• HOME
 • »
 • NEWS
 • »
 • sports
 • »
 • UEFA Champions League | പോർട്ടോയെ മുട്ടുകുത്തിച്ച് ചെൽസി; ജയം എതിരില്ലാത്ത രണ്ടു ഗോളിന്

UEFA Champions League | പോർട്ടോയെ മുട്ടുകുത്തിച്ച് ചെൽസി; ജയം എതിരില്ലാത്ത രണ്ടു ഗോളിന്

മത്സരം നടന്നത് നിഷ്പക്ഷ വേദിയിൽ ആയിരുന്നെങ്കിലും പോർട്ടോയുടെ ഹോം മത്സരമായി കണക്കാക്കിയത് കൊണ്ട് ചെൽസിക്ക് വിലപ്പെട്ട രണ്ട് എവേ ഗോളുകൾ നേടാനായത് അവർക്ക് രണ്ടാം പാദത്തിൽ മുൻതൂക്കം നൽകും.

FA CUP

FA CUP

 • Share this:
  ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ പോർട്ടോക്കെതിരെ ആധികാരിക ജയവുമായി ചെൽസി. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ചെൽസി പോർട്ടോയെ പരാജയപ്പെടുത്തിയത്. മത്സരം നടന്നത് നിഷ്പക്ഷ വേദിയിൽ ആയിരുന്നെങ്കിലും പോർട്ടോയുടെ ഹോം മത്സരമായി കണക്കാക്കിയത് കൊണ്ട് ചെൽസിക്ക് വിലപ്പെട്ട രണ്ട് എവേ ഗോളുകൾ നേടാനായത് അവർക്ക് രണ്ടാം പാദത്തിൽ മുൻതൂക്കം നൽകും. മത്സരത്തിന്റെ ആദ്യ പകുതിയിൽ ജോർജ്ജിഞ്ഞോയുടെ പാസിൽ നിന്ന് മേസൺ മൗണ്ടാണ് ചെൽസിയുടെ ആദ്യ ഗോൾ നേടിയെടുത്തത്.

  രണ്ടാം പകുതി മുതൽ ആക്രമിച്ചു കളിച്ച പോർട്ടോ സമനില ഗോളിനായി ശ്രമിച്ചു കൊണ്ടേയിരുന്നു. ഒന്നിന് പുറകെ ഒന്നായി അവർ ചെൽസി ഗോളി മെൻഡിയെ പരീക്ഷിച്ചു കൊണ്ടേയിരുന്നു. പക്ഷേ ഗോൾ മാത്രം അകന്നു നിന്നു.

  നേരത്തെ, മത്സരത്തിൽ പോർട്ടോ ആധിപത്യം പുലർത്തിക്കൊണ്ടിരുന്ന സമയത്തായിരുന്നു കളിയുടെ ഒഴുക്കിന് വിപരീതമായി ചെൽസി ആദ്യ ഗോൾ നേടിയത്. തുടർന്നും മികച്ച പ്രകടനം പുറത്തെടുത്ത അവർ രണ്ടാം പകുതിയിൽ നിരവധി സുവർണ്ണാവസരങ്ങൾ സൃഷ്ട്ടിച്ചെങ്കിലും ലക്ഷ്യത്തിൽ എത്തിക്കാനായില്ല. പോർട്ടോയും ഒപ്പം പിടിച്ചെങ്കിലും ഗോൾ ഭാഗ്യം അവർക്ക് അകന്നു നിന്നു. എന്നാൽ മത്സരം അവസാനിക്കാൻ അഞ്ച് മിനുട്ട് ബാക്കി നിൽക്കെ പോർട്ടോ പ്രതിരോധം വരുത്തിയ പിഴവ് മുതലെടുത്ത് മധ്യനിര താരം ചിൽവെൽ ചെൽസിയുടെ വിജയം ഉറപ്പിച്ച ഗോൾ നേടുകയായിരുന്നു. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെ രണ്ടാം പാദ മത്സരം ഏപ്രിൽ 14ന് നടക്കും.

