• HOME
  • »
  • NEWS
  • »
  • sports
  • »
  • Champions League| മെസ്സി ഡബിളിൽ ലെപ്‌സിഗിന് എതിരെ ജയം നേടി പിഎസ്ജി; ആവേശപ്പോരിൽ അത്ലറ്റിക്കോയെ വീഴ്ത്തി ലിവർപൂൾ

Champions League| മെസ്സി ഡബിളിൽ ലെപ്‌സിഗിന് എതിരെ ജയം നേടി പിഎസ്ജി; ആവേശപ്പോരിൽ അത്ലറ്റിക്കോയെ വീഴ്ത്തി ലിവർപൂൾ

മറ്റ് മത്സരങ്ങളിൽ റയൽ മാഡ്രിഡ് ഷാക്തറിനെയും അയാക്സ് ഡോർട്മുണ്ടിനെയും ഇന്റർ മിലാൻ ഷെരീഫിനെയും എഫ് സി പോർട്ടോ മിലാനെയും തോൽപ്പിച്ചു.

Lionel Messi (Image: UEFA Champions League, Twitter)

Lionel Messi (Image: UEFA Champions League, Twitter)

  • Share this:
    ചാമ്പ്യൻസ് ലീഗിൽ ലയണൽ മെസ്സിയുടെ മികവിൽ റെഡ്ബുൾ ലെപ്‌സിഗിനെതിരെ ജയം നേടി ഫ്രഞ്ച്ക്ലബ് പിഎസ്ജി. മത്സരത്തിൽ പിന്നിൽ നിന്ന് തിരിച്ചുവന്ന് ഗോൾ നേടിയാണ് പിഎസ്ജി ജയം സ്വന്തമാക്കിയത്. മെസ്സിയുടെ ഇരട്ട ഗോളുകളാണ് പിഎസ്ജിക്ക് ജയം നേടിക്കൊടുത്തത്. തുടർച്ചയായ രണ്ടാം ചാമ്പ്യൻസ് ലീഗ് മത്സരത്തിലും ഗോൾ നേടി ടീമിന്റെ വിജയനായകൻ ആയിരിക്കുകയാണ് മെസ്സി. മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു പിഎസ്ജിയുടെ വിജയം. മെസ്സിക്ക് പുറമെ എംബാപ്പെയാണ് പിഎസ്ജിക്കായി ഗോൾ നേടിയത്. ലെപ്‌സിഗിന് വേണ്ടി ആന്ദ്രേ സിൽവ, നോർഡി മുകിയെല എന്നിവരാണ് ഗോൾ നേടിയത്.

    മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ എംബാപ്പെയിലൂടെ പിഎസ്ജിയാണ് ആദ്യം മുന്നിലെത്തിയത്. പിഎസ്ജിയുടെ പകുതിയിൽ നിന്നും ലെപ്‌സിഗ് താരങ്ങളുടെ കാലിൽ നിന്നും മെസ്സി റാഞ്ചിയെടുത്ത പന്തിൽ നിന്നും തുടങ്ങിയ പിഎസ്ജിയുടെ കൗണ്ടർ അറ്റാക്കിൽ ജൂലിയൻ ഡ്രാക്സ്ലറുടെ പാസിൽ നിന്നാണ് എംബാപ്പെ ഗോൾ നേടിയത്. പിന്നീട് കൂടുതൽ സമയവും പന്ത് കാലിൽ വെച്ച് കളിക്കാൻ പിഎസ്ജിക്ക് കഴിഞ്ഞെങ്കിലും ഇടയ്ക്കിടെ നടത്തിയ മുന്നേറ്റങ്ങൾ കൊണ്ട് ഫ്രഞ്ച് ക്ലബിനെ സമ്മർദ്ദത്തിലാക്കാൻ ലെപ്‌സിഗിന് കഴിഞ്ഞു. ഇതിന്റെ ഫലമായിട്ടായിരുന്നു 28ാ൦ മിനിറ്റിൽ അവർ സമനില ഗോൾ നേടിയത്. ആന്ദ്രേ സിൽവയാണ് ലെപ്‌സിഗിന് സമനില നേടിക്കൊടുത്തത്.

    രണ്ടാം പകുതിയിലും മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞു കളിച്ച ലെപ്‌സിഗ് നോർഡി മുകിയെലയിലൂടെ രണ്ടാം ഗോൾ നേടി മുന്നിലെത്തി പിഎസ്ജിയെ ഞെട്ടിച്ചു. സ്വന്തം മൈതാനത്ത് പിന്നിലായ പിഎസ്ജിയുടെ രക്ഷയ്ക്കെത്തിയത് സൂപ്പർ താരം ലയണൽ മെസ്സി ആയിരുന്നു. 67ാ൦ മിനിറ്റിൽ ലെപ്‌സിഗ് പ്രതിരോധക്കാരിൽ നിന്നും പന്ത് പിടിച്ചെടുത്ത എംബാപ്പെ ലെപ്‌സിഗ് ഗോളിയെ മറികടന്ന് പന്ത് ഗോളിലേക്ക് പായിച്ചെങ്കിലും പന്ത് പോസ്റ്റിൽ തട്ടി തെറിച്ചെങ്കിലും ഓടിയടുത്ത മെസ്സി പന്തിനെ വലയിലേക്ക് തന്നെ തട്ടിയിടുകയായിരുന്നു.

    തുടർന്ന് 74ാ൦ മിനിറ്റിൽ എംബാപ്പെയെ ബോക്‌സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയിലൂടെയാണ് മെസ്സി തന്റെ രണ്ടാം ഗോൾ നേടിയത്. പെനാൽറ്റിയെടുക്കാൻ എംബാപ്പെ മെസ്സിക്ക് പന്ത് കൈമാറി. തുടർന്ന് അതിമനോഹരമായ ഒരു പനേങ്ക കിക്കിലൂടെ ലക്ഷ്യം കണ്ട മെസ്സി പിഎസ്ജിക്ക് ലീഡ് നൽകുകയായിരുന്നു.


    സമനില ഗോൾ നേടാനായി ലെപ്‌സിഗ് ശ്രമിച്ചെങ്കിലും ഫലം കാണാനായില്ല. പിന്നീട് മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ലീഡ് ഉയർത്താൻ പിഎസ്ജിക്ക് അവസരം ലഭിച്ചെങ്കിലും എംബാപ്പെ അവസരം പാഴാക്കുകയായിരുന്നു. പിഎസ്ജി താരം അഷ്‌റഫ് ഹക്കീമിയെ ബോക്സിൽ വീഴ്ത്തിയതിന് വാർ പരിശോധനയിലൂടെയാണ് റഫറി പിഎസ്ജിക്ക് പെനാൽറ്റി അനുവദിച്ചത്. ഹാട്രിക്കിന് അരികിൽ ആയിരുന്നെങ്കിലും മെസ്സി എംബാപ്പെയെ പെനാൽറ്റി എടുക്കാൻ ക്ഷണിക്കുകയായിരുന്നു. എന്നാൽ ഫ്രഞ്ച് താരമെടുത്ത കിക്ക് ക്രോസ്ബാറിന് മുകളിലൂടെ പറന്ന് പോവുകയായിരുന്നു. മത്സരത്തിന്റെ അവസാന നിമിഷം ആയിരുന്നതിനാൽ എംബാപ്പെയുടെ പെനാൽറ്റി പിഎസ്ജിയുടെ മത്സരഫലത്തെ ബാധിച്ചില്ല. മത്സരത്തിലെ ജയത്തോടെ മൂന്ന് കളികളിൽ നിന്നും ഏഴ് പോയിന്റുമായി ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്താണ് പിഎസ്ജി, ആറ് പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് രണ്ടാം സ്ഥാനത്ത്.


    ആവേശപ്പോരിൽ അത്ലറ്റികോ മാഡ്രിഡിനെ വീഴ്ത്തി ലിവർപൂൾ

    അത്യന്തം നാടകീയവും ആവേശകരവുമായ പോരാട്ടത്തിൽ അത്ലറ്റികോ മാഡ്രിഡിനെ കീഴടക്കി ലിവർപൂൾ. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ചെമ്പട ജയം സ്വന്തമാക്കിയത്. ഇരു ടീമുകളും ബലാബലം നിന്ന് പോരാടിയ മത്സരത്തിൽ അത്ലറ്റികോ താരം അന്റോയിൻ ഗ്രീസ്മാന് ലഭിച്ച റെഡ് കാർഡാണ് മത്സരത്തിന്റെ വിധി നിർണയിച്ചത്.

    എട്ടാം മിനിറ്റിൽ മുഹമ്മദ് സലായും 13ാ൦ മിനിറ്റിൽ നാബി കീറ്റയും നേടിയ ഗോളിൽ രണ്ട് ഗോളിന് മുന്നിലെത്തിയ ലിവർപൂളിനെ 20, 34 മിനിറ്റുകളിൽ ഗോൾ നേടിയ ഗ്രീസ്മാൻ സമനിലയിൽ പിടച്ചു. രണ്ടാം പകുതിയിൽ 52ാ൦ മിനിറ്റിൽ ലിവർപൂൾ താരം ഫിർമിനോയെ ഫൗൾ ചെയ്തതിന് ഗ്രീസ്മാന് റെഡ് കാർഡ് ലഭിച്ചതോടെ കളി ലിവർപൂളിന്റെ നിയന്ത്രണത്തിലാവുകയായിരുന്നു. പിന്നീട് 78ാ൦ മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ സലാ ലിവർപൂളിന്റെ മൂന്നാം ഗോൾ നേടി അവർക്ക് വിജയമൊരുക്കുകയായിരുന്നു.


    മത്സരത്തിലെ ജയത്തോടെ മൂന്ന് കളികളിൽ നിന്നും ഒമ്പത് പോയിന്റോടെ ലിവർപൂൾ ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചു. മൂന്ന് മത്സരങ്ങളിൽ നിന്നും നാല് പോയിന്റുമായി അത്ലറ്റികോ രണ്ടാം സ്ഥാനത്താണ്.

    അഞ്ചടിച്ച് പെപ്പും സംഘവും; ക്ലബ് ബ്രൂഗിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് വമ്പൻ ജയം

    ബെൽജിയം ക്ലബായ ബ്രുഗിനെതിരെ അനായാസ ജയമാണ് മാഞ്ചസ്റ്റർ സിറ്റി നേടിയത്. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് സിറ്റി എതിരാളികളെ തകർത്തുവിട്ടത്. പിഎസ്ജിയെ സമനിലയിൽ പിടിച്ച അതേ പോരാട്ടവീര്യം ബെൽജിയം ക്ലബ് സിറ്റിക്കെതിരെയും പുറത്തെടുക്കുമെന്നാണ് ഏവരും കരുതിയിരുന്നതെങ്കിലും അവരെ നിസാരരാക്കിയാണ് സിറ്റി ജയം നേടിയത്. സിറ്റിക്കായി റിയാദ് മഹ്റെസ് ഇരട്ട ഗോളുകൾ നേടി. ജാവോ കാൻസലോ, കൈൽ വാക്കർ, കോൾ പാമർ എന്നിവരാണ് സിറ്റിയുടെ മറ്റ് ഗോൾ സ്കോറർമാർ. ഹാൻസ് വനാകെൻ ബ്രുഗിന്റെ ആശ്വാസ ഗോൾ നേടി.


    മറ്റ് മത്സരങ്ങളിൽ റയൽ മാഡ്രിഡ് ഷാക്തറിനെയും അയാക്സ് ഡോർട്മുണ്ടിനെയും ഇന്റർ മിലാൻ ഷെരീഫിനെയും എഫ് സി പോർട്ടോ മിലാനെയും തോൽപ്പിച്ചു.
    Published by:Naveen
    First published: