നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • UEFA Nations League |യുവേഫ നേഷന്‍സ് ലീഗ് കിരീടം ഫ്രാന്‍സിന്; ബെന്‍സിമയും എംബപ്പെയും വിജയശില്‍പ്പികള്‍

  UEFA Nations League |യുവേഫ നേഷന്‍സ് ലീഗ് കിരീടം ഫ്രാന്‍സിന്; ബെന്‍സിമയും എംബപ്പെയും വിജയശില്‍പ്പികള്‍

  വിജയത്തോടെ ലോകകപ്പ്, യൂറോകപ്പ്, യുവേഫ നേഷന്‍സ് കിരീടങ്ങള്‍ നേടുന്ന ആദ്യ രാജ്യമായും ഫ്രാന്‍സ് മാറി.

  Credit: Twitter

  Credit: Twitter

  • Share this:
   യുവേഫ നേഷന്‍സ് ലീഗ് കിരീടവും ലോക ഫുട്‌ബോള്‍ ചാമ്പ്യന്‍മാരായ ഫ്രാന്‍സ് സ്വന്തമാക്കി. പൊരുതിക്കളിച്ച സ്‌പെയ്‌നിന്റെ യുവനിരയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് ഫ്രാന്‍സ് കിരീടം സ്വന്തമാക്കിയത്.

   സെമി ഫൈനലിലെ പോലെ തന്നെ വമ്പന്‍ തിരിച്ച് വരവിലൂടെയാണ് ത്രില്ലര്‍ മത്സരത്തില്‍ ഫ്രാന്‍സ് ജയം പിടിച്ചെടുത്തത്. സ്‌പെയ്‌ന് വേണ്ടി ഒയര്‍സബാല്‍ ഗോള്‍ നേടിയപ്പോള്‍ കെരിം ബെന്‍സിമയും എംബപ്പെയുമാണ് ഫ്രാന്‍സിനായി ഗോളടിച്ചത്. യൂറോ കപ്പിലെ തിരിച്ചടിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട ഫ്രാന്‍സ് മികച്ച ജയമാണ് ഇന്ന് നേടിയത്.


   ഇരുടീമുകളും പരസ്പരബഹുമാനത്തോടെ കളിച്ച മത്സരത്തിന്റെ ആദ്യപകുതിയില്‍ മികച്ച അവസരങ്ങളൊന്നും പിറന്നില്ലെന്നു മാത്രമല്ല, ആക്രമണത്തില്‍ രണ്ടു ടീമുകളും പിന്നിലുമായിരുന്നു. സ്‌പെയിന്‍ പതിവുപോലെ പന്തിന്മേല്‍ ആധിപത്യം പുലര്‍ത്തി മുന്നേറിയപ്പോള്‍ പ്രത്യാക്രമണശൈലിയിലാണ് ഫ്രാന്‍സ് കളിച്ചത്. എന്നാല്‍ ആദ്യപകുതിയില്‍ ഗോള്‍കീപ്പര്‍മാരെ ചെറുതായെങ്കിലും പരീക്ഷിക്കാന്‍ പോലും രണ്ടു ടീമുകള്‍ക്കും കഴിഞ്ഞില്ല.


   രണ്ടാം പകുതിയിലാണ് കലാശപ്പോരാട്ടത്തിലെ മൂന്നു ഗോളുകളും പിറന്നത്. 64ആം മിനിറ്റില്‍ ഒയര്‍സബാല്‍ നേടിയ ഗോളിലൂടെ സ്‌പെയ്‌നാണ് മുന്നിലെത്തിയത്. സെര്‍ജിയോ ബുസ്‌കെറ്റ്‌സില്‍ നിന്നും ത്രൂ ബോള്‍ സ്വീകരിച്ച ഒയര്‍സബാല്‍ ഫ്രാന്‍സിന്റെ വലയിലേക്കടിച്ചു കയറ്റി. എന്നാല്‍ ആഘോഷത്തിന് രണ്ട് മിനിറ്റിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളു.


   മത്സരം സ്‌പെയ്‌നിനോടൊപ്പം എന്ന് തോന്നിച്ചതിന് പിന്നാലെ കരീം ബെന്‍സിമയുടെ ഗോളില്‍ ഫ്രാന്‍സ് സമനില നേടി. ഗോളിന് വഴിയൊരുക്കിയത് കിലിയന്‍ എംബപ്പെയായിരുന്നു. കളിയുടെ തുടക്കത്തില്‍ താളം കണ്ടെത്താനായി വിഷമിച്ച എംബപ്പെ പിന്നീട് കളിയുടെ ചുക്കാന്‍ പിടിച്ച കാഴ്ച്ചയായിരുന്നുകാണാന്‍ കഴിഞ്ഞത്. സ്പാനിഷ് ഗോള്‍ കീപ്പറുടെ കീഴിലുടെ എംബപ്പെ ഫ്രാന്‍സിന്റെ വിജയ ഗോളും നേടി. സ്പാനിഷ് താരങ്ങളുടെ ഓഫ് സൈഡ് പ്രതിഷേധത്തിനൊടുവിലായിരുന്നു റഫറി ഗോളനുവധിച്ചത്.

   സമനില ഗോളിനായി തുടര്‍ന്നുള്ള നിമിഷങ്ങള്‍ കിണഞ്ഞു പരിശ്രമിച്ച സ്‌പെയ്‌ന് ഒയര്‍സബാല്‍ നഷ്ടപ്പെടുത്തിയ സുവര്‍ണാവസരമടക്കം നിരവധി ചാന്‍സുകള്‍ ലഭിച്ചെങ്കിലും ഹ്യൂഗോ ലോറിസിന്റെ മിന്നുന്ന സേവുകളും പരിചയസമ്പത്തു കൊണ്ട് അതിനെ മറികടന്ന ഫ്രാന്‍സ് 2018 ലോകകപ്പിനു ശേഷം ആദ്യത്തെ കിരീടം നേടുകയായിരുന്നു. വിജയത്തോടെ ലോകകപ്പ്, യൂറോകപ്പ്, യുവേഫ നേഷന്‍സ് കിരീടങ്ങള്‍ നേടുന്ന ആദ്യ രാജ്യമായും ഫ്രാന്‍സ് മാറി.
   Published by:Sarath Mohanan
   First published:
   )}