  ഏതായാലും ഈ വിജയം ചെൽസിക്ക് വെസ്റ്റ് ബ്രോമിനോടെറ്റ തോൽവിയിൽ നിന്നുമുള്ള ഉയർത്തെഴുനേൽപ്പായി. തോമസ് ടൂഹലിന് കീഴിൽ ചെൽസിയുടെ 14 തുടർ വിജയങ്ങളുടെ അപരാജിത കുതിപ്പിനായിരുന്നു വെസ്റ്റ് ബ്രോം അവസാനം കുറിച്ചത്. പ്രീമിയർ ലീഗിലെ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന വെസ്റ്റ് ബ്രോമാണ് ചെൽസിയുടെ കുതിപ്പിന് കടിഞ്ഞാണിട്ടത്. ചെൽസിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാം ഫോർഡ് ബ്രിഡ്ജിൽ വെച്ചായിരുന്നു ലീഗിലെ താഴെ തട്ടിലുള്ള വെസ്റ്റ് ബ്രോം ചെൽസിയെ നാണംകെടുത്തിയത്. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ചെൽസി തോറ്റത്.

  Also Read- UEFA Champions League | ഇരട്ട ഗോളുമായി എംബാപ്പെ, ബയേണിനെതിരെ പിഎസ്ജിക്ക് തകർപ്പൻ ജയം

  തോൽവിക്ക് ശേഷം ചെൽസി ക്യാമ്പിൽ അന്തരീക്ഷം അത്ര രസത്തിൽ ആയിരുന്നില്ല. ചെൽസി താരങ്ങൾ തമ്മിലുള്ള അടിയിൽ വരെയെത്തിയിരുന്നു പ്രശ്നം. മത്സര ശേഷം ചെൽസി കോച്ച് തോമസ് ടുഹേൽ നടത്തിയ പ്രസ്താവനയിൽ അവർ. ഈ ജയം എത്രത്തോളം ആഗ്രഹിച്ചിരുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു. വെസ്റ്റ് ബ്രോമിനോടേറ്റ തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് എങ്ങനെ തിരിച്ചുവരും എന്നതിൻ്റെ ഉത്തരമായിരുന്നു ടീമിൻ്റെ പ്രകടനവും ജയവും എന്നും ടുഹേൽ കൂട്ടിച്ചേർത്തു.

  "വെസ്റ്റ് ബ്രോമിനോടേറ്റ തോൽവിക്ക് ടീമിൽ നിന്നും ഒരു പ്രതികരണമുണ്ടാകും എനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു. ആ മത്സരം കഴിഞ്ഞ് അടുത്ത ദിവസം ഡ്രസ്സിംഗ് റൂമിൽ തോൽവിയുടെ പ്രതികരണം കണ്ടിരുന്നു, അതത്ര വലിയ കാര്യമായി എടുത്തില്ല. ഒരു വലിയ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. അത് ഞങ്ങളുടെ ഉത്തരവാദിത്തമായി ഏറ്റെടുത്ത് തോൽവി ഞങ്ങൾ സ്വീകരിച്ചു. അതിനു ശേഷം അതിനൊരു മറുപടി കൊടുക്കുക എന്നത് മാത്രമായിരുന്നു എല്ലാവരുടെയും മുന്നിൽ. അത് ഈ മത്സരത്തിൽ സംഭവിച്ചിരിക്കുന്നു. കളിയിൽ പലപ്പോഴും നമുക്ക് തോൽവികൾ സംഭവിക്കും പക്ഷേ ആ തോൽവികളിൽ നിന്നും നമ്മൾ എങ്ങനെ തിരിച്ചുവരും എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. അതിൽ ഞങ്ങൾ വിജയിച്ചിരിക്കുന്നു" - ടുഹെൽ പറഞ്ഞു.

  പ്രീമിയർ ലീഗിൽ കിരീട സാധ്യത അവസാനിച്ച സാഹചര്യത്തിൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടാനുള്ള പോരാട്ടത്തിലാണ് ടുഹെലിന് കീഴിൽ ഉള്ള ചെൽസി ടീം. കഴിഞ്ഞ വർഷം ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയെ ലീഗിൻ്റെ ഫൈനൽ വരെ എത്തിച്ച ആളാണ് തോമസ് ടുഹെൽ. കഴിഞ്ഞ വർഷം നഷ്ടമായ കിരീടം ഇക്കുറി നേടിയെടുക്കാനുള്ള ലക്ഷ്യം വച്ച് തന്നെയാണ് ടുഹെൽ തൻ്റെ ടീമിനെ ഒരുക്കുന്നത്. രണ്ടാം പാദവും ജയിച്ച് അവസാന നാലിൽ ഇടം പിടിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാവും ടുഹെൽ.

  Summary- Chelsea emerges with a clinical victory over Porto in the Champions league Quarter final after their setback in the Premier league against West Brom
  Published by:Anuraj GR
  First published: