ലിസ്ബൺ: ബയേൺ മ്യൂണിച്ച് ഇത്ര കണ്ണിൽ ചോരയില്ലാത്തവരാണോ?. അല്ലെങ്കിൽ ലയണൽ മെസിയുടെ
ബാഴ്സലോണയെ ഇങ്ങനെ നാണം കെടുത്തുമോ?. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ യാതൊരു ദയവുമില്ലാതെയായിരുന്നു ബയേൺ മ്യൂണിക് വമ്പൻമാരായ ബാഴ്സലോണയെ പരാജയപ്പെടുത്തിയത്. രണ്ടിനെതിരേ എട്ടു ഗോളുകളുടെ തോൽവി ഏറ്റുവാങ്ങിയാണ് ബാഴ്സ മടങ്ങിയത്.
ഒരുങ്ങിത്തന്നെയാണ് ബയേൺ ഇറങ്ങിയത്. മത്സരം തുടങ്ങിയപ്പോൾ മുതൽ കൂട്ടത്തോടെ ബാഴ്സ ബോക്സിലേക്ക് ആക്രമണം അഴിച്ചുവിട്ട അവർ നാലാം മിനിറ്റിൽ മുന്നിലെത്തി. റോബർട്ട് ലെവൻഡോസ്കിയുടെ പാസിൽ നിന്ന് തോമസ് മുള്ളറുടെ ഇടംകാലനടി ബാഴ്സയുടെ വലയിൽ. ആദ്യമൊന്ന് ഞെട്ടിയെങ്കിലും ബാഴ്സ തിരിച്ചടിച്ചു. ബാഴ്സയുടെ ഒരു മുന്നേറ്റത്തിനൊടുവിൽ പന്ത് ക്ലിയർ ചെയ്യാനുള്ള ശ്രമത്തിനിടെ ഡേവിഡ് അലാബയുടെ കാലിൽ തട്ടി പന്ത് സ്വന്തം വലയിൽ. സെൽഫ് ഗോളിലൂടെ ഏഴാം മിനിറ്റിൽ ബാഴ്സ ഒപ്പമെത്തി. അതുവരെ മാത്രമാണ് ബാഴ്സയ്ക്ക് സന്തോഷിക്കാനായി എന്തെങ്കിലും ഉള്ളത്.
പിന്നീട് സ്പാനിഷ് പ്രതിരോധവും ഗോൾകീപ്പർ ടെർസ്റ്റേഗനും ബയേൺ ആക്രമണത്തിനു മുന്നിൽ കാഴ്ചക്കാരായി. 21ാം മിനിറ്റിൽ ഇവാൻ പെരിസിച്ച് ബയേണിന്റെ രണ്ടാം ഗോൾ നേടി. 27ാം മിനിറ്റിൽ സെർജ് നാബ്രി അവരുടെ ലീഡുയർത്തി. സ്കോർ നില 3-1. പിന്നാലെ 31ാം മിനിറ്റിൽ തോമസ് മുള്ളർ തന്റെ രണ്ടാം ഗോളും നേടിയതോടെ ബയേൺ 4-1ന് മുന്നിൽ. ബാഴ്സയുടെ വിധി ഇതോടെ ഏറെക്കുറെ വ്യക്തമായി കഴിഞ്ഞു.
ആദ്യ പകുതിയേക്കാൾ ഭയാനകമായിരുന്നു ബാഴ്സയ്ക്ക് രണ്ടാം പകുതി. തിരിച്ചുവരവിനായി ഗ്രീസ്മാനെ കളത്തിലിറക്കി ബാഴ്സ ആക്രമണത്തിന് ശ്രമിച്ചു. 57ാം മിനിറ്റിൽ സുവാരസിലൂടെ ബാഴ്സ ഒരു ഗോൾ മടക്കി. മനോഹരമായ ഒരു ടച്ചിലൂടെ ബയേൺ പ്രതിരോധത്തെ വെട്ടിച്ചായിരുന്നു സുവാരസിന്റെ ഫിനിഷ്.
എന്നാൽ ബയേൺ തെല്ലും പതറിയില്ല. ബാഴ്സയ്ക്ക് പന്ത് നഷ്ടപ്പെടുമ്പോഴെല്ലാം ആക്രമണം അഴിച്ചുവിട്ട ബയേൺ 63ാം മിനിറ്റിൽ ജോഷ്വ കിമ്മിച്ചിലൂടെ അഞ്ചാം ഗോളും നേടി. 82ാം മിനിറ്റിൽ കുടീഞ്ഞ്യോയുടെ പാസിൽ നിന്ന് ലെവൻഡോസ്ക്കി ബയേണിന്റെ ആറാം ഗോളും നേടി. ഈ സീസണിൽ താരത്തിന്റെ 14ാം ചാമ്പ്യൻസ് ലീഗ് ഗോളായിരുന്നു അത്. അവിടെയും നിർത്താതെ ബയേൺ തുടർച്ചയായി ആക്രമണങ്ങൾ നടത്തി. 85, 89 മിനിറ്റുകളിൽ ബാഴ്സ പ്രതിരോധത്തെ കാഴ്ചക്കാരനാക്കി കുടീഞ്ഞ്യോ ബയേണിന്റെ ഗോൾ പട്ടിക തികച്ചു.
1946ന് ശേഷം ഇതാദ്യമാണ് ബാഴ്സ ഒരു മത്സരത്തിൽ എട്ടു ഗോളുകൾ വഴങ്ങി തോൽക്കുന്നത്. 2008ന് ശേഷം സീസണിൽ ഒരു കിരീടം പോലുമില്ലാതെ ബാഴ്സ മടങ്ങുന്നതും ആദ്യം. 1951 ഏപ്രിലിന് ശേഷം ബാഴ്സ ആറു ഗോൾ വ്യത്യാസത്തിൽ തോൽക്കുന്നതും ഇതാദ്യമായാണ്. അന്ന് എസ്പാന്യോളാണ് ബാഴ്സയെ (0-6) തോൽപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.