ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നടപടി മാത്രമാണ് പ്രശ്നമായതെന്നും മതപരമായ കാരണങ്ങളാല്‍ ചെയ്യുന്ന പ്രവൃത്തികളാണെങ്കില്‍ അത് മനസിലാക്കാവുന്നതാണെന്നും മാര്ട്ടിന് കാല്ലെന്‍ കൂട്ടിച്ചേര്‍ത്തു.
യൂറോ കപ്പ് മത്സരങ്ങള്‍ക്കിടയിലെ വാര്‍ത്താ സമ്മേളനങ്ങളില്‍ ടൂര്‍ണമെന്റിന്റെ ഔദ്യോഗിക സ്പോണ്‍സര്‍മാരുടെ ഉല്‍പ്പന്നങ്ങള്‍ താരങ്ങള്‍ എടുത്തു മാറ്റുന്ന സംഭവങ്ങളില്‍ പ്രതികരിച്ചുകൊണ്ട് യുവേഫ രംഗത്തെത്തിയിരിക്കുന്നു. ടൂര്‍ണമെന്റില്‍ സ്പോണ്‍സര്‍മാരുമായി കരാര്‍ ഉണ്ടെന്ന കാര്യം താരങ്ങള്‍ വിസ്മരിക്കരുതെന്ന് യുവേഫ താരങ്ങളോട് നിര്‍ദേശിച്ചു. കളിക്കാര്‍ ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ഉടന്‍ നിര്‍ത്തണമെന്നും യുവേഫ ആവശ്യപ്പെട്ടു. പോര്‍ച്ചുഗല്‍ താരം റൊണാള്‍ഡോയുടെ പ്രവൃത്തി കാരണം കൊക്ക കോളയ്ക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് യുവേഫയുടെ പ്രതികരണം.
സ്പോണ്‍സര്‍മാരുടെ വരുമാനം യൂറോപ്യന്‍ ഫുട്ബോളിനെ സംബന്ധിച്ച് നിര്‍ണായകമാണെന്ന് യൂറോ 2020 ടൂര്‍ണമെന്റ് ഡയറക്ടര്‍ മാര്ട്ടിന് കാല്ലെന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അതേസമയം, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നടപടി മാത്രമാണ് പ്രശ്നമായതെന്നും മതപരമായ കാരണങ്ങളാല്‍ ചെയ്യുന്ന പ്രവൃത്തികളാണെങ്കില്‍ അത് മനസിലാക്കാവുന്നതാണെന്നും മാര്ട്ടിന് കാല്ലെന്‍ കൂട്ടിച്ചേര്‍ത്തു. റൊണാള്‍ഡോയ്ക്ക് പിന്നാലെ പോള്‍ പോഗ്ബ ഹെനികിന് ബീയര്‍ കുപ്പി മാറ്റിവെച്ച സംഭവമാണ് കാല്ലെന്‍ സൂചിപ്പിച്ചത്.
ഹംഗറിയും പോര്‍ച്ചുഗലും തമ്മിലുള്ള മത്സരത്തിന് മുമ്പ് റൊണാള്‍ഡോയും പരിശീലകനും നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൊക്ക കോളയുടെ കുപ്പി എടുത്തുമാറ്റി പകരം വെള്ളകുപ്പികള്‍ ഉയര്‍ത്തി കാണിച്ചത്. വാര്‍ത്താ സമ്മേളനത്തിനായി വന്നിരുന്ന റൊണാള്‍ഡോയുടെ കൈകള്‍ ആദ്യം തന്നെ പോയത് മുന്നില്‍ വെച്ച രണ്ട് കൊക്കോ കോളയുടെ കുപ്പികളിലേക്കാണ്. തുടര്‍ന്ന് കുപ്പികള്‍ എടുത്തു മാറ്റുകയും അടുത്തുണ്ടായിരുന്ന വെള്ളക്കുപ്പി ഉയര്‍ത്തിക്കാണിക്കുകയും ചെയ്യുന്ന ക്രിസ്റ്റ്യാനോയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വളരെ പെട്ടെന്ന് തന്നെ വൈറലായിരുന്നു.
താരം കുപ്പികള്‍ എടുത്തുമാറ്റുന്നതിന്റെ വീഡിയോ പുറത്തു വന്നതിന് പിന്നാലെ കൊക്ക കോളയുടെ ഓഹരി വില 1.6 ശതമാനം ഇടിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 242 ബില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് 238 ബില്യണ്‍ ഡോളറിലേക്കാണ് കൊക്ക കോളയുടെ ഓഹരിവില ഇടിഞ്ഞത്. ഏകദേശം 4 ബില്യണ്‍ യുഎസ് ഡോളറിന്റെ നഷ്ടമാണ് ലോകം മുഴുവന്‍ ആരാധകരുള്ള താരത്തിന്റെ ചെറിയൊരു പ്രവൃത്തി മൂലം കമ്പനിക്ക് ഉണ്ടായതെന്ന് ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്രിസ്റ്റ്യാനോയ്ക്ക് പിന്നാലെ സമാനമായ പ്രവൃത്തിയുമായി ഫ്രാന്‍സ് മധ്യനിര താരം പോഗ്ബയും എത്തിയിരുന്നു. തന്റെ മുന്പിലിരുന്ന ഹെനികിന്റെ ബിയര്‍ കുപ്പിയാണ് പോഗ്ബ എടുത്ത് മാറ്റിയത്. ഇസ്ലാം മതവിശ്വാസിയാണ് പോഗ്ബ എന്നതാണ് താരത്തിന്റെ ഈ പ്രവൃത്തിക്ക് പിന്നിലുള്ള പ്രധാന കാരണം. ഇസ്ലാം മതവിശ്വാസിയായ പോഗ്ബ മദ്യ ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ അഭിനയിക്കാറില്ല. 2019ലാണ് അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചത്. ഇതിന് ശേഷം ടീമിന്റെ ഷാംപെയ്ന്‍ ആഘോഷങ്ങളില്‍ നിന്നുപോലും അദ്ദേഹം വിട്ടുനില്‍ക്കാറാണ് പതിവ്.
ഇവരെക്കൂടാതെ ഇറ്റലി താരം മാനുവല്‍ ലൊക്കാറ്റലിയും വാര്‍ത്താ സമ്മേളനത്തില്‍ കൊക്ക കോള കുപ്പികള്‍ എടുത്ത് മാറ്റിയിരുന്നു. അവസാന മത്സരത്തില്‍ ഇരട്ട ഗോളോടെ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മാധ്യമങ്ങളെ കാണാനെത്തിയപ്പോഴാണ് ക്രിസ്റ്റ്യാനോയുടെ മാതൃക ലൊക്കാറ്റലിയും പിന്തുടര്ന്നത്. വെള്ളക്കുപ്പി തന്റെ മുന്‍പിലേക്ക് വെക്കുകയും കൊക്ക കോള കുപ്പികള്‍ തന്റെ അടുത്ത് നിന്ന് മാറ്റി വെക്കുകയുമാണ് ലൊക്കാറ്റലി ചെയ്തത്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.