HOME » NEWS » Sports » UEFA TO TAKE ACTION AGAINST ENGLAND FOR MISCONDUCT BY FANS

ആരാധകരുടെ മോശം പെരുമാറ്റം; ഇംഗ്ലണ്ടിനെതിരെ നടപടിയെടുക്കാന്‍ യുവേഫ

പ്രധാനമായും നാല് കുറ്റങ്ങളിലാണ് ഇംഗ്ലണ്ടിനെതിരെ യുവേഫ നടപടി എടുക്കുക.

News18 Malayalam | news18-malayalam
Updated: July 14, 2021, 11:37 AM IST
ആരാധകരുടെ മോശം പെരുമാറ്റം; ഇംഗ്ലണ്ടിനെതിരെ നടപടിയെടുക്കാന്‍ യുവേഫ
Rashford-AP
  • Share this:
യൂറോ കപ്പ് ഫൈനലിന് മുമ്പും ശേഷവും ഇംഗ്ലണ്ട് ആരാധകര്‍ക്കെതിരെ വലിയ തോതിലുള്ള പരാതികള്‍ ഉയര്‍ന്നതിനെതുടര്‍ന്ന് നടപടിയെടുക്കാന്‍ യുവേഫ. യുവേഫ തീരുമാനം 2030 ലോകകപ്പിന്റെ അതിഥേയത്വം ലഭിക്കാന്‍ രംഗത്തുള്ള ഇംഗ്ലണ്ടിനും, എഫ്എയ്ക്കും കനത്ത തിരിച്ചടിയായേക്കും. സമഭാവനയുടെയും സമത്വത്തിന്റെയും സന്ദേശങ്ങള്‍ ലോകമെമ്പാടുമുളള മനുഷ്യരിലേക്ക് പടര്‍ത്താന്‍ സഹായിക്കുന്ന മത്സരമെന്നാണ് ഫുട്‌ബോള്‍ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ അതിന്റെ ആരാധകര്‍ എങ്ങിനെയായിരിക്കരുത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായി മാറിയിരുക്കുകയാണ് ഇംഗ്ലണ്ട് ആരാധകര്‍.

55 വര്‍ഷത്തിന് ശേഷം ഒരു കിരീടം നേടാനുള്ള ഇംഗ്ലണ്ടിന്റെ സുവര്‍ണാവസരമാണ് സ്വന്തം നാട്ടില്‍ തകര്‍ന്നടിഞ്ഞത്. മത്സരത്തില്‍ തോറ്റതിനു പിന്നാലെ സ്വന്തം ടീമിലെ താരങ്ങള്‍ക്കെതിരെ തന്നെ കടുത്ത വംശീയാധിക്ഷേപമാണ് ഇംഗ്ലണ്ട് ആരാധകര്‍ ഉയര്‍ത്തിയത്. ഇംഗ്ലണ്ടിന്റെ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ റാഷ്ഫോര്‍ഡ്, ജാഡന്‍ സാഞ്ചോ, ബുകായോ സാക്ക എന്നിവരായിരുന്നു ഇതിന്റെ ഇരകള്‍. ഇതു കൂടാതെ മാഞ്ചസ്റ്ററിലെ തെരുവിലുണ്ടായിരുന്ന റാഷ്ഫോര്‍ഡിന്റെ ചുമര്‍ചിത്രവും ഇംഗ്ലണ്ടിന്റെ തെമ്മാടിക്കൂട്ടങ്ങള്‍ വികൃതമാക്കിയിരുന്നു. ചുമര്‍ ചിത്രത്തിനടുത്ത് മാലിന്യങ്ങള്‍ നിക്ഷേപിച്ചും ചിത്രത്തിന് മുകളില്‍ എഴുതിവെച്ചുമെല്ലാം ആണ് റാഷ്ഫോര്‍ഡിന്റെ ചിത്രം വൃകൃതമാക്കിയത്.

