൽ അൽവാരോയ്‌ക്കൊപ്പം ടീമിന്റെ മുന്നേറ്റ നിരയിലെ പ്രധാനി ആയിരുന്ന അർജന്റീന താരം പെരേര ഡയസിനെ നിലനിർത്താനുള്ള ശ്രമങ്ങളും ടീം നടത്തുന്നുണ്ട്.

    Also read- കാവലാളായി ഗിൽ തുടരും; ഗോൾഡൻ ഗ്ലൗ ജേതാവുമായി കരാർ പുതുക്കി കേരള ബ്ലാസ്റ്റേഴ്‌സ്

    ഇന്ത്യൻ താരങ്ങളിൽ സഹൽ, രാഹുൽ, ജീക്സൺ സിങ്, പ്യുട്ടിയ എന്നിവർ ക്ലബ്ബുമായി നേരത്തെ തന്നെ ദീർഘകാല കരാറിൽ ഒപ്പിട്ടിരുന്നു. ഇവർക്ക് പുറമെ കഴിഞ്ഞ സീസണിൽ ഗോൾവലയ്ക്ക് കീഴിൽ മിന്നും പ്രകടനം കാഴ്ചവെച്ച ഗോൾകീപ്പർ പ്രഭ്സുഖൻ ഗിൽ, വെറ്ററൻ ഗോൾകീപ്പർ കരൺജിത്ത് സിങ്, മലയാളി പ്രതിരോധ താരം ബിജോയ് വർഗീസ് എന്നിവരും ക്ലബുമായി കരാർ പുതുക്കിയിരുന്നു.
    Published by:Naveen
    First published: