യൂറോ കപ്പ് ടൂർണമെന്റിലെ ടീമിനെ തിരഞ്ഞെടുത്ത് യുവേഫ. ടൂർണമെന്റിൽ മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങൾ ഉൾപ്പെട്ട ടീമിൽ കിരീട ജേതാക്കളായ ഇറ്റലിയിൽ നിന്നുമാണ് കൂടുതൽ താരങ്ങൾ ഉൾപ്പെട്ടിട്ടുള്ളത്. ഇറ്റാലിയൻ ടീമിൽ നിന്നും അഞ്ച് കളിക്കാരാണ് യുവേഫയുടെ ടീമിൽ ഉൾപ്പെട്ടത്. അതേസമയം ടൂർണമെന്റിൽ കൂടുതൽ ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് കരസ്ഥമാക്കിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ടീമിൽ ഇടം ലഭിച്ചിട്ടില്ല. ടൂർണമെന്റിൽ അഞ്ച് ഗോളുകൾ നേടിയ റൊണാൾഡോയ്ക്ക് ടീമിൽ ഇടം ലഭിക്കാത്തത്തിനെ ചൊല്ലി ആരാധകർ സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയർത്തുന്നുണ്ട്. ടൂർണമെന്റിലെ മറ്റൊരു ശ്രദ്ധേയ അസാന്നിധ്യം ഫ്രാൻസിന് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുത്ത പോൾ പോഗ്ബയുടേതാണ്.
റൊണാൾഡോയുടെ അസാന്നിധ്യം ഒഴിച്ചാൽ വളരെ ശക്തമായ ഒരു ടീമിനെ തന്നെയാണ് യുവേഫ പ്രഖ്യാപിച്ചിട്ടുള്ളത്. അഞ്ച് ഇറ്റലിക്കാർ ഉൾപ്പെട്ട ടീമിൽ ഫൈനലിൽ അവരോട് പരാജയപ്പെട്ട ഇംഗ്ലണ്ടിന്റെ മൂന്ന് താരങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളത്. ടീമിലെ ബാക്കിയുള്ള താരങ്ങൾ സ്പെയിൻ, ഡെന്മാർക്ക്, ബെൽജിയം എന്നീ ടീമുകളിൽ നിന്നുമാണ്.
ടൂർണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയ ഇറ്റലിയുടെ ജിയാൻലൂയിജി ഡൊണ്ണരുമ്മയാണ് ടീമിലെ ഗോൾകീപ്പർ. പ്രതിരോധ നിരയിലെ നാല് താരങ്ങളും ടൂർണമെന്റിലെ ഫൈനൽ മത്സരം കളിച്ചവരാണ്. വിങ് ബാക്കുകളായി വലത് വശത്ത് ഇംഗ്ലണ്ടിന്റെ കെയ്ൽ വാക്കറും ഇടത് വശത്ത് ഇറ്റലിയുടെ സ്പിനാസോളയും ഇടം പിടിച്ചപ്പോൾ സെന്റർ ബാക്കുകളായി ഹാരി മഗ്വയറും വെറ്ററൻ താരമായ ലിയനാർഡോ ബൊന്നുച്ചിയും ഇടം നേടി.
മധ്യനിരയിൽ ഇറ്റാലിയൻ താരം ജോർജീഞ്ഞോ, ഡെന്മാർക്ക് താരം ഹൊജ്ബെർഗ് എന്നിവർക്കൊപ്പം ടൂർണമെന്റിലെ മികച്ച യുവതാരത്തിനുള്ള പുരസ്കാരം നേടിയ സ്പെയിനിന്റെ പെഡ്രിയും ഇടം നേടി. മുന്നേറ്റനിരയിൽ ഇറ്റാലിയൻ ടീമിന് വേണ്ടി അപ്രതീക്ഷിത പ്രകടനം നടത്തിയ ഫെഡറിക്കോ കിയേസക്കൊപ്പം ഇംഗ്ലണ്ടിന്റെ സ്റ്റെർലിംഗും ബെൽജിയത്തിന്റെ സൂപ്പർ സ്‌ട്രൈക്കറായ ലുക്കാക്കുവുമാണ് ഇടം നേടിയത്.
👕🙌 Introducing the official Team of the Tournament for #EURO2020
Who would be your captain? 🤔 pic.twitter.com/goGLi6qQzj
— UEFA EURO 2020 (@EURO2020) July 13, 2021
യൂറോ 2020 ടീം ഓഫ് ദി ടൂർണമെന്റ്:
ഗോൾകീപ്പർ: ജിയാൻലൂയിജി ഡൊണ്ണരുമ്മ (ഇറ്റലി)
പ്രതിരോധനിര : കെയ്ൽ വാക്കർ (ഇംഗ്ലണ്ട്), ലിയനാർഡോ ബൊനുച്ചി (ഇറ്റലി), ഹാരി മാഗ്വയർ (ഇംഗ്ലണ്ട്), ലിയനാർഡോ സ്പിനോസോള (ഇറ്റലി)
മധ്യനിര: എമിലി ഹൊജ്ബെർഗ് (ഡെന്മാർക്ക്), ജോർജീഞ്ഞോ (ഇറ്റലി), പെഡ്രി (സ്പെയിൻ)
മുന്നേറ്റനിര: ഫെഡറികോ കിയേസ (ഇറ്റലി), റൊമേലു ലുക്കാക്കു (ബെൽജിയം), റഹീം സ്റ്റെർലിങ് (ഇംഗ്ലണ്ട്)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cristiano ronaldo, England, Euro 2020, Euro cup, Italy