സ്വന്തം ടീമിലെ താരങ്ങള്‍ക്കെതിരെ മാത്രമല്ല, മത്സരം കാണാനെത്തിയ ഇറ്റാലിയന്‍ ആരാധകര്‍ക്കെതിരെയും ഇംഗ്ലണ്ട് ഫാന്‍സ് ആക്രമണം അഴിച്ചു വിട്ടിരുന്നു. ഫൈനലിനു ശേഷം സ്റ്റേഡിയത്തിന്റെ ഗേറ്റ് വഴി പുറത്തേക്കു വരുന്ന ഇറ്റലിയുടെ ആരാധകര്‍ ഓരോരുത്തരെയായി ഇംഗ്ലണ്ട് ആരാധകര്‍ കാത്തിരുന്ന് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇറ്റാലിയന്‍ ആരാധകര്‍ക്ക് പുറമെ കറുത്ത വര്‍ഗക്കാരായ ആളുകളെയും ഇംഗ്ലണ്ട് ആരാധകര്‍ ആക്രമിക്കുന്നുണ്ട്.

പ്രധാനമായും നാല് കുറ്റങ്ങളിലാണ് ഇംഗ്ലണ്ടിനെതിരെ യുവേഫ നടപടി എടുക്കുക എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. ഫൈനല്‍ മത്സരം തടസ്സപ്പെടുത്തി ഒരാള്‍ ഗ്രൗണ്ടില്‍ അതിക്രമിച്ച് കയറി, ഇറ്റാലിയന്‍ ദേശീയ ഗാനം ആലപിക്കുമ്പോള്‍ ഇംഗ്ലീഷ് കാണികള്‍ അപമര്യാധയായി പെരുമാറി, സ്റ്റേഡിയത്തിന് പുറത്തും അകത്തും ഉള്ള കാണികളുടെ പെരുമാറ്റം. ഇതില്‍ യുവേഫ നിയമിക്കുന്ന എത്തിക്‌സ് ആന്റി ഡിസിപ്ലനറി ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷമായിരിക്കും ഇംഗ്ലണ്ടിനെതിരായ നടപടി തീരുമാനിക്കുക.

ഫൈനലില്‍ മാത്രമല്ല സെമിഫൈനലിലും ഇംഗ്ലണ്ട് ആരാധകര്‍ വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു. സെമി ഫൈനലില്‍ ഡെന്‍മാര്‍ക്ക് ഗോള്‍കീപ്പര്‍ കാസ്പര്‍ ഷ്മൈക്കേലിന്റെ മുഖത്തേക്ക് ആരാധകര്‍ ലേസര്‍ രശ്മികള്‍ അടിച്ചതിന് യുവേഫ ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന് മുപ്പതിനായിരം യൂറോ പിഴ ചുമത്തിയിരുന്നു. പെനാല്‍റ്റി നേരിടാന്‍ തയ്യാറെടുക്കുകയായിരുന്ന ഡെന്മാര്‍ക്ക് ഗോള്‍ കീപ്പര്‍ കാസ്പര്‍ ഷ്മൈക്കേലിന്റെ മുഖത്തേക്ക് ഇംഗ്ലണ്ട് ആരാധകര്‍ ലേസര്‍ ലൈറ്റ് പ്രയോഗിക്കുകയായിരുന്നു. ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്നെടുത്ത പെനാല്‍റ്റി ഗോളാകുകയും മത്സരത്തില്‍ 2-1ന് ഇംഗ്ലണ്ട് വിജയിക്കുകയുമാണ് ചെയ്തത്. സെമി ഫൈനലില്‍ ഡെന്‍മാര്‍ക്കിന്റെ ദേശീയ ഗാനം ആലപിച്ചപ്പോള്‍ ഇംഗ്ലീഷ് ആരാധകര്‍ കൂവിയതും യുവേഫ അന്വേഷിച്ചിരുന്നു.
Published by: Sarath Mohanan
First published: July 14, 2021, 11:37 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories