HOME » NEWS » Sports » UEFA AND FIFA OPPOSE SUPER LEAGUE PLAN OF ELITE CLUBS MM INT

യുവേഫയുടെ വിലക്ക് മറികടന്ന് സൂപ്പർ ലീഗ് പ്രഖ്യാപനം നടത്തി യൂറോപ്പിലെ വമ്പൻ ക്ളബ്ബുകൾ

താരങ്ങൾക്കു മാത്രമല്ല, ടീമുകൾക്കും രാജ്യാന്തര വിലക്കുൾപെടെ ഭീഷണി മുഴക്കിയിട്ടും യൂറോപ്യൻ സൂപ്പർ ലീഗ്​ (ഇ.എസ്​.എൽ.) ഉടൻ ആരംഭിക്കുമെന്ന്​ പ്രതിനിധികൾ അറിയിച്ചു

News18 Malayalam | news18-malayalam
Updated: April 20, 2021, 7:02 AM IST
യുവേഫയുടെ വിലക്ക് മറികടന്ന് സൂപ്പർ ലീഗ് പ്രഖ്യാപനം നടത്തി യൂറോപ്പിലെ വമ്പൻ ക്ളബ്ബുകൾ
(പ്രതീകാത്മക ചിത്രം)
  • Share this:
ചാമ്പ്യൻസ് ലീഗിന് പകരമായി വമ്പൻ ക്ലബുകളുടെ മേൽനോട്ടത്തിൽ തുടങ്ങാനിരിക്കുന്ന സൂപ്പർ ലീഗിനെ ചൊല്ലി യൂറോപ്യൻ ഫുട്ബോളിൽ പ്രതിസന്ധി. യുവേഫയുടെ വിലക്കിനെ മറികടന്നാണ് സൂപ്പർ ലീഗിൻ്റെ പ്രഖ്യാപനം വന്നത്. താരങ്ങൾക്കു മാത്രമല്ല, ടീമുകൾക്കും രാജ്യാന്തര വിലക്കുൾപെടെ ഭീഷണി മുഴക്കിയിട്ടും യൂറോപ്യൻ സൂപ്പർ ലീഗ്​ (ഇ.എസ്​.എൽ.) ഉടൻ ആരംഭിക്കുമെന്ന്​ പ്രതിനിധികൾ അറിയിച്ചു.

ഇംഗ്ലണ്ടിൽ നിന്നു മാത്രം ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടൻഹാം, ചെൽസി, ആഴ്​സണൽ എന്നീ പ്രമുഖർ യൂറോപ്യൻ ക്ളബ്ബുകൾ സൂപ്പർ ലീഗിൽ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്​. ഇറ്റലിയിൽ നിന്ന്​ എ.സി മിലാൻ, യുവന്‍റസ്​, ഇന്‍റർ മിലാൻ ടീമുകളും ലാ ലിഗയിൽ നിന്ന്​ റയൽ മഡ്രിഡ്​, ബാഴ്​സലോണ, അത്​ലറ്റികോ മഡ്രിഡ്​ ടീമുകളും പങ്കെടുക്കും. ബയേൺ മ്യൂണിക്ക്, പിഎസ്‌ജി എന്നിവരും സൂപ്പർ ലീഗിൽ ചേർന്നേക്കുമെന്നാണ് സൂചന. കൂടുതൽ സാമ്പത്തിക നേട്ടം പ്രതീക്ഷിച്ചാണ് ക്ലബുകൾ സൂപ്പർ ലീഗ് തുടങ്ങുന്നത്. 20 ടീമുകളെയാണ് സൂപ്പർ ലീഗിൽ പ്രതീക്ഷിക്കുന്നത്.

എന്നാല്‍ സൂപ്പർ ലീഗിൽ കളിക്കുന്ന താരങ്ങളെ വിലക്കുമെന്ന് യുവേഫയും ഫിഫയും വ്യക്തമാക്കിയിട്ടുണ്ട്. ഫിഫയുടേയും യുവേഫയുടേയും മുന്നറിയിപ്പുകള്‍ അവഗണിച്ച് സൂപ്പര്‍ ക്ലബുകൾ മുന്നോട്ടുപോവുന്നതാണ് പരസ്യ ഏറ്റുമുട്ടലിലേക്ക് എത്തിച്ചിരിക്കുന്നത്. യൂറോപ്യന്‍ സൂപ്പര്‍ ലീഗ് കുഞ്ഞന്‍ ക്ലബുകളെ സാമ്പത്തികമായി തകര്‍ക്കുമെന്ന ആശങ്കയും സജീവമാണ്.



എന്നാൽ, ഏറെയായി ഫുട്ബോളിൽ ഏറ്റവും കൂടുതൽ ആരാധകർ കാണുന്ന ടൂർണമെൻ്റുകളിലൊന്നായ ചാമ്പ്യൻസ്​ ലീഗിനു പകരം വാൾ സ്ട്രീറ്റ്​ ആസ്​ഥാനമായുള്ള ബാങ്കിങ്​ ഭീമൻ ജെ.പി മോർഗനുമായി ചേർന്ന്​ വമ്പൻ ലീഗ്​ ആരംഭിക്കുന്നത്​. 460 കോടി പൗണ്ടാണ് ​(ഏകദേശം 48,000 കോടി രൂപ) ടെലിവിഷൻ വരുമാനം കണക്കാക്കുന്നത്. നിലവിൽ ചാമ്പ്യൻസ്​ ലീഗ്​, യൂറോപ ലീഗ്​, യൂറോപ്യൻ സൂപ്പർ കപ്​ എന്നിവ ഒന്നിച്ച് ചേർത്താൽ പോലും ലഭിക്കാത്ത തുകയാണിത്.

അതേസമയം, ഈ വെല്ലുവിളിയെ ചെറുക്കാനായി ചാമ്പ്യൻസ് ലീഗിനെ മൊത്തമായി ഉടച്ച് വർക്കാൻ ഒരുങ്ങുകയാണ് യുവേഫ. ലീഗിലെ ടീമുകളുടെ എണ്ണം കൂട്ടി അതുവഴി ലീഗിൻ്റെ ദൈർഘ്യം കൂട്ടാനാണ് യുവേഫ ലക്ഷ്യമിടുന്നത്. ഇത് മത്സരങ്ങൾ ഇരട്ടിയാവുന്നതിലേക്ക് എത്തുകയും ചെയ്യും. മത്സരങ്ങൾ ഇരട്ടിയവുന്നതോടെ ക്ലബുകളുടെ വരുമാനത്തിലും വലിയ മാറ്റമുണ്ടാവുമെന്നാണ് യുവേഫയുടെ പ്രതീക്ഷ. ഇത് യൂറോപ്യൻ സൂപ്പർ ലീഗിനെ പ്രതിരോധിക്കാനുള്ള ഒരു വഴിയായാണ് യുവേഫ കാണുന്നത്.

ചാമ്പ്യൻസ് ലീഗ് ഉടച്ച് വാർക്കുന്നതോടെ നിലവിലെ 32 ടീമുകൾക്ക് പകരം 36 ടീമുകളാവും ചാമ്പ്യൻസ് ലീഗിൽ മത്സരിക്കാൻ ഉണ്ടാവുക. യുവേഫ റാങ്കിംഗിൽ ഉയർന്ന നിലയിലായിട്ടും മുൻനിരയിലെത്താത്ത രണ്ടു ടീമുകളും ഫ്രഞ്ച് ലീഗിലെ ഒരു ടീമും ചാമ്പ്യൻസ് ലീഗിൽ പ്രാതിനിധ്യമില്ലാത്ത ലീഗിലെ ഒരു ടീമാവും അധികമായി ഇടംപിടിക്കുക.

Summary: Europe's elite clubs move ahead with European Super league amidst stiff opposition from UEFA and FIFA
Published by: user_57
First published: April 20, 2021, 7:02 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories